മൂന്നര പതിറ്റാണ്ടിന്‍െറ പ്രവാസത്തിനൊടുവില്‍ മത്രക്കാരുടെ വേലു അണ്ണന്‍ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsമത്ര: 34വര്‍ഷത്തെ ഒമാന്‍ ജീവിതത്തിന് വിരാമമിട്ട് തൃശിനാപ്പള്ളി വിശ്വനാഥന്‍ കതിര്‍വേലു നാട്ടിലേക്ക് മടങ്ങുന്നു. ഞായറാഴ്ച രാത്രി 11 മണിക്ക് തൃശിനാപ്പള്ളിക്കുള്ള വിമാനത്തിലാണ് മത്രക്കാരുടെ വേലു അണ്ണന്‍െറ മടക്കം. 1983ലാണ് വേലു ആദ്യമായി ഇവിടെ വിമാനമിറങ്ങിയത്. വന്നിറങ്ങിയ അന്നു തൊട്ട് ഒരേ സ്പോണ്‍സറുടെ കീഴില്‍ ഒരേ സ്ഥാപനത്തിലാണ് ജോലിചെയ്തത്. റൂവിയില്‍ മുസ്തഫ സുല്‍ത്താന്‍ ഒഫിസ് ടെക്നോളജിയിലെ സര്‍വിസ് സ്റ്റേഷനിലായിരുന്നു തൊഴില്‍. മനസ്സില്ലാ മനസ്സോടെയാണ് മടങ്ങുന്നത്. സ്നേഹം മാത്രം നല്‍കിയ സ്പോണ്‍സറെയും സഹപ്രവര്‍ത്തകരെയും, ജോലി ചെയ്യുന്ന സ്ഥാപനത്തെയും സര്‍വോപരി നന്മയും ഐശ്വര്യവും നിറഞ്ഞ ഈ നാടിനെയും ഒഴിവാക്കിപ്പോകുന്നത് മടുപ്പോ, ഇഷ്ടക്കുറവോ കൊണ്ടല്ല, ആരോഗ്യം അനുവദിക്കാത്തതിനാലാണെന്ന് വേലു പറയുന്നു. ഒമാനില്‍നിന്നുള്ള മടക്കയാത്രക്ക് കമ്പനി അവസാന നിമിഷം വരെ പച്ചക്കൊടി കാണിച്ചിട്ടില്ല. ലീവിന് പോകൂ... അടുത്ത ഊഴത്തിലാകാം ക്യാന്‍സല്‍ എന്നാണ് കമ്പനി പറയുന്നത്. വിടാതെ ഒപ്പം കൂടിയ കാല്‍മുട്ട് വേദന നിമിത്തമാണ് തീരുമാനത്തില്‍ എത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു.
ജോലിയിലെ ആത്മാര്‍ഥതയും കര്‍മകുശലതയും കാരണമാണ് കമ്പനി ഇദ്ദേഹത്തെ ഒഴിവാക്കാത്തതെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളികളായ നിരവധി സുഹൃത്തുക്കളുള്ള കതിര്‍വേലു നന്നായിട്ട് മലയാളം പേശും. താമസവും ഭക്ഷണവുമൊക്കെ മലയാളി കൂട്ടുകാര്‍ക്കൊപ്പമാണ്. പ്രവാസത്തിലെ പിന്തുടര്‍ച്ചാവകാശിയായി മകനെ ഒമാനില്‍ വരുത്തിയാണ് വേലു യാത്ര പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
