തിരിച്ചുവരാത്ത ആ നല്ല നാളുകൾ
text_fieldsബാലകൃഷ്ണൻ വലിയാട്ട്, മൊബേല
ജന്മനാടായ മലപ്പുറം ജില്ലയിലെ കോട്ടക്കൽ പഞ്ചായത്തും ആഥിത്യമരുളിയ കൊളത്തൂരും സ്ഥിരതാമസമാക്കിയ വളാഞ്ചേരിയിലും പിന്നെ പ്രവാസവുമായി അഞ്ച് പതിറ്റാണ്ടുകളിലൂടെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്ടും കേട്ടും കഴിയുന്നു. പിന്തിരിഞ്ഞു നോക്കുമ്പോഴും മുന്നോട്ടു ചിന്തിക്കുമ്പോഴും നഷ്ടസ്വപ്നങ്ങളാണ് അവശേഷിക്കുന്നത്.
ടാറിടാത്ത പഞ്ചായത്ത് റോഡുകളിൽ കൂടി പൊടി പാറിച്ച് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് ജീപ്പുകളിൽ അനൗൺസ്മെന്റും നോട്ടീസ് വിതരണവും ചുമരുകളിൽ കുമ്മായം തേച്ച് ആന, കോണി, തോണി, താമര, അരിവാൾ ചുറ്റിക നക്ഷത്രം, പുസ്തകം തുടങ്ങിയ വോട്ട് ചിഹ്നങ്ങളും കൊടിതോരണങ്ങൾ സ്ഥാനാർഥികളുടെ ഫോട്ടോകൾ തുടങ്ങി ശരിക്കും ഒരു ഉത്സവാന്തരീക്ഷത്തിൽ കണ്ടിരുന്ന കാലത്തുനിന്ന് സോഷ്യൽമീഡിയ കൈയടക്കിയ പ്രചരണങ്ങളിലേക്കെത്തിയപ്പോൾ ശരിക്കും പലതും കൈമോശം വന്നതായിട്ടാണ് അനുഭവപ്പെടുന്നത്. പഴയ തെരഞ്ഞെടുപ്പിന്റെ ഭംഗി നഷ്ടപ്പെട്ട് എങ്ങും തമ്മിൽ തല്ലും പരസ്പര സ്പർധയുടെയും പക പോക്കലിന്റെയും നാളുകളിലേക്ക് എത്തിയിരിക്കുന്നു. പരസ്പരം സ്നേഹിച്ചും സഹായിച്ചും മുന്നോട്ടു പോയിരുന്ന സമൂഹം ഇന്ന് വഴിമാറി ചിന്തിക്കുമ്പോൾ രാഷ്ട്രീയവും പേരുകളും പോലും ഇന്ന് വിദ്വേഷത്തിന്റേതായി മാറുന്നത് കാണുമ്പോൾ നെഞ്ചിലൊരു കനലെരിയുന്നു.
എന്നിരുന്നാലും രാഷ്ട്രീയം, ജാതി, മതം എന്നിവ മാറ്റിവെച്ച് നാടിനും നാട്ടുകാർക്കും വേണ്ടി പാലിയേറ്റിവ് രോഗി പരിചരണം, സന്നദ്ധ രക്തദാനം, സൗജന്യ ഡയാലിസിസ് സെന്ററുകൾ തുടങ്ങി യുവതലമുറകൾ വളാഞ്ചേരിയെ മനോഹരമാക്കുന്നു.
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന കാലത്തിനപ്പുറം ഏതൊരാൾക്കും സ്വന്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു ഒരു തെരഞ്ഞെടുപ്പുകാലമുണ്ടായിരുന്നു. മറ്റുള്ളവരെ ചളിവാരിയെറിയാൻ ഇന്നത്തെ കാലത്തെപ്പോലെ മനസ്സു കാണിക്കാത്തവർ. ഇലക്ഷൻ വരും പോകും. ചിലർ വിജയിക്കും. മറ്റുള്ളവർ തോൽക്കും. തോറ്റവർ തങ്ങളുടെ തെറ്റ് മനസ്സിലാക്കി അടുത്ത വിജയത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കും. അതിന് ശരിക്കും ഒരു മത്സരത്തിന്റെ നേരും നെറിയുമുണ്ടായിരുന്നു, എന്നാൽ ഇന്ന് എല്ലാത്തിൽനിന്നും വ്യത്യസ്തമാണ് പഴയ ആത്മാർഥതയോ പരസ്പര ബഹുമാനമോ നഷ്ടപ്പെട്ടതായാണ് കാണാനാകുന്നത്.
ഏതുവിധേനയും എതിർ ചേരിയിലുള്ളവരെ തറപ്പറ്റിക്കാൻ ഒരു തരം വൈരാഗ്യ ബുദ്ധിയോടെ തറപ്പരിപാടികളുമായി പോകുന്ന വഴിയിലേക്ക് ഇന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എത്തിനിൽക്കുന്നു. തിരിച്ചുവരാത്ത ആ നല്ല നാളുകൾ. ജാതി മത രാഷ്ട്രീയ ഭേദമെന്യേ സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരെ വിജയിപ്പിക്കാൻ ഒരോ വോട്ടർമാരും ശ്രദ്ധിക്കേണ്ട കാലമാണിത്. ഞാനാകെ രണ്ടു പ്രാവശ്യമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഒന്ന് കൊളത്തൂരും മറ്റൊന്ന് വളാഞ്ചേരിയിലും നാടറിയുന്ന നാടിനെ അറിയുന്നവർക്കാണ് എന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് എന്ന കാര്യത്തിൽ സന്തോഷം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

