തൃശൂർ ഓണോത്സവം ഇന്ന്
text_fields‘തൃശൂർ ഓണോത്സവം 2025’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പി. ടി. കുഞ്ഞുമുഹമ്മദിന്
മസ്കത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മസ്കത്ത്: ഒമാനിലെ സാംസ്കാരിക സാമൂഹിക സംഘടനയായ ഒമാൻ തൃശൂർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘തൃശൂർ ഓണോത്സവം 2025’ വെള്ളിയാഴ്ച അൽ ഖുവൈർ മിനിസ്ട്രി ഓഫ് എജുക്കേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഓണാഘോഷം ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.
മുന്‍ എം.എൽ.എയും പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനും പ്രമുഖ സിനിമ സംവിധായകനും എഴുത്തുകാരനുമായ പി. ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകും. തൃശൂർ സ്വദേശിയും ഒമാനിലെ പ്രമുഖ ബിസിനസ് വ്യക്തിത്വവുമായ ഇ.എം. ബദറുദ്ദീൻ, സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്ത് ശ്രദ്ധേയനായ ഡോ. സന്തോഷ് ഗീവർ എന്നിവർ വിശിഷ്ടാതിഥികളാകും. സാമൂഹ്യ സേവന കാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി, ഈ വർഷം ‘സോഷൽ കമിറ്റ്മെന്റ് ആൻഡ് എംപവർമെന്റ് എകസ്ലൻസ് അവാർഡ്’ ഡോ. സന്തോഷ് ഗീവറിന് നൽകി ആദരിക്കുമെന്ന് ഒമാന്‍ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്രയും സെക്രട്ടറി അഷ്റഫ് വടനപ്പള്ളിയും പറഞ്ഞു.
മിമിക്രി, ചിത്രകലാ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച ചാലക്കുടിക്കാരൻ ശ്രീജിത്ത് പേരാമ്പ്ര, നർത്തകിയും സിനിമ പിന്നണി ഗായികയുമായ ഗ്രേഷ്യ അരുൺ എന്നിവരുടെ സാന്നിധ്യം ഓണോത്സവത്തിന് പൊലിമയേകും. ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സംഗീത നൃത്താവിഷ്കാരങ്ങൾ, നാടൻ കലാപരിപാടികൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ വേദിയിൽ അവതരിപ്പിക്കുമെന്ന് പ്രോഗ്രാം കൺവീനർ ഗംഗേഷ് വടക്കേതിൽ, ഒമാന്‍ തൃശൂർ ഓർഗനൈസേഷന് വൈസ് പ്രസിഡന്റ് സിദ്ദീഖ് കുഴിങ്ങര, മുന്‍ പ്രസിഡന്റ് നജീബ് കെ. മൊയ്തീന്, കലാവിഭാഗം കണ്‍വീനർ യൂസഫ് ചേറ്റുവ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

