തെരഞ്ഞെടുപ്പിൽ ഇത്തവണ പ്രവാസി പുറത്തുതന്നെ!
text_fieldsമത്ര: വോട്ട് ചെയ്യാന്‍ പോകാന്‍ പറ്റാതെ നിരാശയില്‍ പ്രവാസികള്‍. ഇലക്ഷൻ അടുത്താല്‍ എങ്ങിനെയെങ്കിലും നാട് പിടിച്ച് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാറുള്ള പ്രവാസികളില്‍ നല്ലൊരു ശതമാനവും ഇക്കുറി ഇക്കരെ തന്നെ. യുദ്ധ സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലെ വന്‍തോതിലുള്ള വര്‍ധനവാണ് വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രവാസികളുടെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങായത്. പൊടുന്നനെയുള്ള സർവിസുകളുടെ റദ്ദാക്കലുകളും ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യിപ്പിച്ച് റീഫണ്ട് നല്‍കി പകരം ടിക്കറ്റുകള്‍ക്ക് ഇരട്ടിക്കിരട്ടി ചാർജ് ഇടാക്കും വിധം കഴുത്തറുപ്പന്‍ ടിക്കറ്റ് നിരക്കുമൊക്കെയാണ് പശ്ചിമേഷ്യന്‍ യുദ്ധാവസരത്തില്‍ വിമാനക്കമ്പനികളുടെ ക്രൂര വിനോദങ്ങള്‍.
ഇത്തവണത്തെ ഇലക്ഷൻ ശ്രദ്ധേയമാകുന്നത് പുതിയ എസ്.ഐആര്‍ നടപടികള്‍ക്കുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് എന്നതുകൊണ്ടാണ്. എ.സ്.ഐആര്‍ മൂലം പലവിധ ആശങ്കകളും ആധിയും പ്രവാസികളിലാണ് ഏറെ നിലനില്‍ക്കുന്നത് എന്നതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് വരുത്താനും ഐഡി ഉണ്ടാക്കാനും പല രീതിയില്‍ കഷ്ടപ്പെട്ടവരാണ് പ്രവാസികളില്‍ ബഹു ഭൂരിഭാഗവും.
കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രകാരം, ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള ജില്ല കോഴിക്കോട് ആണ്. 60,258 പ്രവാസി വോട്ടുകളാണ് കോഴിക്കോട് ജില്ലയിൽ മാത്രമുള്ളത്. 58,279 പ്രവാസി വോട്ടർമാരുമായി കണ്ണൂർ ജില്ലയാണ് രണ്ടാമത്. നേരത്തെ മലപ്പുറം ജില്ലയായിരുന്നു പലപ്പോഴും മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 41,962 പ്രവാസി വോട്ടർമാരാണ് മൂന്നാമതുള്ള മലപ്പുറത്തുള്ളത്. ഏറ്റവും കുറവ് പ്രവാസി വോട്ടർമാരുള്ള ജില്ല ഇടുക്കി (791 പേർ)യാണ്. കേരളത്തിൽ ആകെ 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഇതിൽ പകുതിയിലധികം പ്രവാസികൾക്കും വോട്ട് ചെയ്യാൻ ഇത്തവണ സാധ്യമാകില്ല എന്നതാണ് വസ്തുത.
