മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കൊടുങ്കാറ്റായി മാറിയേക്കും. അടുത്ത മൂന്നു ദിവസത്തേക്ക് ഒമാൻ തീരത്തെ ചുഴലിക്കാറ്റ് ബാധിക്കില്ലെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. അറബിക്കടലിൽ രൂപംകൊണ്ട കാലാവസ്ഥാ മാറ്റം സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് ശനിയാഴ്ചയാണ് അതോറിറ്റി പുറത്തിറക്കിയത്. തീവ്ര ന്യൂനമർദം ഇതുവരെ കൊടുങ്കാറ്റായി മാറിയിട്ടില്ല. നിലവിൽ ഒമാൻ തീരത്ത് നിന്ന് 1550 കിലോമീറ്റർ അകലെയാണ് ന്യൂനമർദത്തിെൻറ സ്ഥാനം. അറബിക്കടലിൽ തെക്ക്-കിഴക്കൻ ഭാഗത്തായാണ് തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതെന്നാണ് ശനിയാഴ്ചയിലെ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്.
കേന്ദ്ര ഭാഗത്ത് മണിക്കൂറിൽ 31 മുതൽ 50 കിലോമീറ്റർ വരെയാണ് കാറ്റിെൻറ വേഗത. പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്കാണ് തീവ്ര ന്യൂനമർദത്തിെൻറ സഞ്ചാരമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പിൽ പറയുന്നു. ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രത്തിെൻറ നേതൃത്വത്തിൽ കാലാവസ്ഥാ മാറ്റം നിരീക്ഷിച്ച് വരുകയാണെന്നും പൊതുജനങ്ങൾക്കായി സമയാസമയങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകളും റിപ്പോർട്ടുകളും പുറത്തുവിടുമെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. നാളെ രാവിലെയോടെ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടാനാണിടയെന്ന് അക്യുവെതറിലെ മുതിർന്ന നിരീക്ഷകൻ ജേസൺ നിക്കോൾസും പറഞ്ഞു. കാറ്റിെൻറ സഞ്ചാരഗതി ഒമാൻ, യമൻ ഭാഗങ്ങളിലേക്ക് ആകാനാണ് സാധ്യതയെന്നും ജേസൺ ചൂണ്ടിക്കാട്ടി.