അടുക്കളയിൽനിന്നും പഞ്ചായത്ത് പ്രസിഡന്റായ ഉമ്മയുടെ കഥ
text_fieldsനിയാസ് പുൽപ്പാടൻ, ഗുബ്ര
‘‘ഒരു പഞ്ചായത്ത് മെംബർ എന്നാൽ ഫുൾ ടൈം പൊതുസേവനമാണ്. ഒരു കുട്ടിയുടെ ജനനം, പഠനം, വിവാഹം, ജോലി, മരണം എല്ലാം ആ പ്രദേശത്തെ ജനപ്രതിനിധി അറിഞ്ഞിരിക്കും. ഒരു നാടിന്റെ ദിശ നിർണയിക്കാൻ കഴിയുന്ന ഈ അവസരം എല്ലാ ജനപ്രതിനിധികളും ഉപയോഗപ്പെടുത്തിയാൽ നമ്മുടെ നാടും സ്വർഗമാകും...’’
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2000ൽ നടക്കുമ്പോഴാണ് ആദ്യമായി ഇങ്ങനെയൊരു തെരഞ്ഞെടുപ്പിനെ കുറിച്ച് മനസ്സിൽ പതിയുന്നത്. അന്ന് ഞാൻ വളരെ ചെറുപ്പമാണ്, അഞ്ചാം ക്ലാസ്സിലാണെന്നാണ് എന്റെ ഓർമ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ വാർഡ് സ്ത്രീ സംവരണമായി. ഇന്നത്തെ പോലെ മത്സരിക്കാൻ വനിതകളെ കിട്ടാനില്ലാത്ത കാലം. വലതുപക്ഷവും ഇടതുപക്ഷവും മാറിമാറി ഭരിക്കുന്ന സംസ്ഥാന സർക്കാറിനെപ്പോലെതന്നെ മാറിമാറി വരുന്ന പഞ്ചായത്തായിരുന്നു ഞങ്ങളുടെ കോഡൂർ പഞ്ചായത്ത്. സ്ത്രീ സംവരണമായതുകൊണ്ടുതന്നെ അന്ന് നറുക്ക് വീണത് ഉമ്മക്കായിരുന്നു. സ്ത്രീകൾ വിദ്യാഭ്യാസപരമായി വളരെ പിന്നിൽ നിന്നിരുന്ന കാലത്തും പ്രീഡിഗ്രിയും ഡിഗ്രിയും പാസായ ഞങ്ങളുടെ പഞ്ചായത്തിൽ തന്നെയുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു ഉമ്മ.
ഇടതുപക്ഷം ഭരിച്ചിരുന്ന വാർഡ് പിടിച്ചെടുക്കാൻ യു.ഡി.എഫിന്റെയും എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ എൽ.ഡി.എഫിന്റെയും നേതാക്കൾ വീട്ടിലെത്തി. ലീഗ് അനുഭാവിയായ വല്ല്യുപ്പയുടെ നിർബന്ധത്തിൽ ഉമ്മ അങ്ങനെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി. ഉമ്മയുടെ വീടും ഉപ്പയുടെ വീടും ഒരേ വാർഡിൽ ആയതുകൊണ്ട് തന്നെ ഉമ്മ പുല്ലുപോലെ ജയിച്ചുകയറി. അന്നു ഉമ്മക്ക് ലഭിച്ച ചിഹ്നം കുടയായിരുന്നു. ചെറിയ വിവിധ വർണങ്ങളുള്ള കുട തലയിൽവെച്ച് ആ പ്രായത്തിൽ ഉമ്മക്കുവേണ്ടി വോട്ടുപിടിക്കാൻ നേതാക്കന്മാരുടെ കൂടെയും അണികളുടെ കൂടെയും നടന്നിട്ടുണ്ട്. അങ്ങനെ പഞ്ചായത്ത് ഓഫിസ് പോലും കാണാത്ത ഉമ്മ ഞങ്ങളുടെ പഞ്ചായത്തിന്റെ പ്രഥമ വനിത പഞ്ചായത്ത് പ്രസിഡന്റായി.
ഉമ്മ പഞ്ചായത്ത് പ്രസിഡന്റ് ആയതോടുകൂടി ഞങ്ങളുടെ കഞ്ഞി കുടിയും മുട്ടി എന്നതാണ് സത്യം. പിന്നീട് നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ഉമ്മ മത്സരിക്കുകയും മലപ്പുറം ജില്ല പഞ്ചായത്ത് മെംബറായും ജില്ല പഞ്ചായത്ത് വികസന സമിതി അധ്യക്ഷയായും ജില്ല പഞ്ചായത്ത് പ്രഥമ വനിത വൈസ് പ്രസിഡന്റായും തിളങ്ങി. 20 വർഷം തുടർച്ചയായി ജനപ്രതിനിധിയാകാനും കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയുടെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റാകാനും വെറും ഒരു നാട്ടിൻപുറത്തുകാരിയായ ടീച്ചർ ആയി മാറേണ്ട ഉമ്മ ജില്ല ഭരിക്കുന്ന നിലയിലേക്ക് മാറിയത് അന്ന് ലഭിച്ച ആ പഞ്ചായത്ത് വാർഡ് സീറ്റായിരുന്നു. എല്ലാ തെരഞ്ഞെടുപ്പുകളും ഓരോ അനുഭവങ്ങളാണ്. പലപ്പോഴും ഉമ്മയുടെ കൂടെ തെരഞ്ഞെടുപ്പിന് ഡ്രൈവറായി ഞാനാണ് പോകാറ്. ഓരോ നാട്ടിലെയും സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഇതുപോലൊരു അവസരം വേറെയില്ല. ജില്ലയിലുള്ള ഓരോ നാട്ടിൻപുറങ്ങളിലെയും ജനങ്ങളുടെ സ്നേഹവും ആധിയും, പ്രശ്നങ്ങളും പ്രയാസങ്ങളും എല്ലാം തെരഞ്ഞെടുപ്പ് വേളകളിൽ നമുക്ക് അറിയാൻ സാധിക്കും. ഓരോ നാടിന്റെയും സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത്. ഏറ്റവും ആവേശമേറിയ തെരഞ്ഞെടുപ്പും പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്.
2012 മുതൽ 2018 വരെ മലപ്പുറം ജില്ല ഐ.ടി മിഷൻ കോഓർഡിനേറ്ററായി ജോലി ചെയ്യാൻ അവസരമുണ്ടായപ്പോൾ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടുണ്ട്. ഓരോ നാടും അവിടുത്തെ നാട്ടുകാരും വ്യത്യസ്തരാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വിധി നിർണയിക്കുന്നത് വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളുമാണ്. പാർട്ടിയുടെ സ്ഥാനം അതിനുശേഷമേ വരാറുള്ളൂ. ഒരു പഞ്ചായത്ത് മെംബർ എന്നാൽ ഫുൾ ടൈം പൊതുസേവനമാണ്. ഒരു കുട്ടിയുടെ ജനനം, പഠനം, വിവാഹം, ജോലി, മരണം എല്ലാം ആ പ്രദേശത്തെ ജനപ്രതിനിധി അറിഞ്ഞിരിക്കും. ഒരു നാടിന്റെ ദിശ നിർണയിക്കാൻ കഴിയുന്ന ഈ അവസരം എല്ലാ ജനപ്രതിനിധികളും ഉപയോഗപ്പെടുത്തിയാൽ നമ്മുടെ നാടും സ്വർഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

