അധ്യാപനത്തിെൻറ മൂന്നു പതിറ്റാണ്ട്; ത്രേസ്യാമ്മ ടീച്ചർ പടിയിറങ്ങി
text_fieldsത്രേസ്യാമ്മ ടീച്ചർക്ക് സ്കൂൾ പ്രിൻസിപ്പൽ ഉപഹാരം നൽകുന്നു
വി.കെ. ഷഫീർ
മസ്കത്ത്: മൂന്നു പതിറ്റാണ്ടുകാലത്തെ അധ്യാപന ജീവിതത്തിനു വിരാമമിട്ട് ത്രേസ്യാമ്മ മാത്യു എന്ന ത്രേസ്യാമ്മ ടീച്ചർ നാട്ടിലേക്ക് മടങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു മടക്കം. ഇന്ത്യൻ സ്കൂൾ മുലദ്ദയിലെ ഗണിതശാത്ര വിഭാഗം അധ്യാപികയായിരുന്നു. ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ ആരംഭകാലം മുതൽതന്നെ ഇവിടെ അധ്യാപികയായിരുന്നു. പാലാ സ്വദേശിനിയായ ടീച്ചർ നാട്ടിൽ കോഴിക്കോട് തോട്ടുമുക്കം സർക്കാർ സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മാത്യുവുമായുള്ള വിവാഹ ശേഷമാണ് ഒമാനിൽ വന്നത്. ആ കാലത്ത് സാമൂഹിക പ്രവർത്തകനായ ജമാൽ എടക്കുന്നം മുൻകൈയെടുത്ത് ആരംഭിച്ച മുലദ്ദയിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി ചേർന്നു. നാട്ടിലെ സർക്കാർ ജോലിയിൽനിന്നും അവധിയെടുത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് മുലദ്ദയിലെ സ്കൂളിൽതന്നെ തുടർന്നു. വിരമിക്കുന്ന സമയത്ത് ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് പഠിപ്പിച്ചിരുന്നത്. വിരലിലെണ്ണാവുന്ന കുട്ടികളും ജീവനക്കാരുമായി ആരംഭിച്ച സ്കൂളിന് ഇപ്പോൾ 2500ഓളം കുട്ടികളും 150ഓളം ജീവനക്കാരുമുണ്ട്. ആദ്യകാലത്ത് കുട്ടികൾ കുറവായിരുന്നതിനാൽ വിദ്യാർഥികൾ സ്വന്തം മക്കളെപ്പോലെയായിരുന്നുവെന്നും എല്ലാ അധ്യാപകരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് പ്രവർത്തിച്ചതെന്നും ടീച്ചർ ഒാർക്കുന്നു.
ഗ്രാമീണ അന്തരീക്ഷത്തിലുള്ള മുലദ്ദയിലെ ആളുകൾക്ക് അധ്യാപകരെ ഏറെ കാര്യമാണ്. പഠിപ്പിച്ച കുട്ടികൾ പലരും ജീവിതത്തിൽ ഉന്നത സ്ഥാനങ്ങളിലെത്തി. പലരും ലോകത്തിെൻറ പല കോണുകളിൽനിന്നും അവധിക്കുവരുേമ്പാൾ വന്നുകാണാറുണ്ട്. പഠിപ്പിച്ച കുട്ടികൾ ഉന്നത സ്ഥാനത്തിരിക്കുന്നതിനേക്കാൾ ആഹ്ലാദകരമായ കാര്യം വേറെയില്ല. 2020 മാർച്ചിൽ വിരമിക്കേണ്ടതായിരുന്നു. എന്നാൽ, ചില വ്യക്തിപരമായ ആവശ്യങ്ങൾമൂലം ഒരു വർഷംകൂടി സ്കൂൾ അധികൃതരോട് കാലാവധി നീട്ടിച്ചോദിക്കുകയായിരുന്നു. മുലദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ചേരുന്ന കാലേത്തക്കാൾ രാജ്യവും സാങ്കേതിക വിദ്യകളും ഏറെ മുന്നോട്ടുപോയി. എല്ലാത്തിനെയും ഉൾകൊള്ളാൻ തയാറായ ഭരണാധികാരികൾ, മാനേജ്െമൻറ് പ്രതിനിധികൾ എല്ലാവരും മുന്നോട്ടുള്ള യാത്രയിൽ പ്രോത്സാഹനമായെന്നും ടീച്ചർ പറയുന്നു.
നാട്ടിൽ ഇപ്പോൾ എറണാകുളത്താണ് താമസം. നാട്ടിൽ ചെന്ന് വിശ്രമ ജീവിതത്തോടൊപ്പം സാമൂഹിക സേവനവും ചെയ്യാൻ ടീച്ചർ ആഗ്രഹിക്കുന്നതായി അവർ പറയുന്നു. മകൾ അനു ട്രീസ മാത്യു കുടുംബസമേതം ഒമാനിലുണ്ട്. മകൻ അരുൺ മാത്യു നാട്ടിൽ ജോലി ചെയ്യുന്നു.
സ്കൂളിെൻറ ആദ്യകാലം മുതലുണ്ടായിരുന്ന ത്രേസ്യാമ്മ ടീച്ചർ എല്ലാവർക്കും പ്രിയങ്കരിയായിരുന്നുവെന്ന് മുലദ്ദയിലെ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത ജമാൽ എടക്കുന്നം പറഞ്ഞു. ടീച്ചർ എന്നതിലുപരി കുട്ടികൾക്ക് ഒരമ്മയുടെ സ്നേഹവും കരുതലും നൽകിയ അധ്യാപികയായിരുന്നു ത്രേസ്യാമ്മ ടീച്ചർ എന്ന് ഇപ്പോഴത്തെ എസ്.എം.സി പ്രസിഡൻറ് സിദ്ദിഖ് ഹസൻ പറഞ്ഞു. ഇക്കാലയളവിൽ കുട്ടികളോടും സ്കൂളിനോടും കാണിച്ച സ്നേഹത്തിനും ആത്മാർഥതക്കും നന്ദി പറയുന്നതായും സിദ്ദിഖ് ഹസൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

