കെങ്കേമമായി തൃശൂർ ഓണോത്സവം
text_fieldsമസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ (ഒ.ടി.ഒ) സംഘടിപ്പിച്ച ‘തൃശ്ശൂർ ഓണോത്സവം 2025’ ജനപങ്കാളിത്തവും കലാമേളങ്ങൾ കൊണ്ടും ശ്രദ്ധേയമായി. 1600 ലധികം പേർ പങ്കെടുത്ത ഓണസദ്യയും 240 ലധികം കലാകാരൻമാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനങ്ങളും നടന്നു.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് നസീർ തിരുവത്ര അധ്യക്ഷതവഹിച്ചു. സംവിധായകനും പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ കൂടുതൽ ഗൗരവമായ ശ്രദ്ധയും പിന്തുണയും എല്ലാ സർക്കാറുകളുടെയും ഭാഗത്ത് നിന്ന് കൂടുതലായി ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒ.ടി.ഒയുടെ സ്നേഹഭവന പദ്ധതിയുടെ മാതൃക രക്ഷാധികാരി ഇ.എം. ബദറുദ്ദീൻ സംഘടന ഭാരവാഹികൾക്ക് കൈമാറി.
സാമൂഹ്യ സേവനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ പരിഗണിച്ച് ഡോ. സന്തോഷ് ഗീവറിന് സാമൂഹിക പ്രതിബദ്ധത-ശാക്തീകരണ അവാർഡ് നൽകി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നൽകിയ സംഭാവനകൾക്ക് നജീബ് കെ. മൊയ്തീൻ, ഓട്ടോ കെയർ ആൻഡ് കംപാഷൻ കൺവീനർ അബ്ദുസ്സമദ് അഴീക്കോട്, മാധ്യമ പ്രവർത്തകരായ മുഹമ്മദ് യാസീൻ ഒരുമനയൂർ, ഇഖ്ബാൽ കൈരളി എന്നിവർക്ക് പ്രത്യേക ആദരവും ഉപഹാരവും നൽകി.
“നമ്മിൽ നിന്ന് നഷ്ടപ്പെട്ടുപോയ സഹജീവി സ്നേഹവും സൗഹൃദവും വീണ്ടെടുക്കാനും, സോഷ്യൽ മീഡിയയിലെ പരിധികൾക്കപ്പുറം നേരിൽ കണ്ടുമുട്ടാനും കൂടിയിരിക്കാനും ഇത്തരം സംഗമങ്ങൾ സഹായകരമാകട്ടെ എന്ന് ചടങ്ങിൽ ആശംസനേർന്ന സുലൈമാൻ അസ്ഹരി അഭിപ്രായപ്പെട്ടു. ഒമാൻ തൃശൂർ ഓർഗനൈസേഷൻ സ്ഥാപകൻ സിദ്ദീഖ് കുഴിങ്ങര, പ്രഥമ പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ, രക്ഷാധികാരികളായ ഇ.എം. ബദറുദ്ദീൻ ഡോക്ടർ സന്തോഷ് ഗീവർ എന്നിവരും സംസാരിച്ചു.
തിച്ചൂർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചവാദ്യത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് നടന്ന കലാപ്രകടനങ്ങളിൽ മിമിക്രി കലാകാരൻ ശ്രീജിത്ത് പേരാമ്പ്ര, സിനിമ പിന്നണി ഗായിക ഗ്രേഷ്യ എന്നിവരുടെ പ്രകടനങ്ങൾ സദസ്സിന് ആവേശം പകർന്നു. ശ്രീകല ടീച്ചർ, മീനാക്ഷി എം. മേനോൻ, വിജയൻ മാസ്റ്റർ ടീം, ബർക്ക സിസ്റ്റേഴ്സ്, വിജി സുരേന്ദ്രൻ ടീം, ആർ ഡി ഐ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ കല പ്രതിഭകൾ അവതരിപ്പിച്ച തൃശ്ശൂർപൂരം, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, വീരനാട്യം, ഗന്ധർവ്വൻ തുള്ളൽ, സെമി ക്ലാസിക്കൽ, ഒപ്പന, മഹാബലി തുടങ്ങിയ കലാപരിപാടികൾ ഓണോത്സവത്തിന് മാറ്റേകി.
യൂസുഫ് ചേറ്റുവ, ഹസ്സൻ കേച്ചേരി, ജോസ് പുലിക്കോട്ടിൽ, കബീർദാസ്, മഹേഷ്, വിൽസൺ, ടോണി സമായിൽ, അബ്ദുൽ കാദർ, ഫിറോസ്, റാഫി, റഹീം മന്നായിക്കൽ, സുബൈർ ഇദ്രീസ്, രതീഷ് ഗുരുവായൂര്, ഉണ്ണിചേലക്കര , സുരേഷ്, സഫീർ, സലീം, മൈമൂന, ഷിംന ഫൈസൽ, അമീറ ബിന്നി, മിഥിലാ ഗംഗേഷ് , റൈസി വിൽസൺ , സ്മിത സുമേഷ്. എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ ടീം നേതൃത്വം നൽകി. ജന. സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗതവും പ്രോഗ്രാം കൺവീനർ ഗംഗേഷ് വടക്കേതിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

