'ടൂർ ഓഫ് സലാല'ക്ക് സമാപനം
text_fieldsടൂർ ഓഫ് സലാലയുടെ ഭാഗമായി നടന്ന മത്സരം
മസ്കത്ത്: സലാലക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് നടന്ന ടൂർ ഓഫ് സലാല സൈക്ലിങ് റേസിന്റെ രണ്ടാം പതിപ്പിന് സമാപനമായി. യു.എ.ഇ ടീം ഒന്നാം സ്ഥാനത്തും സൈക്കിൾ കോം ടീം രണ്ടും തായ്ലൻഡ് ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി. ഓവറോൾ വിഭാഗത്തിൽ സെയ്ഫ് അൽ കഅബി (യു.എ.ഇ) ഒന്നാം സ്ഥാനത്തെത്തി 'ഗോൾഡ് ഷർട്ട്' നേടി. യു.എ.ഇ താരങ്ങളായ ജാബിർ അൽ മൻസൂരി, അബ്ദുല്ല അൽ ഹമ്മാദി എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുമെത്തി. 23 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ യു.എ.ഇ താരം അബ്ദുല്ല അൽ ഹമ്മാദിയാണ് ഓവറോൾ ചാമ്പ്യനായത്.
ഒമാൻ റോയൽ ആർമി ടീമിലെ സെയ്ദ് അൽ റഹ്ബി രണ്ടും സലാല ക്ലബിലെ മുഹമ്മദ് അൽ വഹൈബി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അവസാന ദിവസം നടന്ന 116 കിലോമീറ്റർ മത്സരത്തിൽ സലാല ക്ലബിലെ മുഹമ്മദ് അൽ വഹൈബി ഒന്നാം സ്ഥാനം നേടി. തായ്ലൻഡിൽനിന്നുള്ള സൂപ്പർ ഷോക്ക് രണ്ടും സലാല ക്ലബിലെ മുൻതർ അൽ ഹസനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാരവും സാംസ്കാരിക ആകർഷണങ്ങളും ഉയർത്തിക്കാട്ടുകയാണ് ടൂർ ഓഫ് സലാലയിലൂടെ ലക്ഷ്യമിട്ടിരുന്നത്. 11 ടീമുകളെ പ്രതിനിധാനംചെയ്ത് 70 സൈക്ലിങ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. സമാപന ചടങ്ങിൽ ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹ്മദ് ബിൻ മുഹ്സിൻ അൽ ഗസ്സാനി വിജയികളെയും സലാല സൈക്ലിങ് ടൂറിന്റെ രണ്ടാം പതിപ്പിനെ പിന്തുണച്ച സ്ഥാപനങ്ങളെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

