നാട്ടിൽ നിന്ന് മരുന്നുകൾ കൊണ്ടുവരുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
text_fieldsഒമാനിൽ താമസിക്കുന്ന നിരവധി പ്രവാസികൾ നാട്ടിൽ നിന്ന് മരുന്നുകൾ കൊണ്ടുവരുന്നത് പതിവാണ്. പ്രത്യേകിച്ച് ദീർഘകാല ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, നാട്ടിലെ ഡോക്ടർ നിർദ്ദേശിച്ച ചികിത്സകൾ, അല്ലെങ്കിൽ ഇവിടെ ലഭിക്കാത്ത പ്രത്യേക ബ്രാൻഡുകൾ...
ഇവയെല്ലാം കൊണ്ടുവരാൻ പലരും നാട്ടിലേക്കുള്ള യാത്രകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഈ സാധാരണ പ്രവൃത്തിക്കുപിന്നിൽ കർശനമായ നിയമ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ടെന്ന് പലർക്കും വ്യക്തമായി അറിയില്ല.
ഒമാനിലെ വ്യവസ്ഥ എന്ത്?
ഒമാനിലെ ആരോഗ്യ മന്ത്രാലയം മരുന്നുകളുടെ ഇറക്കുമതി, ഉപയോഗം, കൈവശംവെക്കൽ എന്നിവയെക്കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വ്യക്തിഗത ഉപയോഗത്തിനായി മാത്രമേ മരുന്നുകൾ കൊണ്ടുവരാൻ പാടുള്ളൂ. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധമാണ്. പരമാവധി മൂന്ന് മാസത്തേക്കുള്ള മരുന്നുകൾ മാത്രമാണ് അനുവദനീയം.
ചില മരുന്നുകൾക്ക് (നാർക്കോട്ടിക് / സൈക്കോട്രോപിക് വിഭാഗങ്ങൾ) മുൻകൂട്ടി പ്രത്യേക അനുമതി ആവശ്യമാണ്.
‘ചെറിയ സഹായം’ വലിയ പ്രശ്നമാകുമ്പോൾ
മറ്റൊരാളിന് വേണ്ടി മരുന്നുകൾ കൊണ്ടുവരുന്നത് ചില സാഹചര്യങ്ങളിൽ നിയമലംഘനമായി മാറാൻ സാധ്യതയുണ്ട്. പലരും ബന്ധുക്കൾക്കും സുഹൃത്തുകൾക്കുമായി മരുന്നുകൾ കൊണ്ടുവരാറുണ്ട്. എന്നാൽ, അതിനായി ആ വ്യക്തിയുടെ പേരിലുള്ള പ്രിസ്ക്രിപ്ഷൻ നിർബന്ധമായും ഉണ്ടായിരിക്കണം.
ഇത് ഇല്ലാത്ത സാഹചര്യത്തിൽ, വലിയ അളവിൽ മരുന്നുകൾ കൊണ്ടുവരുന്നത് “വാണിജ്യ ഉദ്ദേശം” ആയി കണക്കാക്കപ്പെടാം. കൂടാതെ, നിയന്ത്രിത മരുന്നുകൾ ആവശ്യമായ അനുമതിയില്ലാതെ കൊണ്ടുവരുന്നത് കുറ്റകരമായ പ്രവൃത്തിയാണ്.
വിമാനത്താവളത്തിലെ നടപടികൾ
ഒമാനിലെ വിമാനത്താവളങ്ങളിൽ പരിശോധനകൾ വളരെ കർശനമാണ്. സംശയാസ്പദമായ മരുന്നുകൾ കണ്ടെത്തിയാൽ അവ ഉടൻ പിടിച്ചെടുക്കുകയും ബന്ധപ്പെട്ട വ്യക്തിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യും.
ഗുരുതരമായ സാഹചര്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് പലർക്കും അനാവശ്യമായ മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
സുരക്ഷിതമായി മരുന്നുകൾ കൊണ്ടുവരാൻ മാർഗങ്ങൾ
- ഡോക്ടറുടെയും ഹോസ്പിറ്റലിന്റെയും സ്റ്റാമ്പ് പതിച്ച പ്രിസ്ക്രിപ്ഷനും രോഗിയുടെ പേരിലുള്ള, ഫാർമസിയിലെ സ്റ്റാമ്പ് പതിച്ച ബില്ലും കൈവശം വെക്കുക
- യഥാർത്ഥ പാക്കിംഗിൽ തന്നെ മരുന്നുകൾ സൂക്ഷിക്കുക
- മൂന്ന് മാസത്തെ ആവശ്യത്തിനുള്ളത് മാത്രം കൊണ്ടുവരിക.
- നിയന്ത്രിത മരുന്നുകൾക്ക് മുൻകൂട്ടി അനുമതി നേടുക
- മറ്റൊരാളിന് വേണ്ടി കൊണ്ടു വരുമ്പോൾ ആവശ്യമായ രേഖകൾ ഉറപ്പാക്കുക
മറ്റുള്ളവർക്കായി മരുന്നുകൾ കൊണ്ടുവരുമ്പോൾ
നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി അനുവദനീയമായ മരുന്നുകൾ, അനുവദിച്ചിട്ടുള്ള അളവിൽ കൊണ്ടുവരാവുന്നതാണ്. എന്നാൽ, അവരുടെ പേരിലുള്ള പ്രിസ്ക്രിപ്ഷനും ബില്ലുകളും കൂടാതെ, രോഗിയുടെ പാസ്പോർട്ട് കോപ്പിയും റെസിഡന്റ് കാർഡ് കോപ്പിയും കൈവശമുണ്ടാകേണ്ടതാണ്.
ലഗേജിലോ ഹാൻഡ്‌ബാഗിലോ?
സാധാരണയായി പലരും മരുന്നുകൾ ചെക്ക് - ഇൻ ലഗേജിൽ വയ്ക്കാറുണ്ട്. “ചെക്കിങ്ങിൽ പിടിക്കപ്പെടില്ല” എന്ന തെറ്റിദ്ധാരണയാണ് ഇതിന് പിന്നിൽ. എന്നാൽ, ആധുനിക പരിശോധനാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇത്തരം വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്തുന്നതാണ്.
ഇത്തരത്തിൽ ലഗേജ് തുറക്കപ്പെടുമ്പോൾ, പരിശോധനകൾക്ക് ശേഷമുള്ള പാക്കിംഗ് ബുദ്ധിമുട്ടിലാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, മരുന്നുകൾ ഹാൻഡ് ബാഗേജിൽ കൊണ്ടുവരുന്നതാണ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും.
നിയമബോധം = സുരക്ഷ
മരുന്നുകൾ ആരോഗ്യത്തിനായുള്ളതാണ്. എന്നാൽ നിലവിലുള്ള വ്യവസ്ഥകൾ പാലിക്കാതെ കൊണ്ടുവരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് പകരം നിയമപ്രശ്നങ്ങൾ സൃഷ്ടിക്കാം. ചെറിയ അശ്രദ്ധ പോലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.
ഒമാനിലെ നിയമങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ മരുന്നുകൾ കൊണ്ടുവരുമ്പോൾ മാത്രമേ സുരക്ഷിതമായ യാത്രയും മനസ്സമാധാനവും ഉറപ്പാക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

