ഒമാനി റിയാലിന്റെ മൂല്യം 238 രൂപ കടന്നു
text_fieldsമസ്കത്ത്: വിപണിയിൽ ഇന്ത്യൻ രൂപയുടെ വിലയിടിവ് തുടരുന്നതോടെ ഒമാനി റിയാലിന് മൂല്യമേറി. 238 ഇന്ത്യൻ രൂപക്കു മുകളിൽ ഒരു ഒമാനി റിയാലിന്റെ മൂല്യം കടന്നു. വ്യാഴാഴ്ച അമേരിക്കൻ ഡോളറിനെതിരെ 91.99 എന്ന നിരക്കിൽ വരെ ഇന്ത്യൻ രൂപ എത്തി. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്ന് വിദേശ നിക്ഷേപകർ വൻ തോതിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് രൂപക്കുമേലുണ്ടാക്കുന്ന സമ്മർദമാണ് വിലയിടിവിന്റെ പ്രധാന കാരണം. ആഗോള തലത്തിലെ സ്ഥിരതയില്ലായ്മയും രാജ്യങ്ങൾ തമ്മിലുള്ള കലുഷിത സാഹചര്യവും നിക്ഷേപകരെ അവരുടെ നിക്ഷേപങ്ങൾ സ്വർണത്തിലേക്കു മാറ്റാൻ പ്രേരിപ്പിക്കുകയാണ്. വ്യാഴാഴ്ച മാത്രം ഇന്ത്യയിൽ ഒരു പവന് 8000ലധികം രൂപയാണ് കൂടിയത്. ഒമാനിൽ ഇത് 65 റിയാലിന് മുകളിൽ എത്തി.
ഇന്നലെ നടന്ന അമേരിക്കൻ ഫെഡ് യോഗത്തിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. ഉയർന്ന യു.എസ് താരിഫ് അടക്കമുള്ള ആഗോള ഘടകങ്ങൾ നിക്ഷേപകരെ ഡോളർ പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. റിസർവ് ബാങ്കിന്റെ ഡോളർ വിറ്റഴിക്കലും രൂപയെ കാര്യമായി താങ്ങി നിർത്താനായില്ല. ഒരു മാസത്തിനുള്ളിൽ ഇന്ത്യൻ രൂപ രണ്ടു ശതമാനമാണ് വിലയിടിഞ്ഞത്. ഇത് മറ്റു ഏഷ്യൻ കറൻസികളെ അപേക്ഷിച്ചുനോക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണനിരക്ക് കൂടുതലാണ്.
രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഡോളർ വിൽക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ സമ്മർദങ്ങൾ കാരണം ഇടിവ് പൂർണമായും തടയാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ഇറക്കുമതി, കയറ്റുമതിയെക്കാൾ കൂടുതലായതിനാൽ നിലനിൽക്കുന്ന വ്യാപാരക്കമ്മിയും രൂപയെ ദുർബലപ്പെടുത്തുന്നു. അതേസമയം, രൂപക്കെതിരെ റിയാലിന്റെ മൂല്യം വർധിച്ചത് പ്രവാസികൾക്ക് സന്തോഷമേകുന്നതാണ്. മാസാവസാനമായതിനാൽ ലഭിക്കുന്ന ശമ്പളം കുടുതൽ മൂല്യത്തോടെ നാട്ടിലേക്കയക്കാൻ കഴിയും. ഈ വരുന്ന ഞായറാഴ്ച ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ബജറ്റ് രൂപയുടെ ചാഞ്ചാട്ടത്തിന് ഒരു ദിശ നൽകുമെന്ന് സാമ്പത്തിക വിദഗ്ധനായ അഡ്വ. ആർ. മധുസൂദനൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

