'വളഞ്ഞ വഴി' തിരഞ്ഞെടുക്കുന്നവർ ഒമാൻ ടൂറിസ്റ്റ് വിസയെടുക്കണം
text_fieldsമസ്കത്ത്: നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ പൊള്ളുന്ന വിമാനനിരക്ക് ആയതിനാൽ ഒമാൻ വഴി യാത്ര ചെയ്യുന്നവർ നിരവധിയാണ്. ഇങ്ങനെ യാത്ര ചെയ്യുന്നവർ ഒമാനിലെ ടൂറിസ്റ്റ് വിസ സ്വന്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. നാട്ടിൽ നിന്ന് ഒമാൻ വഴി കഴിഞ്ഞദിവസം ദുബൈയിലെത്തിയ യാത്രക്കാരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ജി.സി.സി രാജ്യങ്ങളിൽ റസിഡന്റ് വിസയുള്ളവർക്ക് ഒമാനിലേക്ക് വരാൻ ഓൺലൈൻ വഴി ഓൺഅറൈവൽ വിസ ലഭിക്കും. എന്നാൽ, ഇന്ത്യയിൽ നിന്ന് നേരിട്ട് ഒമാനിലേക്ക് യാത്ര ചെയ്യുമ്പോൾ ഈ വിസയിൽ ഒമാനിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി ലഭിക്കണമെന്നില്ലെന്ന് യാത്രക്കാരനായ അമീൻ മുഹമ്മദ് പറയുന്നു. ജി.സി.സി രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുമ്പോൾ മാത്രമാണ് റസിഡന്റ് വിസയുടെ പ്രയോജനം ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ട്രാവത്സുകൾ വഴി കുറഞ്ഞ ദിവസത്തെ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കി വേണം യാത്ര തിരിക്കാനെന്ന് കഴിഞ്ഞ ദിവസം ഒമാൻ വഴി നാട്ടിൽ നിന്ന് ദുബൈയിലെത്തിയവർ പറയുന്നു. യു.എ.ഇ റസിഡന്റ് വിസയുള്ളവർക്ക് ഓൺലൈനിൽ ലഭിക്കുന്ന വിസയിൽ ഒമാനിലെ വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ കഴിയും. എന്നാൽ, പുറത്തിറങ്ങി ബസ് മാർഗം യു.എ.ഇയിലേക്ക് പോകാൻ കഴിയില്ല. പകരം, വിമാനത്തിൽ പോകേണ്ടി വരും എന്നതിനാൽ ടിക്കറ്റ് നിരക്ക് ലാഭിക്കാൻ കഴിയില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

