മുഹമ്മദ് ഷാഹിറിനെ അവർ ഓർമിക്കുന്നു; പ്രിയപ്പെട്ട ഫുട്ബാളിലൂടെ...
text_fieldsമുഹമ്മദ് ഷാഹിർf
നിസ്വ: അവർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു മുഹമ്മദ് ഷാഹിർ. ഷാഹിറിന് ഫുട്ബാൾ ജീവനും. അകാലത്തിൽ കളിക്കളത്തിൽ പൊലിഞ്ഞ മലയാളിയായ പ്രിയ താരത്തെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഫുട്ബാളിലൂടെ സ്മരണാഞ്ജലി അർപ്പിക്കുകയാണ് എഫ്.സി നിസ്വ.
2020 മാർച്ചിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിറിന്റെ ഓർമക്കായി എഫ്.സി നിസ്വ ഒരുക്കുന്ന സെവൻസ് ഫുട്ബാൾ മത്സരം ഈമാസം അഞ്ചിന് നടക്കും.
ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് ഷാഹിറിന്റെ കുടുംബ സഹായ ധനശേഖരണവും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നതെന്ന് ക്ലബ് വക്താവ് സവാദ് ഹുസൈൻ പറഞ്ഞു.
നിസ്വയിലെ സ്വദേശി സമൂഹത്തിലെയും മലയാളികളുടെയും പ്രിയപ്പെട്ട കളിക്കാരൻ ആയിരുന്നു ഷാഹിർ. പ്രഭാത നമസ്കാരശേഷം കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഗർഭിണിയായിരുന്നു ഭാര്യ ഷിഫാന. ഭാര്യയെ മരണവിവരം അറിയിക്കാതെ നാട്ടിലേക്ക് അയക്കുകയും പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കുകയുമായിരുന്നു.
ഷാഹിറിന് കാണാൻ കഴിയാതെ പോയ ഏക മകളുടെ വിദ്യാഭ്യാസത്തിനും ഷിഫാന ഉൾപ്പെടെയുള്ള കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടിയാണ് നിരവധി പ്രാദേശിക ഒമാൻ ഫുട്ബാൾ ക്ലബുകൾ അണിനിരക്കുന്ന ഷാഹിർ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സവാദ് ഹുസൈൻ പറഞ്ഞു.
251 റിയാലും 5.5 അടി ഉയരമുള്ള ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 151 റിയാലും 4.5 അടി ഉയരമുള്ള ട്രോഫിയും നൽകും.
ജൂലൈ 29ന് ഷാഹിറിന്റെ സ്മരണാർഥം നിസ്വയിലെ സ്വദേശി സമൂഹവും പ്രവാസികളും ചേർന്ന് ചിത്രരചനയും കേക്ക് നിർമാണവും മൈലാഞ്ചിയിടലും ഉൾപ്പെടെയുള്ള കുടുംബസംഗമം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

