ഒമാനിലെ ദോഫാറിൽ മൂന്ന് ഡ്രോൺ ആക്രമണം; രണ്ടു ഡ്രോണുകൾ ആകാശത്ത് തകർത്തു, മൂന്നാമത്തെ ഡ്രോൺ സലാല പോർട്ടിന് സമീപം പതിച്ചു
text_fieldsകടപ്പാട്: എക്സ്
മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ മൂന്ന് ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് ഡ്രോണുകൾ ആകാശത്തുവെച്ചുതന്നെ പ്രതിരോധിച്ചതായും മൂന്നാമത്തെ ഡ്രോൺ സലാല തുറമുഖത്തിന് സമീപം പതിച്ചതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും രാജ്യ സുരക്ഷക്കാവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ഒമാനിനുനേരെ നടക്കുന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണമാണിത്.
ദുകം തുറമുഖത്ത് ഇന്ധന സംഭരണ ടാങ്കുകൾക്കു നേരെ ചൊവ്വാഴ്ച രാവിലെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ ആളപായമില്ല. അപകടത്തെ തുടർന്നുണ്ടായ സാഹചര്യം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ദുകത്തെയും ദോഫാറിലെയും ആക്രമണങ്ങളെ ഒമാൻ അപലപിച്ചു. ഒമാന്റെ തെക്കുകിഴക്കൻ തീരത്താണ് ദുകം വാണിജ്യ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച ദുകം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിൽ ഒരു പ്രവാസി തൊഴിലാളിക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.
തീരദേശ, തുറമുഖ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി
മസ്കത്ത്: നിലവിൽ ഒമാനിലെ പൊതുജീവിതം സാധാരണ നിലയിലാണെങ്കിലും മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ അതിർത്തി മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുന്നുണ്ട്.
മസ്കത്ത്, സലാല, ദുകം, മുസന്ദം തുടങ്ങിയ തീരദേശ മേഖലകളിലും തുറമുഖ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കി. അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും ഒമാൻ റോയൽ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം. ഇന്ത്യൻ പ്രവാസികൾ മസ്‌കത്തിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും കൃത്യമായി നിരീക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ എംബസിയുമായി ബന്ധപ്പെടാം.
തുറമുഖങ്ങളിലോ എണ്ണക്കമ്പനികളിലോ ജോലി ചെയ്യുന്നവർ കമ്പനി നൽകുന്ന പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പിന്തുടണം. പാസ്‌പോർട്ട്, സിവിൽ ഐഡി എന്നിവയുടെ പകർപ്പുകൾ എപ്പോഴും കൈവശം വെക്കുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

