ഇന്ന് തിരുവോണം
text_fieldsചിത്രങ്ങൾ: വി.കെ.
ഷെഫീർ, റാലിഷ്
ചിത്രങ്ങൾ: വി.കെ.
ഷെഫീർ, റാലിഷ്
പ്രവാസത്തിൽ പൂക്കുന്ന ഓർമകൾ
ഡോ ആരിഫ് അലി
കൊളത്തേക്കാട്ട്
സലാലയിലെ ഒരു ആഗസ്റ്റ് സായാഹ്നം. ഖരീഫിന്റെ തണുത്ത കാറ്റ് ജനാലക്കപ്പുറം വീശുമ്പോൾ, മനസ്സ് അറിയാതെ കേരളത്തിലെ ഒരു പഴയ ഓണക്കാലത്തിലേക്ക് മടങ്ങിപ്പോകുന്നു. പുറത്ത് തണുപ്പാണെങ്കിലും, ഓർമ്മകളിൽ നാട്ടുമുറ്റത്തിന് ഇന്നും ചൂടുണ്ട്; മണ്ണിന്റെ മണം, പൂക്കളുടെ നിറം, കൂട്ടുകാരുടെ ചിരി, അടുക്കളയിൽ നിന്നുയരുന്ന പലഹാരങ്ങളുടെ ഗന്ധം.
എന്റെ ബാല്യത്തിലെ ഓണം ഒരു മതത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നില്ല. അത് അയൽവീടുകൾ തമ്മിലുള്ള സ്നേഹവും കൂട്ടുകാരുടെ സൗഹൃദവും പങ്കുവെച്ച സന്തോഷവുമായിരുന്നു. അത്തം തുടങ്ങുമ്പോൾ തുമ്പപ്പൂവും മുക്കുറ്റിയും ചെത്തിയും ശേഖരിക്കാൻ കൂട്ടുകാരോടൊപ്പം ഇറങ്ങും. ഓരോ ദിവസവും പൂക്കളം വലുതാകുമ്പോൾ, അതിനൊപ്പം ഞങ്ങളുടെ സന്തോഷവും വളർന്നു.
ഉത്രാടമെത്തുമ്പോൾ വീടുകൾ മുഴുവൻ തിരക്കിലാകും. അടുക്കളയിൽ ശർക്കര ഉരുകുന്ന മണവും വറുത്ത ഏത്തക്കായയുടെ ഗന്ധവും നിറയും. അയൽവീടുകളിൽ നിന്ന് പാട്ടിന്റെ ശബ്ദം കേൾക്കും. ആരുടെ മുറ്റത്താണ് കൂടുതൽ മനോഹരമായ പൂക്കളം എന്ന ചെറിയ മത്സരവും, അതിനിടയിലെ ചിരികളും ഇന്നും ഓർമ്മയിലുണ്ട്.
തിരുവോണദിവസം പുതിയ വസ്ത്രങ്ങളണിഞ്ഞ് കൂട്ടുകാരുടെ വീടുകളിലേക്ക് പോകും. മുറ്റത്ത് ഊഞ്ഞാലാടും, കളിക്കും, പാട്ടുപാടും. ചില വീടുകളിൽ സദ്യ ഒരുക്കിയിരിക്കും. വാഴയിലയിൽ നിരന്ന വിഭവങ്ങൾക്കിടയിൽ മതത്തിന്റെയോ ജാതിയുടെയോ വേർതിരിവുകളില്ലായിരുന്നു; ഒരുമിച്ചിരുന്ന മനുഷ്യരുടെ ചിരിയായിരുന്നു ആ വിരുന്നിന്റെ യഥാർഥ രുചി.
വൈകുന്നേരങ്ങളിൽ മാവേലിയും കുമ്മാട്ടിയും എത്തുമ്പോൾ കുട്ടികളുടെ ലോകം കൂടുതൽ നിറമുള്ളതാകും. ചെറിയ ക്ലബ്ബുകളുടെ വേദികളിൽ പാട്ടിനും പ്രസംഗത്തിനും കിട്ടിയ ആദ്യ കൈയടികളും ആ ഓണക്കാലത്തിന്റെ ഭാഗമായിരുന്നു.
