‘ടൂർ ഓഫ് സലാല’ക്ക് ഉജ്ജ്വല സമാപനം
text_fieldsടൂർ ഓഫ് സലാല ദീർഘദൂര സൈക്ലിങ് മത്സരത്തിൽനിന്ന്
മസ്കത്ത്: ഖരീഫിൽ പച്ചപുതച്ചിരിക്കുന്ന സലാലയുടെ വീഥികൾക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് നടന്ന ടൂർ ഓഫ് സലാല ദീർഘദൂര സൈക്ലിങ് മത്സരത്തിന് ദോഫാർ ഗവർണറേറ്റിൽ സമാപനമായി.
ഒമാൻ സൈക്ലിങ് ഫെഡറേഷന്റെയും സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 15 ദേശീയ അന്തർദേശീയ ടീമുകളിലായി 90 സൈക്ലിങ് താരങ്ങൾ പങ്കെടുത്തു. അവസാന ഘട്ട മത്സരത്തിൽ മദാർ ടീമിലെ അൾജീരിയൻ സൈക്ലിസ്റ്റ് യാസിൻ ഹംസ വിജയം സ്വന്തമാക്കി.
മുഗ്സെയിൽ മുതൽ ദർബാത് വെള്ളച്ചാട്ടം വരെയുള്ള 133 കിലോമീറ്റർ ആയിരുന്നു മത്സരം. വിക്ടോറിയ ടീമിൽനിന്നുള്ള ബ്രസീലിയൻ സൈക്ലിസ്റ്റ് നിക്കോളാസ് സീസർ സ്വർണ ജഴ്സി അണിഞ്ഞ് ഓവറോൾ വിജയിയായി. 23 വയസ്സിന് താഴെയുള്ള റൈഡർമാർക്കുള്ള വെള്ള ജഴ്സി ഖത്തർ പ്രോ ടീമിലെ മൊറോക്കൻ സൈക്ലിസ്റ്റ് ഇബ്രാഹിം അൽ സബാഹി നേടിയപ്പോൾ ഡച്ച് സൈക്ലിസ്റ്റ് ക്വെൻറിൻ ഫ്ലിങ് ഗ്രീൻ ജഴ്സിയും സ്വന്തമാക്കി.
ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സെൻ അൽ ഗസ്സാനി വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സദ വിലായത്ത് മുതൽ മിർബത്ത് കോട്ട (131 കി.മീ), അൽ ദഹാരിസ് ബീച്ച് മുതൽ വാദി ദർബത്ത് (120 കി.മീ), അൽ ഹഫ മാർക്കറ്റ് മുതൽ ഇത്തീൻ പാർക്ക്(119 കി.മീ), മുഗ്സെയിൽ മുതൽ ദർബത് വെള്ളച്ചാട്ടം (133 കി.മീ) എന്നിങ്ങനെ നാല് ഘട്ടങ്ങളിലായായിരുന്നു ടൂർ ഓഫ് സലാല നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

