പുകയില ഉപയോഗ നിയന്ത്രണം; ദേശീയ കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: പുകയില ഉപയോഗത്തെ നിയന്ത്രിക്കാൻ ദേശീയ കാമ്പയിന് തുടക്കമിട്ട് ആരോഗ്യ മന്ത്രാലയം. ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് കാമ്പയിൻ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഒമാനി വനിത അസോസിയേഷനുകള്‍ കമ്യൂണിറ്റി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പൊതു ഇടങ്ങള്‍, സ്പോര്‍ട്സ് ക്ലബുകള്‍, സ്കൂളുകള്‍, എന്നിവിടങ്ങളെയെല്ലാം കേന്ദ്രീകരിച്ചാകും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍. സിഗരറ്റുകൾക്ക് കനത്ത നികുതിയും പുകയില ഉൽപന്നങ്ങളുടെ പരസ്യത്തിനും നിരോധനവും ഏർപ്പെടുത്തിയിരുന്നു. പൊതു കെട്ടിടങ്ങളിൽ പുകവലി നിരോധിച്ചിട്ടുമുണ്ട്. നിയുക്ത പ്രദേശങ്ങളിൽ മാത്രമേ പുകവലി പാടുള്ളൂ. എന്നാൽ, പുകവലി ഉപയോഗത്തിന് കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിരോധ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള പുകയില ഉപയോഗവും പൊതുജനാരോഗ്യത്തിന് ഗണ്യമായ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം ആസൂത്രണ-ആരോഗ്യ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. അഹമ്മദ് ബിന്‍ സാലിം അല്‍ മന്ദാരി പറഞ്ഞു. ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്ത ശാസ്ത്രീയ തെളിവുകള്‍ ഈ ഭീഷണിയെ സ്ഥിരീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം പുകയില ഉപയോഗം മൂലം പ്രതിവര്‍ഷം ലോകത്ത് അഞ്ച് ദശലക്ഷത്തിലധികം മരണങ്ങള് സംഭവിക്കുന്നു. പുകയില ഉപയോഗം വ്യാപിക്കുന്നത് ചെറുക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ 2030 ആകുമ്പോഴേക്കും മരണ നിരക്ക് എട്ട് ദശലക്ഷത്തിലധികമാകുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
ഒമാനില്‍ പുകയില ഉപയോഗം കൂടുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒമാന്‍, ഈജിപ്ത്, ജോര്ഡന്, ഇന്തോനേഷ്യ, കോങ്കോ, മൊല്‍ദോവ എന്നീ രാജ്യങ്ങളില്‍ പുകയില ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ലോകത്തിലെ പുകവലിക്കാരുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2000ല്‍, മൂന്നില്‍ ഒരാള്‍ പുകവലിക്കുന്നു എന്ന കണക്കില്‍നിന്ന് അഞ്ചില്‍ ഒരാള്‍ എന്ന നിലയിലേക്ക് മാറ്റം സംഭവിച്ചതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

