ദോഫാർ ഉണരുന്നു; ടൂറിസം ഫെസ്റ്റിവലിന് നാളെ തുടക്കം
text_fieldsദോഫാർ
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി നടക്കുന്ന സലാല ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. പതിവിൽനിന്ന് വ്യത്യസ്ഥമായി ഈ വർഷം 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങളും ഇതിനകം അധികൃതർ നടപ്പാക്കിയിട്ടുണ്ട്. പെരുന്നാൾ അവധിയായതിനാൽ സഞ്ചാരികൾ ഇവിടേക്ക് വരും ദിവസങ്ങളിൽ ഒഴുകും. നിലവിലുള്ളതിനോടൊപ്പം പുതിയ സ്ഥലങ്ങളിലേക്കും ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ വ്യാപിപ്പിക്കും. അൽ മുറൂജ് തിയേറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്ട്ര പരിപാടികൾ ഇത്തീൻ സ്ക്വയറിൽ നടക്കും. ഇത്തീൻ സ്ക്വകയറിൽ സ്പോർട്സ് ചലഞ്ച് ഫീൽഡ്, ലൈറ്റ് ആൻഡ് ലേസർ ഷോകൾ, സന്ദർശക സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയതും ആകർഷകവുമായ കാര്യങ്ങളായിരിക്കും ഒരുക്കുക.
ഈ സീസണിൽ ഉപഭോക്തൃ പ്രദർശനം സംഘടിപ്പിക്കുന്നതിന് വ്യത്യസ്തമായ സമീപനവും ഉണ്ടാകും. സദ ഏരിയയിൽ ആദ്യമായി ‘റിട്ടേൺ ടു പാസ്റ്റ്’ എന്നപേരിലും പ്രവർത്തനങ്ങൾ നടത്തും. പരമ്പരാഗത കലകൾ, പൈതൃക വിപണികൾ, വൈവിധ്യമാർന്ന കരകൗശല ഉൽപന്നങ്ങൾ, ഒമാനി സംസ്കാരം ഉൾക്കൊള്ളുന്ന തത്സമയ കലകളും പ്രകടനങ്ങളുമായിരിക്കും ഇവിടെ അവതരിപ്പിക്കുക. അന്താരാഷ്ട്ര ഗ്രാമങ്ങൾ, അമ്യൂസ്മെന്ററ് ഏരിയകൾ, വിനോദ പ്രവർത്തനങ്ങൾ, ലൈറ്റ് മോഡലുകൾ, വിവിധ റസ്റ്ററൻറുകൾ, കഫേകൾ എന്നിവയുള്ള ഔക്കാദ് പാർക്ക് കുട്ടികൾക്കായി പ്രത്യേകം ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു. സ്പോർട്സിനെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനുള്ള അവബോധം വളർത്തുന്നതിനുമായി വിവിധ പ്രായക്കാരെ ലക്ഷ്യമിട്ടുള്ള കായിക പ്രവർത്തനങ്ങൾ സലാല പബ്ലിക് പാർക്കിലും നടക്കും. ബന്ധപ്പെട്ട ഒമാനി അധികൃതരുമായി സഹകരിച്ച് സാംസ്കാരിക-സാഹിത്യ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി ദോഫാർ ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. അന്താരാഷ്ട്ര സംഘങ്ങൾ നാടക അവതരിപ്പിക്കും.
ഈ സീസണിൽ ഒമാനിലെയും അറബ് കലാകാരന്മാരുടെയും കലാകച്ചേരികളും ഉണ്ടാകും. ഫെസ്റ്റിവലിന്റെ മുൻ പതിപ്പുകളെപോലെ ഈ വർഷവും റെക്കോർഡ് സന്ദർശകരെയും വിനോദസഞ്ചാരികളെയും ആണ് പൈതൃക-ടൂറിസം മന്ത്രാലയം ഈ വർഷവും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഏകദേശം 9,62,000ആളുകളാണ് ദോഫാറിന്റെ പച്ചപ്പും തണുത്ത കാലവസ്ഥയും ആസ്വദിക്കാനായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

