അംബാസഡർമാർ യോഗ്യത പത്രങ്ങൾ സുൽത്താന് കൈമാറി
text_fieldsയു.എ.ഇ അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ മക്തൂം ബിൻ റാഷിദ് അൽ മക്തൂം സുൽത്താന് അംഗീകാര പത്രം കൈമറുന്നു
മസ്കത്ത്: ഒമാനിൽ പുതുതായി ചുമതലയേൽക്കുന്ന മൂന്ന് രാജ്യങ്ങളുടെ അംബാസഡർമാർ തങ്ങളുടെ യോഗ്യത പത്രങ്ങൾ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് സമ്മാനിച്ചു.
അൽ ബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ചൈനയുടെ അംബാസഡർ ലിയു ജിയാൻ, സെനഗലിന്റെ ഇബ്രാഹിമ സെക്ക്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ശൈഖ് മുഹമ്മദ് ബിൻ മക്തൂം ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ് സുൽത്താന് അംഗീകാര പത്രങ്ങൾ കൈമാറിയത്. അംബാസഡർമാർ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകൾ സുൽത്താന് കൈമാറി.
തങ്ങളുടെ രാജ്യങ്ങളുടെയും സുൽത്താനേറ്റിന്റെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ദൗത്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു. പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ മേഖലകളിലും സഹകരണം, പങ്കാളിത്തം, നിക്ഷേപം എന്നിവയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവരുടെ വലിയ താൽപര്യവും എടുത്തുപറഞ്ഞു.
അംബാസഡർമാരെ സ്വാഗതം ചെയ്ത സുൽത്താൻ, അവരുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകൾക്ക് നന്ദി അറിയിച്ചു. അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ വിജയം ആശംസിക്കുകയും ഗവൺമെന്റിൽനിന്നും ജനങ്ങളിൽനിന്നും എല്ലാ പിന്തുണയും സഹായവും ലഭിക്കുമെന്നും അവർക്ക് ഉറപ്പുനൽകി. യോഗ്യതാപത്ര സമർപ്പണ ചടങ്ങിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി, വിദേശകാര്യ മന്ത്രി, ഒമാൻ റോയൽ ഗാർഡിന്റെ മേജർ ജനറൽ കമാൻഡർ, റോയൽ പ്രോട്ടോക്കോൾ ചീഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