കാലം മാറി. പൂക്കൾ പറിക്കുന്നതിനുപകരം വാങ്ങുന്നു. പൂക്കളം ചിത്രമായി. മുറ്റത്തെ ഊഞ്ഞാൽ ഓർമയായി. കൂട്ടുകാർ പല നാടുകളിലായി. എങ്കിലും ചില ഓണങ്ങൾ മാറുന്നില്ല. അവ ഓർമകളിൽ തന്നെ പൂക്കുന്നു.
ഇന്ന് പ്രവാസത്തിന്റെ രാത്രികളിൽ നാട്ടുമണ്ണിന്റെ മണം മനസ്സിൽ നിറയുമ്പോൾ, അത് ഒരു പഴയ ഓണക്കാലത്തിന്റെ ഓർമയാണെന്ന് തിരിച്ചറിയാം. ഓണം എനിക്ക് ഒരു ആഘോഷം മാത്രമല്ല; ഒരുമയുടെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും മതനിരപേക്ഷമായ കേരളത്തിന്റെയും ഓർമയാണ്. മുറ്റങ്ങൾ അകലെയായാലും, പൂക്കളങ്ങൾ മാഞ്ഞാലും, ഓർമകളിൽ വിരിഞ്ഞ ആ ഓണം എന്നും പൂത്തുനിൽക്കും.
ഭാഷയിൽ നാടുകടത്തുന്ന ഓണം
അമ്മു വള്ളിക്കാട്ട്
ഓണത്തിന്റെ ഭാഷയെന്നാൽ, എനിക്ക് കുട്ടിക്കാലത്ത് എന്റെ അച്ഛൻ പഠിപ്പിച്ചു തന്ന പാട്ടുകളാണ്. ചുവന്ന ഹൃദയതെച്ചിപ്പൂവേടുകളിൽ തെളിഞ്ഞ തുമ്പപ്പൂ പോലെ നിർമ്മലമായ ഓർമ്മ. ഓണക്കാലം ഓർമ്മകൾ ചിക്കി ചികയാൻ പ്രേരിപ്പിക്കുന്നു. കാലം മറന്നു വച്ച പണ്ടത്തെ അതേ വരികൾ, ഇന്നിന്റെ പൂക്കളത്തിൽ നിറക്കാൻ ഞാൻ ശ്രമിക്കുന്നു. വരികളിൽ ഒതുക്കിവെച്ച, ഈണം ഒളിപ്പിച്ച ഓർമ്മകളാണ് എന്നും എനിക്ക് ഓണം.
ഈരടികൾ നാവിൻ തുമ്പത്ത് ഇല്ലായിരുന്നുവെങ്കിൽ എങ്ങനെ ഞാൻ ഓണക്കുളിരണിയുമെന്ന് നിശ്ചയമില്ല. ഈ ഓർമ്മക്ക് രാഗസാന്ദ്രമായ തണുപ്പുണ്ട്. വരികളിൽ കണ്ടെത്തുന്ന കാഴ്ചയുണ്ട്. അതിൽ പൂക്കളുടെ, സമൃദ്ധിയുടെ കഥകൾ മാത്രമല്ല പഞ്ഞപ്പാടിന്റെ, ദാരിദ്ര്യത്തിന്റെ, മോഹഭംഗത്തിന്റെ നീറ്റലും അനുഭവിക്കുന്നുണ്ട്.
അച്ഛൻ ഓണത്തിന് കുട്ടികൾക്ക് പാടാനായി അനവധി പാട്ടുകൾക്ക് ഈണം കൊടുത്തിരുന്നു. അച്ഛൻറെ നാട്ടിലെ നാടൻ പാട്ടുകൾക്ക് പുറമെയായിരുന്നു അത്. അതിൽ എനിക്ക് ഏറെ ഇഷ്ടം സരളമായി ആനന്ദഭൈരവിയിലോ ശങ്കരാഭരണത്തിലോ ചിട്ടപ്പെടുത്തിയ ഒന്നാണ്. എപ്പോഴൊക്കെയോ ഞാനും അതൊക്കെ കേട്ട് പഠിച്ചു.
“ചന്തത്തിൽ മുറ്റം ചെത്തി പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നു
ചന്തക്കു പോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നു
പന്തു കളിച്ചീല തുമ്പിയും തുള്ളീല
എന്തെന്റെ മാവേലി ഓണം വന്നു” എന്ന് തുടങ്ങുന്ന പാട്ട്
പ്രവാസത്തിൽ നമ്മുടെ അവസ്ഥ തന്നെയാണത്. പൂക്കളം ഇടുന്നില്ല, അത്തം വന്നത് അറിഞ്ഞില്ല, അവധിയില്ല, എന്നിട്ടും, എന്തെ്റെ മാവേലി ഓണം വന്നു !!
