അരങ്ങ് ഉണരുന്നില്ല, ജീവിതവും
text_fieldsറഫീഖ് പറമ്പത്ത്
സോഹാർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നിട്ടും പൊതു സ്റ്റേജ് പരിപാടികൾ ഒന്നും നടക്കാത്തത് കലാകാരന്മാർക്കും സ്റ്റേജ് സൗണ്ട് സിസ്റ്റം ഉടമകൾ, ജോലിക്കാർ തുടങ്ങിയവർക്ക് തിരിച്ചടിയാകുന്നു. കോവിഡ് വ്യാപനത്തിെൻറ ആദ്യം ആൾക്കൂട്ട പരിപാടികൾ നിർത്തലാക്കിയതോടെ സ്റ്റേജ് പരിപാടികൾ തീർത്തും ഉപേക്ഷിച്ചു.
ഹോട്ടലുകളിലെ മിനി ഹാളുകൾ, അമ്പതു മുതൽ നൂറുപേർക്കിരിക്കാവുന്ന ഓഡിറ്റോറിയം തുടങ്ങിയവയിൽ ആദ്യകാലങ്ങളിൽ എല്ലാ ആഴ്ചയും പരിപാടികളായിരുന്നുവെന്ന് ഫലജിലെ ഫുഡ് സ്റ്റുഡിയോ ഹോട്ടൽ ഉടമ പട്ടാമ്പി സ്വദേശി റഷീദ് പറയുന്നു. വ്യത്യസ്ത ഒത്തുചേരലുകൾ നടന്നിരുന്ന ഇതുപോലുള്ള ഹാളുകളിൽ ഇന്ന് ആളുകൾ എത്തുന്നില്ല. 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുവാദം ഉണ്ടെങ്കിലും കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിട്ടും പൊതുപരിപാടിയിലേക്ക് ആളുകൾ താൽപര്യം കാട്ടിത്തുടങ്ങിയിട്ടില്ല. ഉപകരണങ്ങൾ സ്റ്റോറിൽ പൊടിപിടിച്ചു കിടക്കുകയാണെന്ന് സൗണ്ട് സിസ്റ്റം ഒരുക്കുന്ന സോഹാറിലെ പ്രദീപ് പറയുന്നു.
ഇപ്പോൾ എയർകണ്ടീഷൻ സർവിസ് കട നടത്തുകയാണ് ഇയാൾ. സ്കൂളുകളും വ്യാപാര മേഖലകളും തുറക്കുന്നതോടെ പൊതു സ്റ്റേജ് പരിപാടികൾ സജീവമാകുമെന്നാണ് കരുതിയതെന്ന് സൗണ്ട് സിസ്റ്റം നൽകുന്ന തകഴി സ്വദേശി സജീഷ് ജി. ശങ്കർ പറയുന്നു. പൊതു പരിപാടികൾ സജീവമായാലേ ഫോട്ടോഗ്രാഫർമാർക്ക് നിലനിൽപ്പുള്ളൂവെന്നാണ് ഒമാനിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ റിയാസ് വലിയകത്ത് പറയുന്നത്. കളർ നിറഞ്ഞ ജീവിതം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ നിരവധി ആളുകളാണ് കഴിയുന്നത്.