‘വേനൽമഴ’ പെയ്തിറങ്ങി; ആവേശമായി കുട്ടിക്കൂട്ടം
text_fieldsഫ്രണ്ട്സ് ഓഫ് റൂവി കുട്ടികൾക്കായി സംഘടിപ്പിച്ച ‘വേനൽമഴ’ ക്യാമ്പിൽനിന്ന്
മസ്കത്ത്: ഫ്രണ്ട്സ് ഓഫ് റൂവി കുട്ടികൾക്കായി സംഘടിപ്പിച്ച ‘വേനൽമഴ’ഏകദിന സമ്മർ ക്യാമ്പ് മസ്കത്തിലെ കൊടുംവേനലിൽ പുതുമഴയായി പെയ്തിറങ്ങി. വാദി കബീറിലുള്ള ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ നടന്ന ക്യാമ്പ്. ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗസ്സയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും യുദ്ധക്കെടുതികളുടെ ഫലമായി കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ സൂചിപ്പിച്ചു. ഒമാനിലെ പ്രമുഖ നാടക കലാകാരനും ഗായകനുമായ സി.എച്ച്. വേണുഗോപൻ ക്യാമ്പിന് നേതൃത്വം നൽകി. മസ്ക്കത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കളികളും പാട്ടുകളും മറ്റു പ്രവർത്തനങ്ങളുമൊക്കെയായി വ്യത്യസ്തമായ അനുഭവമായിരുന്നു ക്യാമ്പെന്ന് കുട്ടികൾ പറഞ്ഞു.
ഗസ്സയിലെ ദുരിതാവസ്ഥകൾ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ചിത്രങ്ങൾ കുട്ടികൾ ക്യാമ്പിൽ വെച്ചു വരച്ചു തയാറാക്കിയിരുന്നു. ലഹരിക്കെതിരെ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ ‘സേ നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യം മുൻനിർത്തി കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടികൾ വിവിധ ടീമുകളായി തിരിഞ്ഞ് തയാറാക്കി അവതരിപ്പിച്ച ലഘുനാടകങ്ങളോടെയാണ് ക്യാമ്പ് സമാപിച്ചത്. വേനലവധിക്കായി സ്കൂളുകൾ അടക്കുന്ന സമയത്ത് വീട്ടിലിരുന്ന് ടെലിവിഷൻ, മൊബൈൽ തുടങ്ങിയവക്ക് മുന്നിൽ സമയം കൊല്ലുന്ന കുട്ടികൾക്ക് വേണ്ടി ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ച ഫ്രണ്ട്സ് ഓഫ് റൂവി കൂട്ടായ്മക്ക് നന്ദി അറിയിക്കുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
രണ്ടാം തവണയാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും മസ്ക്കത്തിലെ നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിരന്തരമിടപെടുന്ന കൂട്ടായ്മ കുട്ടികൾക്ക് വേണ്ടി ചിത്രരചനാ ക്യാമ്പുകൾ പോലെയുള്ള പരിപാടികളും മുൻകാലങ്ങളിൽ നടത്തിയിട്ടുണ്ടെന്നും ഫ്രണ്ട്സ് ഓഫ് റൂവി പ്രവർത്തകരായ സുബിൻ, വരുൺ, ഹരിദാസ്, സുരേഷ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

