ആവേശ മലകയറി ടൂർ ഓഫ് ഒമാൻ; ക്രിസ്റ്റ്യൻ സ്കറോണി ജേതാവ്
text_fieldsടൂർ ഓഫ് ഒമാന്റെ ഫിനിഷിങ് ലൈനിലേക്ക് അടുക്കുന്ന ക്രിസ്റ്റ്യൻ
സ്കറോണിയുടെ ആഹ്ലാദം
ജേതാവായ ക്രിസ്റ്റ്യൻ സ്കറോണി സ്വർണ പതക്കവുമായി സെൽഫിയെടുക്കുന്നു
മസ്കത്ത്: അഞ്ചു ഘട്ടങ്ങളിലായി നടന്ന ടൂർ ഓഫ് ഒമാന്റെ ഏറ്റവും കഠിനമേറിയ ജബൽ അഖ്ദർ പാത താണ്ടി ഇറ്റാലിയൻ താരം ക്രിസ്റ്റ്യൻ സ്കറോണി വിജയക്കൊടി പാറിച്ചു. അവസാന ഘട്ടത്തിലെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് എക്സ്.ഡി.എസ് അസ്താന ടീമംഗമായ ക്രിസ്റ്റ്യൻ സ്കറോണി കിരീടം ചൂടിയത്. ജബൽ അഖ്ദർ മലമ്പാതയിലെ മികച്ച പ്രകടനമാണ് സ്കറോണയെ ജേതാവാക്കിയത്.
ടൂർ ഓഫ് ഒമാന്റെ അവസാന ഘട്ട മത്സരത്തിൽ സൈക്ലിങ് താരങ്ങൾ ജബൽ അഖ്ദർ ലക്ഷ്യമാക്കി കുതിക്കുന്നു
സ്കറോണിയുടെ ടീം അംഗമായ ക്രിസ്റ്റ്യൻ റോഡ്രിഗസ് രണ്ടാം സ്ഥാനവും മുൻ ജേതാവ് ആദം യേറ്റ്സ് മൂന്നാം സ്ഥാനവും നേടി. യു.എ.ഇ ടീം എമറേറ്റ്സ് അംഗമാണ് ആദം യേറ്റ്സ്. ടീം ജയ്കോ അൽ ഊലായുടെ സ്വിസ് താരം മൗറോ ഷ്മിഡ് നാലാമതായി ഫിനിഷ് ചെയ്തു. ടൂർ ഓഫ് ഒമാന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന ‘മസ്കത്ത് ക്ലാസിക്’ മത്സരത്തിൽ സ്വിസ് താരം മൗറോ ഷ്മിഡ് വിജയിയായിരുന്നു.
അന്താരാഷ്ട്ര സൈക്ലിങ് കലണ്ടറിൽ ഒമാനെ അടയാളപ്പെടുത്തുന്ന ടൂർ ഓഫ് ഒമാന്റെ 15ാം പതിപ്പാണ് വിജയകരമായി പൂർത്തിയായത്. ലോകത്തെ മുൻനിര സൈക്ലിസ്റ്റുകൾ പങ്കാളികളായ ടൂർണമെന്റിൽ ഇത്തവണ 18 ടീമുകളിലായി 146 റൈഡർമാർ മത്സരിച്ചു. 2010ൽ ആരംഭിച്ച ടൂർ ഓഫ് ഒമാൻ, ലോകമെമ്പാടുമുള്ള പ്രഫഷനൽ ടീമുകൾക്ക് സീസണിന്റെ തുടക്കത്തിലെ പ്രധാന മത്സരമായി ഇതിനകം തന്നെ അംഗീകാരം നേടിയിട്ടുണ്ട്. അഞ്ചുഘട്ടങ്ങളിലായാണ് ടൂർ ഓഫ് ഒമാൻ അരങ്ങേറിയത്. ഒന്നാംഘട്ടത്തിൽ അൽ ഖുവൈറിലെ കൊടിമരം മുതൽ ഖുറയ്യാത്തിലെ ഹാവിയത്ത് നജം വരെ 174.83 കിലോമീറ്റർ, രണ്ടാം ഘട്ടത്തിൽ സമൈലിലെ അൽ ഫൈഹയിൽനിന്ന് ആരംഭിച്ച് അൽ ഹംറയിലെ ജബൽ അൽ ഷർഖി വരെ 193.44 കിലോമീറ്റർ, മൂന്നാം ഘട്ടത്തിൽ റുസ്താഖ് കോട്ടയിൽനിന്ന് ഇതി ഹൈറ്റ്സ് വരെ 194.96 കിലോമീറ്റർ, നാലാം ഘട്ടത്തിൽ ബർക്കയിലെ അൽ സവാദി ബീച്ചിൽനിന്ന് സുഹാർ വരെ 151.26 കിലോമീറ്റർ എന്നിങ്ങനെ പിന്നിട്ട മത്സരാർഥികൾ, ബുധനാഴ്ച ക്വീൻ സ്റ്റേജ് ഘട്ടത്തിൽ നിസ്വയിൽനിന്ന് ജബൽ അൽ അഖ്ദർ വരെ 159.270 കിലോമീറ്ററാണ് താണ്ടിയത്. മത്സരത്തിന്റെ യഥാർഥ പരീക്ഷണഘട്ടമായിരുന്നു കഠിനപാതയായ അഞ്ചാം ഘട്ടം. മസ്കത്ത് ക്ലാസിക് നാലാം പതിപ്പിൽ 171 കിലോമീറ്ററായിരുന്നു ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

