ചൂടിന് ശമനമില്ല; ഇന്നുമുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ്
text_fieldsമസ്കത്ത്: രാജ്യത്ത് ശമനമില്ലാതെ ചൂട് തുടരുന്നു. ഏറ്റവും ഉയർന്ന താപനില സുവൈഖിൽ രേഖപ്പെടുത്തി. 45.7 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്തെ താപനില. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. സുവൈഖിന് തൊട്ടുപിന്നാലെ സൂറിൽ 45.6 ഡിഗ്രി സെൽഷ്യസും സുഹാറിൽ 45.5 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെട്ട ചൂട്. ഇതുവരെയും രാജ്യത്തെ ഉയർന്ന താപനിലയുണ്ടായിരുന്നത് സുഹാറിലായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 43 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്.
സീബ്, ഹംറ അൽ ദുരു, അൽ അവാബി, ഫഹൂദ്, ഖൽഹാത്ത്, സമൈ, എന്നിവിടങ്ങളിൽ 43 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. ഇബ്രിയിലും ഉംസമൈമിലും 42 സെൽഷ്യസുമാണ്. ചൂട് രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടക്കുന്നുണ്ട്. അതേസമയം, ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഇന്നുമുതൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാകാനും സുൽത്താനേറ്റിന്റെ എല്ലാ തീരങ്ങളിലും മൂന്ന് മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കി. ചൂട് ഉയരുന്ന സാഹചര്യത്തിൽ പുറത്ത് പണിയിലേർപ്പെടുന്നവർ ജാഗ്രത പാലിക്കേണ്ടതണെന്ന് ആരോഗ്യമേഖലയിലുള്ളവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