നാട്ടിലേക്ക് നിരന്തരം ബന്ധപ്പെട്ട് എസ്.ഐ.ആറിന്‍റെ നൂലാമാലകളുടെ കടമ്പകള്‍ ഒത്തിരി കടന്നാണ് പലരും വോട്ടർപട്ടികയിൽ പേര് ഉറപ്പ് വരുത്തിയത്. ഫോം സിക്സും സെവനുമൊക്കെ വഴി വോട്ട് ഉറപ്പിക്കാന്‍ ഫോണ്‍ കോളിന് തന്നെ പലരും കാശൊരുപാട് ചിലവാക്കിയിട്ടുണ്ട്. എങ്ങിനെ വന്നാലും ഇത്തവണ വോട്ട് ചെയ്യണമെന്ന് വിചാരിച്ചവർക്കാണ് വിമാനം റദ്ദാക്കലും ചാര്‍ജ്ജിലെ വര്‍ധവും പ്രയാസുണ്ടാക്കിയത് എന്ന് മത്രയിലെ വ്യാപാരിയായ അസീസ് കുഞ്ഞിപ്പള്ളി പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും കടുത്ത ബലാബല മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പ്രവാസികളുടെ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. ഫലത്തെ സ്വാധീനിക്കാന്‍ പോകുന്ന തരത്തില്‍ വോട്ടിന് പ്രാധാന്യമേറിയ ഘട്ടത്തിലാണ് സജീവ രാഷ്ട്രീയക്കാരായവര്‍ പോലും പ്രവാസ ലോകത്ത് കുടുങ്ങിയിട്ടുള്ളത്. ഒരുവിധം താങ്ങാവുന്ന നിരക്കാണെങ്കില്‍ നാട്ടിലേക്ക് പറക്കുമായിരുന്നുവെന്നാണ് പല പ്രവാസികളും അടക്കിപ്പിടിച്ച രോഷത്തോടെ ‘ഗള്‍ഫ്മാധ്യമ’ത്തോട് പ്രതികരിച്ചത്.
ഇത് ഒരു തരം ട്രാപ്പാണെന്ന് അഭിപ്രായമുള്ളവരില്‍ യു.ഡി.എഫ് അനുകൂലികളാണ് കൂടുതല്‍. പ്രവാസ ലോകത്ത് ലോക്കായി കിടക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ഞങ്ങളുടെ വോട്ടുകളാണ് കൂടുതല്‍ നഷ്ടമാവുക എന്ന് മത്രയിലെ കെ.എം.സി.സി പ്രവര്‍ത്തകന്‍ റഫീഖ് ചെങ്ങളായി പറയുന്നു.
സാധാരണ തെരഞ്ഞെടുപ്പ് കാലത്തത്തുണ്ടാകാറുള്ള ‘വോട്ട് വിമാനങ്ങൾ’ ഇത്തവണ ഇത്തരം അസാധാരണ സാഹചര്യങ്ങള്‍ കാരണം ഇല്ലെന്നറിയുന്നു. അതേ സമയം പെരുന്നാളിന് മുമ്പ് നാട്ടില്‍ പോയവര്‍ക്ക് ഇതേ കാരണങ്ങളാല്‍ തിരികെ വരാനാകാതെ നാട്ടില്‍ കുടുങ്ങിയത് കൊണ്ട് വോട്ട് ചെയ്യാന്‍ സൗകര്യമൊരുങ്ങുകയും ചെയ്തു.
പ്രവാസികള്‍ക്ക് പ്രവാസ ലോകത്ത് നിന്ന് തന്നെ വോട്ട് ചെയ്യാന്‍ ഇത്രയും കാലമായിട്ടും അവസരമൊരുക്കുന്നില്ല. അതേ സമയംK ഈ വര്‍ഷാരംഭത്തില്‍ നടന്ന ബംഗ്ലാദേശ് ഇലക്ഷനില്‍ ബംഗ്ലാദേശികള്‍ക്ക് പ്രവാസി ലോകത്ത് ഇരുന്ന് തന്നെ ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കി എന്നറിയുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ ദയനീയാവസ്ഥ തുടരുന്നത്.
രാജ്യത്തിന് വന്‍ തോതില്‍ വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസികള്‍ അനാഥരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണോ എന്ന് മത്രയിലെ സാമൂഹിക പ്രവര്‍ത്തകരായ ഫൈസല്‍ ഹാപ്പിലാന്‍റും ഷഫീഖ് എടക്കാടും അഫ്താബും ഒരേ സ്വരത്തില്‍ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

