യുവതി ഏഴു ദിവസം കെട്ടിടത്തിനടിയിൽ; രക്ഷകരായി ഒമാൻ റെസ്ക്യൂ ടീം
text_fieldsതുർക്കിയയിലെ ഭൂകമ്പപ്രദേശങ്ങളിൽ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ
മസ്കത്ത്: തുർക്കിയയിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഏഴുദിവസത്തിനു ശേഷം സ്ത്രീയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീം രക്ഷിച്ചു.
കഴിഞ്ഞദിവസം നടന്ന രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് കുടുങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയശേഷം വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബഹ്റൈൻ റെസ്ക്യൂ ടീമുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം. സേന ഇതിനകം നിരവധി മൃതദേഹങ്ങളും പുറത്തെടുത്തിട്ടുണ്ട്.
തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. സി.ഡി.എ.എയിലെ ഓപറേഷൻസ് ആൻഡ് ട്രെയിനിങ് ഡയറക്ടർ ജനറൽ മുബാറക് ബിൻ സലീം അൽ അറൈമിയാണ് നേതൃത്വം നൽകുന്നത്. ബുധനാഴ്ച അദാനയിൽ എത്തിയ ടീം ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തതിനുശേഷം പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. തുർക്കിയയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഹതയ്യിൽ ആണ് ടീം ക്യാമ്പ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെയാണ് തിരച്ചിലിലും മറ്റും പങ്കാളികളാകുന്നത്.
മറ്റു സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായവും നൽകുന്നുണ്ട്.
തുർക്കിയയിൽ ഭൂകമ്പം നടന്ന ഉടൻതന്നെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പുമായി ആശയവിനിമയം നടത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സേന പൂർണ സജ്ജമാണെന്ന് അറിയിക്കുകയുമായിരുന്നു.
ഒമാനടക്കം വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള കാൽ ലക്ഷത്തോളം ദൗത്യസേനാംഗങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തുള്ളത്.