പുണ്യം പൂക്കുന്ന സ്നേഹ സൗഹൃദ തുറകൾ
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഡെക്കനി വിങ് റുവിയിലെ ക്ലോക്ക് ടവറിൽ സംഘടിപ്പിച്ച ഹൈദരാബാദി സമൂഹ ഇഫ്താർ (ഇടത്ത്), ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാളം വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ മീഡിയ വൺ ഒമാൻ റീജ്യനൽ മാനേജർ ഷക്കീൽ ഹസൻ സംസാരിക്കുന്നു (മധ്യത്തിൽ) മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫാമിലി ഇഫ്താർ
ഐ.എം.ഐ സലാല വനിതാ വിഭാഗം സംഘടിപ്പിച്ച ഇഫ്താർ (ഇടത്ത്), പത്തനംതിട്ട സലാല അസോസിയേഷൻ ദോഫാർ മുൻസിപ്പാലിറ്റിയുടെ സദാ ക്യാമ്പിൽ ഒരുക്കിയ ഇഫ്താർ
മസ്കത്ത്: പുണ്യ റമദാനിലെ ആദ്യ പത്തുദിനങ്ങൾ പ്രാർഥനാപൂർവം പിന്നിട്ട് ഒമാൻ രണ്ടാം പത്തിലേക്ക് കടക്കുമ്പോൾ, രാജ്യത്തെ പ്രവാസലോകവും സ്വദേശി സമൂഹവും ഒരുപോലെ ഇഫ്താർ സംഗമങ്ങളുടെ സജീവതയിലാണ്. വേർതിരിവുകളില്ലാതെ സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന ഇഫ്താർ വിരുന്നുകൾ ഒമാന്റെ ഓരോ നഗരകേന്ദ്രങ്ങളിലും ഇടവഴികളിലും ഇപ്പോൾ ദൃശ്യമാണ്. പള്ളികളോടനുബന്ധിച്ചുള്ള ഇഫ്താറുകൾൾ മുതൽ സാംസ്കാരിക കൂട്ടായ്മകളും സൗഹൃദക്കൂട്ടങ്ങളും ഒരുക്കുന്ന വിപുലമായ സംഗമങ്ങൾ വരെ റമദാനിലെ സായാഹ്നങ്ങളെ ധന്യമാക്കുകയാണ്.
ജോലിത്തിരക്കുകൾക്കിടയിലും സുഹൃത്തുക്കളും കുടുംബങ്ങളും ഒത്തുചേരുന്ന നിമിഷങ്ങളാണ് ഇഫ്താറുകൾ സമ്മാനിക്കുന്നത്. ലേബർ ക്യാമ്പുകളിലും മറ്റും സന്നദ്ധ സംഘടനകൾ എത്തിക്കുന്ന ഇഫ്താർ കിറ്റുകൾ സാധാരണ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസമാണ്.
ഒമാനി കഹ്‌വയും ഈത്തപ്പഴവും മുതൽ മലയാളി തനിമയുള്ള വിഭവങ്ങൾ വരെ ഇഫ്താറുകളിൽ നിറയുന്നു.
സോഷ്യൽ ക്ലബ്ബ് മലയാളം വിങ്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാളം വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദാർസൈത്തിലെ ക്ലബ്ബിൽ നടന്ന ഇഫ്താറിൽ അംഗങ്ങളും ക്ഷണിതാക്കളുമടക്കമുള്ളവർ ഒത്തുചേർന്നു.
ഒന്നിച്ചിരുന്നുള്ള ഇഫ്താർ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് സാമൂഹിക സൗഹാർദം ഉറപ്പിക്കുന്നതായി. കൺവീനർ കെ.എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. മീഡിയ വൺ ഒമാൻ റീജ്യനൽ മാനേജർ ഷക്കീൽ ഹസൻ റമദാൻ സന്ദേശം നൽകി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, കായിക വിഭാഗം സെക്രട്ടറി സജിമോൻ ഗോപാല കൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനീഷ് തോമസ് നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഷാൻ ഹരി നേതൃത്വംനൽകി.