ഒന്നുമൊന്നുമില്ലാഞ്ഞിട്ടും ഓണം വന്നു. ഒന്നോർക്കുമ്പോൾ ഭാഷയെ അതിൻറെ തനിമയിലും പരിപൂർണതയിലും കള്ളക്കടത്ത് നടത്തി പ്രവാസത്തിൽ എത്തിച്ച മലയാളിത്തനിമയിലാണ് നമ്മൾ ഇവിടെ ജീവിക്കുന്നത്.
സംസ്കാരവും സ്വത്വവും ഒക്കെ നാട് കടത്താൻ ഭാഷക്കുള്ള നൈപുണ്യം വേറെ എന്തിനുണ്ട്. മരുഭൂമിയിലും മഞ്ഞുമലയിലും, അരി പൂക്കളും ഒടിച്ചൂത്തി പൂക്കളും ഓണപ്പൂ കിരീടപ്പൂക്കളും നമ്മൾ കാണും. പൊന്തക്കാടിലും, വയലിൽ കരയിലും നടന്ന് തുമ്പപ്പൂ നുള്ളാനോ, കാക്കപ്പൂ ഇറുക്കാനോ, തെച്ചിപ്പൂ പറിക്കാനോ കഴിയാത്തതിൽ എനിക്ക് വ്യഥയില്ല. പല നാടുകളിൽ പലകാലങ്ങളിൽ പല വേഷത്തിലും പല രൂപത്തിലുമെങ്കിലും മലയാളത്തിൻ്റെ ചെപ്പിൽ അത്തം കൊണ്ട് പത്തോണം നമുക്കുണ്ട്.
ഓർമകളിലെ ഒരു പൊന്നോണം
രാജൻ വി. കോക്കൂരി, ആറ്റൂർ
എന്റെ ഓണത്തെക്കുറിച്ച് പറയാൻ ഒരുപാട് കഥകളുണ്ട്. വർഷങ്ങൾക്കു മുമ്പൊരു ഓണക്കാലം. സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ഓണക്കാലമാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയിരുന്നത്. പത്ത് ദിവസത്തെ അവധി തുടങ്ങുന്നതോടെ ഞങ്ങളുടെ വീട്ടിലും ഓണത്തിന്റെ ആഘോഷങ്ങൾ തുടങ്ങും.
ഏകദേശം മുപ്പത്തിനാല് പേർ താമസിച്ചിരുന്ന ഒരു വലിയ തറവാടായിരുന്നു ആറ്റൂർ വില്ലേജിലെ ഞങ്ങളുടെ വീട്. പത്ത് കിലോമീറ്റർ അകലെയുള്ള ചേലക്കോട് ഗ്രാമത്തിൽ നിന്ന് പച്ചക്കറികളും നേന്ത്രവാഴക്കുലകളുമായി നാണു എഴുത്തച്ഛൻ കാളവണ്ടിയിൽ വരുമായിരുന്നു. ആ കാളവണ്ടിയെ കാത്ത് ഞങ്ങൾ കുട്ടികൾ ഇടവഴിയിൽ നിൽക്കും. കാളവണ്ടി കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.
നേന്ത്രപ്പഴ കുലകൾ പഴുപ്പിക്കാനായി വെച്ചിരുന്ന വലിയ പത്തായം എന്റെ മുറിയിലേക്ക് പോകുന്ന കോണിപ്പടിയുടെ അടുത്തായിരുന്നു. പഴം പഴുത്താൽ ആരും അറിയാതെ കുട്ടികളായ ഞങ്ങൾ ഇടക്കു പത്തായത്തിൽ കയറി പഴുത്ത പഴങ്ങൾ എടുത്തിരുന്ന ഒരു കുസൃതിത്തരവുമുണ്ടായിരുന്നു.
