പൊടിക്കാറ്റ് ഇന്നും തുടരും; ആരോഗ്യ മുന്നറിയിപ്പുമായി അധികൃതർ
text_fieldsഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും പരിസരങ്ങളിലും പൊടിക്കാറ്റ് ഉയർന്നതിന്റെ ഫലമായി മസ്കത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം
അന്തരീക്ഷത്തിൽ അനുഭവപ്പെട്ട മൂടൽ ദൃശ്യം
സ്കത്ത്: തുടർച്ചയായി രണ്ടാം ദിനവും മസ്കത്തിലും സമീപ ഗവർണറേറ്റുകളിലും പൊടിക്കാറ്റ്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും പരിസരങ്ങളിലും വ്യാഴാഴ്ചയും പൊടിപടലങ്ങൾ ഉയർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞതിനാൽ രാത്രിയിൽ ദൃശ്യപരത കുറക്കാൻ കാരണമാകുമെന്നും ശ്വാസകോശ രോഗികൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രോഗികളുൾപ്പെടെയുള്ളവർ ഇന്നും നാളെയും കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. പൊടിപടലങ്ങൾ ഉയരുന്നത് കാരണം ദൃശ്യപരത 500 മുതൽ 1000 വരെ മീറ്റർ കുറഞ്ഞേക്കും. പ്രധാന റോഡുകളിലും ഹൈവേകളിലും ദൃശ്യപരത കുറയുന്നത് റോഡ് യാത്രക്കാരെ ബാധിച്ചേക്കും. ദൃശ്യപരത 500 മീറ്റർ മുതൽ ആയിരം മീറ്റർ വരെയായി കുറഞ്ഞിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുനറിയിപ്പ് നൽകി.
ചൊവ്വാഴ്ചയിലെന്ന പോലെ ബുധനാഴ്ചയും മസ്കത്ത് നഗരത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം പൊടിപടലത്താൽ നിറഞ്ഞിരുന്നു. വടക്കൻ ഗവർണറേറ്റുകൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ പൊടിക്കാറ്റ് ഉയർന്നതും അന്തരീക്ഷ വായു ഗുണനിലവാരം കുറഞ്ഞതും സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. പരിസ്ഥിതി അതോറിറ്റിയുടെ വായു ഗുണനിലവാര നിരീക്ഷണ പ്ലാറ്റ്ഫോമായ ‘നഖി’യിലെ പുതിയ റീഡിങ്ങുകൾ പ്രകാരം മുസന്ദം, അൽ ബുറൈമി, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, അൽ ധാഹിറ, മസ്കത്ത്, അൽ ദാഖിലിയ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളാണ് പൊടിക്കാറ്റ്ബാധിത പ്രദേശങ്ങളെന്ന് അധികൃതർ അറിയിച്ചു.
പൊടികണികകളുടെ ഉയർന്ന സാന്ദ്രതമൂലം വായു ഗുണനിലവാരത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വായു ഗുണനിലവാരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി അതോറിറ്റിയുടെ പുതിയ അപ്ഡേറ്റുകൾ ശ്രദ്ധിക്കമെന്നും ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു.
താപനില ഉയർന്നേക്കും
സുൽത്താനേറ്റിൽ വരുന്ന മൂന്നു മാസത്തോളം താപനില ഉയർന്നേക്കുമെന്നാണ് അറിയിപ്പ്. നവംബർ മുതൽ 2026 ജനുവരി വരെ താപനില ശരാശരിയിൽ കൂടുതലായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സി.എ.എ പുറത്തിറക്കിയ കാലാവസ്ഥ ബുള്ളറ്റിൻ പ്രകാരം നവംബറിൽ ഒമാന്റെ മിക്ക ഭാഗങ്ങളിലും ശരാശരിയേക്കാൾ മഴ കുറവായിരിക്കും.
ചില പ്രദേശങ്ങളിൽ പരിമിത മഴ ലഭിച്ചേക്കാം. കാലാവസ്ഥ താരതമ്യേന വരണ്ടതായിരിക്കും. ഡിസംബറിലും ഇതേ സാഹചര്യം തുടരുമെന്നാണ് പ്രവചനം. ഒമാന്റെ വടക്കൻ ഭാഗങ്ങളെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ജനങ്ങളുടെ മുൻകരുതലിനായി അധികൃതർ പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ
- അത്യാവശ്യമില്ലാത്തവർ വീടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക
- വാതിലുകളും ജനലുകളും അടച്ചിടുക
- പുറത്തിറങ്ങേണ്ടിവന്നാൽ മാസ്ക് ധരിക്കുക
- വീടിനുള്ളിൽ എയർകണ്ടീഷൻ ഉപയോഗിക്കുമ്പോൾ
- റീസർക്കുലേഷൻ മോഡ് പ്രയോഗിക്കുക
- പുറത്തുള്ള ശാരീരിക അധ്വാനങ്ങൾ ഒഴിവാക്കുക
- വാഹനമോടിക്കുമ്പോൾ ശ്രദ്ധ പാലിക്കുക
- കാഴ്ച കുറയുന്നുവെങ്കിൽ ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

