മൂന്ന് ഹൈടെക് സിറ്റി വികസന പദ്ധതികൾ പുരോഗതിയിൽ
text_fieldsസുൽത്താൻ ഹൈതം സിറ്റിയിലെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
മസ്കത്ത്: ഒമാൻ വിഷൻ 2040 ലക്ഷ്യമിട്ട് രൂപം നൽകുന്ന ആധുനിക, സുസ്ഥിര നഗരങ്ങളുടെ വികസന പദ്ധതികൾ പുരോഗതിയിൽ. സുൽത്താൻ ഹൈതം സിറ്റി, അൽ ജബൽ അൽ ആലി സിറ്റി (ജബൽ അഖ്ദർ), അൽ തുറായ സിറ്റി (മസ്കത്ത്) എന്നീ മൂന്ന് പ്രധാന നഗരവികസന പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം അറിയിച്ചു.
സുൽത്താൻ ഹൈതം സിറ്റിയിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി. പ്രധാന റോഡുകൾ, കൾവെർട്ടുകൾ, നടപ്പാതകൾ, അടിസ്ഥാന സർവീസ് ശൃംഖലകൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാലങ്ങളുടെ നിർമാണം 25 ശതമാനം പിന്നിടുന്നു. വൈദ്യുതി സ്റ്റേഷനുകളുടെ ആദ്യ ഘട്ട ജോലികൾ 30 ശതമാനം പൂർത്തിയായി.
നഗരത്തിൽ മൂന്ന് കൂളിങ് പ്ലാന്റുകൾക്കായി നിക്ഷേപത്തിന് അവസരമൊരുക്കിയിട്ടുണ്ട്. ഹൈതം സിറ്റിയുടെ സ്മാർട്ട് മാനേജ്മെന്റ് സംവിധാനത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ടെസ്റ്റ് ആൻഡ് കൺട്രോൾ സെന്റർ’ 85% ന് മുകളിൽ പുരോഗതി കൈവരിച്ചു. ഈ വർഷം 1.9 ബില്യൺ ഒമാനി റിയാൽ മൂല്യമുള്ള റെസിഡൻഷ്യൽ വികസന കരാറുകളിൽ ഒപ്പുവെക്കുകയും പുറത്തിറക്കിയ യൂണിറ്റുകളിൽ 65 ശതമാനം വിൽപന പൂർത്തിയാവുകയും ചെയ്തു.
പ്രൊജക്ടിനായി 205 മില്യൻ ഒമാനി റിയാലിൽ കൂടുതൽ മൂല്യമുള്ള എട്ട് പ്രധാന ടെണ്ടറുകൾ അനുവദിച്ചിട്ടുണ്ട്. ഇവയിൽ റോഡുകൾ, സർവിസ് നെറ്റ്വർക്ക്, പ്രധാന മലിനജല ലൈൻ (ഫേസ്- 1), മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയുടെ പ്രവൃത്തികളും ഉൾപ്പെടുന്നു. ദാഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ ആലി സിറ്റിയിൽ 600 മില്യൻ ഒമാനി റിയാലിൽ കൂടുതൽ നിക്ഷേപ കരാറുകളായി. 200 മില്യൺ ഒമാനി റിയാൽ പദ്ധതിയായ ഹെൽത്ത് ഡിസ്ട്രിക്ടിൽ 500 വീടുകൾ, അഞ്ചു നക്ഷത്ര ഹോട്ടൽ, 120 കീ ഹോട്ടൽ എന്നിവ ഉൾപ്പെടുന്നു.
400 മില്യൺ ഒമാനി റിയാൽ മൂല്യമുള്ള അൽ അലാലൻ ഹിൽസ് വികസനം 2,100 വീടുകൾ, രണ്ട് ആഡംബര ഹോട്ടലുകൾ, ഗോൾഫ് കോഴ്സ് എന്നിവ ഒരുക്കും. ടൂറിസം മേഖലയിൽ 6 മില്യൻ ഒമാനി റിയാലിന്റെ ഇക്കോ-റിസോർട്ട്, മൗണ്ടൻ ക്യാമ്പുകൾ, 30 മില്യൻ ഒമാനി റിയാലിന്റെ റസിഡൻഷ്യൽ ഗ്രാമം മുതലായവക്കും കരാർ ഒപ്പുവെച്ചു. പദ്ധതിയുടെ പരിധിയിൽ ഒരു പൈതൃക ഗ്രാമത്തിന്റെ നവീകരണവും ആസൂത്രണം ചെയ്തിട്ടുണ്ട്.
മസ്കത്തിലെ ബൗഷറിൽ സ്മാർട്ട് മിക്സഡ്-യൂസ് നഗരമെന്ന നിലയിലാണ് അൽ തുറായ സിറ്റി വികസിപ്പിക്കപ്പെടുന്നത്. ഒന്നാം ഘട്ടത്തിൽ മൂന്ന് മില്യൺ ച.മീ വിസ്തൃതിയിൽ 8,000 ജനസംഖ്യ ഉൾകൊള്ളുന്ന രീതിയിൽ എട്ട് പ്രദേശങ്ങളിലായി 2,600 വീടുകളാണ് നിർമിക്കുന്നത്.
ലെവലിങ് ജോലികൾ 20 ശതമാനം പൂർത്തിയായി. അടിസ്ഥാന സൗകര്യം, റോഡ് നിർമാണ നിക്ഷേപങ്ങൾ 38.2 മില്യൺ ഒമാനി റിയാലാണ് നിക്ഷേപം. ഈ മൂന്ന് മെഗാ പ്രോജക്ടുകൾ വൻ നിക്ഷേപങ്ങൾ ആകർഷിക്കുകയും ഉയർന്ന നിലവാരമുള്ള ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള സർക്കാറിന്റെ നഗര ദൗത്യത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

