ഗാലയിൽ തെളിഞ്ഞ നക്ഷത്രം
text_fieldsഗാല ചർച്ച് കോംപ്ലക്സിലെ നക്ഷത്രം
ക്രിസ്മസ് എത്തുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്നത് ഒരു നക്ഷത്രമാണ്. ഗാല ചർച്ച് കോംപ്ലക്സിൽ ഒരിക്കൽ തിളങ്ങിയ ആ നക്ഷത്രം ഒരു അലങ്കാരം മാത്രമായിരുന്നില്ല; പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നിശ്ശബ്ദ അടയാളമായിരുന്നു. ഇന്നും ആ പ്രകാശം ഓർമകളിൽ മധുരമായി നിലനിൽക്കുന്നു.
“ഓർമയിൽ ഒരു നക്ഷത്രം” എന്ന പേര് കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് 2015ലെ ക്രിസ്മസ് കാലമാണ്. അന്ന് ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക നിലവിൽ വന്നിരുന്നെങ്കിലും സ്വന്തമായി ഒരു പള്ളി ഇല്ലായിരുന്നു. ബോഷ് ഹാൾ പങ്കിടുന്ന കാലം. ക്രിസ്മസ് അടുത്തപ്പോൾ, വേറിട്ട ഒരു ക്രിസ്മസ് നക്ഷത്രം ഉണ്ടാക്കണമെന്നൊരു ആശയം മനസ്സിൽ ഉദിച്ചു.
അന്ന് മിസ്ഫയിൽ ഉണ്ടായിരുന്ന എന്റെ ചെറിയ വർക്ക്ഷോപ്പിൽ, ഈ ആശയം പറഞ്ഞപ്പോൾ നമ്മുടെ വലംകൈ സജി ആദ്യം മുതൽ അവസാനം വരെ പിന്തുണ നൽകി. ഒരു ആശയം തലയിൽ കയറിയാൽ അത് നടപ്പാക്കാതെ എനിക്ക് ഉറക്കമില്ല. ജോലിസമയത്തിന് ശേഷം, രാത്രികളിൽ സ്റ്റീൽ പൈപ്പ് വെൽഡ് ചെയ്ത്, ഏകദേശം ആറു മീറ്റർ ഉയരമുള്ള ഒരു ക്രിസ്മസ് നക്ഷത്രം ഉണ്ടാക്കാൻ സാധിച്ചു.
ഒമാനിൽ അന്നോളം ഉയരമുള്ള ഒരു നക്ഷത്രം അതാദ്യമായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇത്ര വ്യാപകമല്ലായിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രചാരണമില്ലാതിരുന്നെങ്കിലും പത്രങ്ങളിൽ ഫോട്ടോ സഹിതം വാർത്ത വന്നത് ഇന്നും ഓർമയിലുണ്ട്. നക്ഷത്രം സ്ഥാപിക്കാനും അലങ്കരിക്കാനും യൂത്ത് അംഗങ്ങളും അന്നത്തെ വികാരി ജോർജ് വർഗീസ് അച്ചനും കട്ടക്കുനിന്ന് പ്രവർത്തിച്ചത് നന്ദിയോടെ സ്മരിക്കുന്നു.
ഇന്ന് ക്രിസ്മസ് നക്ഷത്രം വീണ്ടും തെളിയുമ്പോൾ, അതിന്റെ പ്രകാശത്തിൽ അന്നത്തെ ആ നക്ഷത്രവും, ഒപ്പം നിന്ന എല്ലാ മുഖങ്ങളും മനസ്സിലേക്ക് മടങ്ങിയെത്തുന്നു.
ചില ഓർമകൾ അസ്തമിക്കില്ല; അവ ഓരോ ക്രിസ്മസിലും നക്ഷത്രങ്ങളായി നമ്മെ തേടിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

