വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെട്ടു
text_fieldsമസ്കത്ത്: ഒമാനിൽ ദേശീയദിന, നബിദിന പൊതു അവധികൾ അവസാനിച്ചു. വാരാന്ത്യ അവധി കൂടി ചേർത്ത് അഞ്ചുദിവസത്തെ അവധിയാണ് ലഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങൾ ഇന്നുമുതൽ സജീവമാകും. സർക്കാർ ഒാഫിസുകളും സ്ഥാപനങ്ങളും അടുത്ത വാരം മുതൽ പൂർണമായും പ്രവർത്തന സജ്ജമാവും.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം അവധി ദിനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഒമാന് പുറമെ മറ്റു ജി.സി.സി രാഷ്ട്രങ്ങളിൽനിന്നും ഒമാെൻറ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ എത്തി.
വാദി ബനീ ഖാലിദിൽ വൻ തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ച 3156 പേർ ഇവിടെയെത്തി. ഇതിൽ 1990 പേർ ഒമാനികളും 880 പേർ ഏഷ്യൻ രാഷ്ട്രങ്ങളിൽ നിന്നുള്ളവരും 206 പേർ യൂറോപ്യൻ വംശജരും 28 പേർ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ളവരുമാണ്. ശനിയാഴ്ച 4048 പേരും ഞായറാഴ്ച 4797 പേരും വാദി ബനീഖാലിദ് സന്ദർശിച്ചു. ശനിയാഴ്ച സന്ദർശിച്ചവരിൽ 2238 പേരും ഞായറാഴ്ച എത്തിയവരിൽ 3420 പേരുമാണ് സ്വദേശികൾ. നഖൽകോട്ട, റാസ് അൽ ജിൻസ്, വാദിഷാബ്, വാദി തിവി, സുൽത്താെൻറ സായുധസേനാ മ്യൂസിയം തുടങ്ങിയയിടങ്ങളിലെല്ലാം സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ തിരക്കനുഭവപ്പെട്ടു. തണുപ്പ് ആസ്വദിക്കാൻ ജബൽ അഖ്ദറിലും ജബൽ ഷംസിലും ധാരാളം പേർ എത്തി. ജബൽഷംസിൽ രാത്രി താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ കടൽതീരങ്ങളിലും വാദി ബനീ ഖാലിദ്, വാദിഷാബ് തുടങ്ങിയ തടാക പ്രദേശങ്ങളിലും കർശന നിരീക്ഷണവും സിവിൽ ഡിഫൻസ് പട്രോളിങ്ങും ഏർപ്പെടുത്തിയിരുന്നു.
മസ്കത്തിലെ ബർ അൽ ജിസ തീരത്ത് സ്വദേശി പിതാവും കുട്ടിയും മുങ്ങിമരിച്ചതാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏക സംഭവം. തിരയിൽപെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച വാഹനാപകടത്തിൽ അഞ്ചു മലയാളി സഞ്ചാരികൾക്ക് പരിക്കേറ്റത് പ്രവാസികളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. തിവിയിലേക്ക് പോവുകയായിരുന്ന സഞ്ചാരികൾ റോഡരികിൽ ഫോേട്ടായെടുക്കവേ അവർക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ മലയാളി വിദ്യാർഥി അപകടനില തരണം ചെയ്തിട്ടുണ്ട്. വാഹനാപകട സാധ്യത കണക്കിലെടുത്ത് ആർ.ഒ.പി കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നിരവധി പേർ അവധി ആഘോഷിക്കാൻ യു.എ.ഇയിലും പോയിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇവരിൽ പലരും തിരിച്ചെത്തി. ഇതുമൂലം റോഡതിർത്തികളിലും തിരക്ക് അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