പൂക്കളമിടുന്ന ചുമതല പെൺകുട്ടികളുടെയും മാഥേരു ഉണ്ടാക്കി വെക്കുന്ന ചുമതല കുട്ടിമാൻ എന്ന് വിളിച്ചിരുന്ന അമ്മാമനും ആയിരുന്നു. പൂക്കൾ പറിക്കാൻ വെളുപ്പിന് തന്നെ ചേച്ചിമാരുടെ കൂടെ ഞാനും പോകും. രാവിലെ പൂക്കൾ ശേഖരിക്കുന്ന ആ ദിവസങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഞങ്ങളുടെ വീടിനടുത്തുള്ള അയ്യപ്പൻ കോവിലിനോട് ചേർന്ന വീട്ടിലായിരുന്നു വലിയ അമ്മാവൻ താമസിച്ചിരുന്നത്. വലിയ അമ്മാമന്റെ മെതിയടിയുടെ ശബ്ദം തറവാട്ടിലെ പടിപ്പുരയിൽ നിന്ന് കേൾക്കുമ്പോൾ തിരുവോണ സദ്യയുടെ സമയമായെന്ന് ഞങ്ങൾക്ക് മനസ്സിലാകും.
അമ്മാമന് എന്നോട് വലിയ സ്നേഹമായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അമ്മാമന്റെ ചോറുരുള എനിക്ക് കിട്ടിയിരുന്നു. ആ ചോറുരുളയുടെ സ്വാദ് ഇപ്പോഴും നാവിൽ നിൽക്കുന്നതുപോലെ തോന്നാറുണ്ട്
ഓണസദ്യ കഴിഞ്ഞാൽ ഓണക്കോടിയായ ട്രൗസറും ഷർട്ടും ധരിച്ച് ഞങ്ങൾ ഷൊർണൂർ ടൗണിലേക്ക് പോകും. അതുവരെ സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകളും കൈയിൽ കരുതും. ഉച്ചക്ക് ടി. ആർ. നായരുടെ ബസ് വരുന്നതും കാത്ത് നിൽക്കും. ടൗണിൽ പോകുന്നതിന്റെ ആവേശം അന്നൊക്കെ വേറെയായിരുന്നു. ഒരിക്കൽ തീയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ടിക്കറ്റ് എടുക്കുന്നതിനിടയിൽ വലിയ തിരക്കുണ്ടായി. ഇടുങ്ങിയ മരത്തിന്റെ വിടവിലൂടെ ടിക്കറ്റ് വാങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് എന്റെ കൈ മുറിഞ്ഞു. കൈയിലെ തൊലി കുറച്ചുപോയി.
വീട്ടിൽ തിരിച്ചെത്തിയാൽ അമ്മ അത് കാണുമോ എന്നായിരുന്നു പിന്നീടുള്ള എന്റെ പേടി. മുറിവ് അമ്മ കാണാതെ എങ്ങനെ ഒളിപ്പിക്കാം എന്ന ചിന്തയോടെയാണ് ഞാൻ സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങിയത്. ഇന്നും ആ സംഭവം ഓർക്കുമ്പോൾ ചിരി വരും. ആ ഓണക്കാലത്തിന്റെ ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ മധുരമായി സൂക്ഷിച്ചിരിക്കുന്നു.
ലേബർ ക്യാമ്പിലെ ഹൃദയോണം
സേബാ ജോയ്കാനം
ഓണക്കാലത്ത് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി ഹൃദയം നാടിനൊപ്പമാണ്. നാടും വീടും വിട്ട് കടൽകടന്ന് പ്രവാസലോകത്ത് കഴിയുന്ന ഓരോ മലയാളിക്കും, ഓണം അവരുടെ ജന്മനാട്ടിലേയ്ക്കുള്ള തിരിഞ്ഞു നോട്ടമാണ്. ഓണം ഇവിടെ ജാതിയും, ഭാഷയും അതിരുകൾ തീർക്കാത്ത കൂട്ടായ്മയുടെ ആഘോഷമാണ്. ബാച്ചിലർ മുറികളിലും, ലേബർ ക്യാമ്പുകളിലും സാഹോദര്യത്തിന്റെ ചെറിയ പൂക്കളങ്ങളും ഒരുമിച്ചൊരുക്കുന്ന ഓണസദ്യയും പ്രവാസജീവിതത്തിന്റെ മധുരക്കിനാക്കളാണ്. തമ്മിൽത്തമ്മിൽ ബന്ധുക്കളും മിത്രങ്ങളുമാകുന്ന ഈ മനോഹര നിമിഷങ്ങൾക്ക് പകരം വെക്കുവാൻ മറ്റൊന്നില്ല.
