ബർക്കയിലെയും റുസ്താക്കിലെയും ടൂറിസ-നഗര അടിസ്ഥാന സൗകര്യ പദ്ധതികൾ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: വിവിധ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനായി റുസ്താഖ്, ബർക്ക എന്നീ പ്രദേശങ്ങൾ തെക്കൻ ബാത്തിന ഗവർണർ എൻജിനീയർ മസൂദ് ബിൻ സഈദ് അൽ ഹാഷ്മി സന്ദർശിച്ചു. ടൂറിസം, നഗര അടിസ്ഥാന സൗകര്യങ്ങൾ, സമൂഹജീവിതം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പ്രധാന വികസന പദ്ധതികൾ അദ്ദേഹം വിലയിരുത്തി.
സന്ദർശകരെ ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താമസക്കാർക്ക് പുതിയ വിനോദ, സാംസ്കാരിക ഇടങ്ങൾ നൽകുന്നതിനുമായി ആധുനിക വിനോദസൗകര്യങ്ങൾ പൈതൃക സംരക്ഷണവുമായി സംയോജിപ്പിക്കുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം. രണ്ടാംഘട്ടം വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഐൻ അൽ കസ്ഫയാണ് ഗവർണർ ആദ്യം സന്ദർശിച്ചത്. തുടർന്ന് തുവേ അൽ ഹരാ മാർക്കറ്റ്, റുസ്താഖ് ഗേറ്റ് വികസനപദ്ധതികൾ എന്നിവയും പരിശോധിച്ചു. പിന്നീട് ബർക്കയിലെ ഖോർ അൽ ഹഫ്രി പദ്ധതി സന്ദർശിച്ചു. ദേശീയ വരുമാനം വൈവിധ്യവത്കരിക്കുന്നതിനും പ്രതിവർഷം ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നതിനുമുള്ള പ്രധാന സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഖോർ അൽ ഹഫ്രി പദ്ധതിയിൽ മറൈൻ ആക്ടിവിറ്റി ക്ലബ്, ജെറ്റ് സ്കീ വാടകക്ക് കൊടുക്കൽ കേന്ദ്രങ്ങൾ, റസ്റ്റാറന്റുകൾ, കഫേകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ഓട്ടം, സൈക്ലിങ് ട്രാക്കുകൾ, ഹരിത ഇടങ്ങൾ, പരിപാടികൾക്കും ഉത്സവങ്ങൾക്കുമുള്ള സ്ഥലങ്ങൾ എന്നിവ പോലുള്ള സംയോജിത സൗകര്യങ്ങൾ ഉണ്ടാകും. അടിസ്ഥാനസൗകര്യങ്ങളെ പിന്തുണക്കുന്നതിൽ റോഡുകൾ, ലൈറ്റിങ്, കാർ പാർക്കുകൾ, പ്രാർഥന, വിശ്രമമുറി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തും.
മറ്റൊരു മുൻനിര പദ്ധതിയായ ലുലുഅത്ത് അൽ ബത്തിന ഗവർണറേറ്റിന്റെ വിശാലമായ നഗരവികസന പദ്ധതിയുടെ ഭാഗമാണ്. പഴയ വിപണിയെ പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, നവീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രധാന സൗകര്യങ്ങൾ ഏകദേശം 6258 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്.ബർക്ക വാട്ടർഫ്രണ്ട് പദ്ധതി 70 ശതമാനവും മുസന്ന വാട്ടർഫ്രണ്ട് പദ്ധതി 40 ശതമാനവും പൂർത്തിയായതായി ഹാഷ്മി ചൂണ്ടിക്കാട്ടി.ബർക്കയിലെ സിലാഹ പ്രദേശത്തെ കിയോസ്ക്കുകൾ, പ്രൊമെനേഡുകൾ തുടങ്ങിയ അനുബന്ധ പദ്ധതികൾ ആധുനിക നഗര ഇടങ്ങൾക്കായുള്ള ഗവർണറേറ്റിന്റെ ദർശനത്തിന്റെ ഭാഗമായി പുരോഗമിക്കുന്നു.ഈ പദ്ധതികൾ താമസക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക, കായിക, ടൂറിസം പ്രവർത്തനങ്ങൾക്ക് ആകർഷകമായ ഇടങ്ങൾ നൽകുന്നതിനുമായാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