കർക്കിടകത്തിന്റെ കറുത്ത നിഴലുകൾ മാറി, ചിങ്ങവെയിൽ ഉദിച്ചുയരുമ്പോൾ പൂക്കളും, സദ്യയും ഓണക്കളികളുമൊക്കയായി നാട് ഉണരുകയായി. അതേ സമയം നമ്മൾ പ്രവാസികൾക്ക് ജോലി സ്ഥലത്ത് ഹൃദയത്തിൽ പൂവിളികളും ആർപ്പുവിളികളും മുഴങ്ങി ത്തുടങ്ങുന്ന ആഘോഷ നിമിഷം ! ഒപ്പം ഓർമകളിൽ അമ്മ വിളമ്പുന്ന സദ്യയുടെ രുചിയും കൂട്ടുകാരുടെ പൊട്ടിച്ചിരികളും പൂക്കളവും അമ്മയുടെ കൈയിലെലെ നറുനെയ്യിന്റെയും അടപ്രഥന്റെയും ഹൃദ്യമായ സുഗന്ധവും!
ഞാൻ കുടുംബസമേതം ഒമാനിൽ എത്തിയിട്ട് മുപ്പത്തി ഒൻപത് വർഷത്തോളമായി. ഭർത്താവ് തൂമ്പങ്കൽ മാത്യു ജോയ് ഇന്ത്യൻ എംബസിയുടെ നിസ്‍വ റീജ്യന്റെ കോൺസുലർ റെപ്രസെന്റേറ്റീവ് ആയി മുപ്പത്തി അഞ്ചു വർഷങ്ങളോളമായി നിയമിതനാണ്.
കഴിഞ്ഞ വർഷം ഓണത്തിന് ഒരാഴ്ച മുൻപേ അദ്ദേഹം പറഞ്ഞു, ‘ഇത്തവണ നമുക്ക് ഓണം ലേബർ ക്യാമ്പിലാണ്’. ‘ലേബർ ക്യാമ്പിലോ?’ എനിക്ക് ആകാംക്ഷയേറി.
‘നാല്പതോളം ആളുകൾ ഒരു ക്യാമ്പിലുണ്ട്’. ഓണത്തിനുള്ള അരിയും, പച്ചക്കറിയുമെല്ലാം അവിടെ എത്തിക്കണം. നീയും കൂടി വാ...’- അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഓണത്തിനു രണ്ടു ദിവസത്തിനു മുൻപേ അരിയും, പച്ചക്കറികളുമെല്ലാം ക്യാമ്പിൽ എത്തിച്ചു. സുമനസ്സുകൾ നൽകിയ ഓണക്കോടികൾ അവരുടെ കൈയിൽ ഏൽപ്പിച്ചു.നിറഞ്ഞ സന്തോഷത്തോടെ അവയെല്ലാം ഏറ്റുവാങ്ങി അവർ പറഞ്ഞു. ‘തിരുവോണത്തിന് സാറും ,കുടുംബവും ഞങ്ങളോടൊപ്പം ഉണ്ടാകണം.’
തിരുവോണനാളിൽ വാഴയിലയുമായി ഞങ്ങൾ ക്യാമ്പിലെത്തി. നിറഞ്ഞ സന്തോഷത്തോടെ സദ്യയിൽ പങ്കുചേർന്നു. സ്നേഹത്തിന്റെയും
സൗഹൃദത്തിന്റെയും ഒരുമിച്ചുള്ള പങ്കുചേരലിൽ എല്ലാവരുടെയും ഹൃദയം കുളിർന്നു. മനവും വയറും നാവും നിറഞ്ഞ പായസ മധുരം നുകർന്നു പിരിയവേ അവരുടെ മിഴികൾ നിറഞ്ഞതുകണ്ടു. വികാരവായ് പ്പോടെ അവർ പറഞ്ഞു. “ഈ ഓണം ഒരിക്കലും ഞങ്ങൾ മറക്കില്ല. നാട്ടിലാണെന്ന് തോന്നിപ്പോയി...’
ചില ഓണങ്ങൾ അങ്ങനെയാണ്. ഓർമയുടെ കളത്തിൽ ഹൃദ്യാനുഭവങ്ങളുടെ മായാത്ത ഒരു പൂക്കളം അതു മനസ്സിൽ വരച്ചുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