ഡെക്കാനി വിങ് ഇഫ്താർ
മസ്കത്ത്: ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും സാമൂഹിക സേവനത്തിന്റെയും മാതൃകയായി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഡെക്കനി വിങ് റുവിയിലെ ക്ലോക്ക് ടവറിൽ ഹൈദരാബാദി സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. സമൂഹത്തിലെ പ്രമുഖർ, കുടുംബങ്ങൾ, മുതിർന്നവർ, യുവാക്കൾ, സന്നദ്ധപ്രവർത്തകർ എന്നിവരടക്കം 5,500ലധികം പേർ പങ്കെടുത്തു.
കഴിഞ്ഞ 25 വർത്തോളമായി സംഘടിപ്പിച്ചു വരുന്ന വാർഷിക ഇഫ്താർ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. ഈ വർഷവും കുടുംബങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
നോമ്പുതുറക്കും നമസ്കാരത്തിനും പിന്നാലെ ആയിരക്കണക്കിന് ഇഫ്താർ ഭക്ഷണപ്പൊതികൾ സന്നദ്ധപ്രവർത്തകർ വിതരണം ചെയ്തു. പരിപാടി വിജയകരമാക്കുന്നതിൽ പങ്കുവഹിച്ച സ്‌പോൺസർമാർക്കും ദാതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും പിന്തുണച്ചവർക്കും ഡെക്കാനി വിംഗ് നന്ദി അറിയിച്ചു. ഒമാനിലെ ഏറ്റവും വലിയ സമൂഹ ഇഫ്താറുകളിൽ ഒന്നായി മാറിയ ഈ പരിപാടി സമാധാനത്തിനും ഐക്യത്തിനുമായി നടത്തിയ പ്രാർത്ഥനകളോടെ സമാപിച്ചു.
മബേല കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫാമിലി ഇഫ്താർ ജന ബാഹുല്യം കൊണ്ട് ശ്രദ്ധ നേടി. മബേല അസ്സഅദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഇഫ്താറിൽ 3500 ഓളം പേർ ഒത്തുചേർന്നു.
മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കളും വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ജാതിമത ഭേദമന്യേ നിരവധി ആളുകൾ സമൂഹ നോമ്പ് തുറയുടെ ഭാഗമായി. സ്ത്രീകളെയും കുട്ടികളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫാമിലി ഗ്രാൻഡ് ഇഫ്താർ സംഗമങ്ങൾ ഒമാനിൽ അപൂർവമാണ്. വനിത വിംഗ് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെ നൂറോളം വളണ്ടിയർമാർ ഇഫ്താർ സംഗമത്തി നേതൃത്വം നൽകി.
ഐ.എം.ഐ സലാല വനിത ഇഫ്താർ
സലാല: ഐ.എം.ഐ സലാല വനിതാ വിഭാഗം വനിതകൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് ഫസ്ന അനസ് റമദാൻ സന്ദേശം നൽകി. ഡോ. നദീജ സലാം, ഡോ. ഹൃദ്യ എസ്. മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി മദീഹ ഹാരിസ് പരിപാടികൾ നിയന്ത്രിച്ചു. സലാലയിലെ വിവിധ സംഘടനാ പ്രതിനിധികൾ ഇഫ്താറിൽ സംബന്ധിച്ചു. റജീന, നിഷ സാബുഖാൻ, ഷമീല ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
ലേബർ ക്യാമ്പിൽ ഇഫ്താറൊരുക്കി പത്തനംതിട്ട അസോ.
സലാല: ദോഫാർ മുൻസിപ്പാലിറ്റിയുടെ സദാ ക്യാമ്പിൽ സ്നേഹത്തിന്റെ ഇഫ്താർ വിരുന്നൊരുക്കി പത്തനംതിട്ട സലാല അസോസിയേഷൻ (പി.എസ്.എ). അഞ്ഞൂറിലധികം തൊഴിലാളികൾ നോമ്പ് തുറയിൽ സംബന്ധിച്ചു. ദോഫാർ മുൻസിപ്പാലിറ്റി ലേബർ ക്യാമ്പ് ഓഫീസർ അലി ഷഹരി, പി.എസ്.എ ഭാരവാഹികളായ ഡോ. മാത്യൂസ്, സുനു ജോൺ എന്നിവർ സംസാരിച്ചു. അൻസാരി തടത്തേൽ, ഡിമ്പിൾ മാത്യു, അനു അജു എക്സിക്യൂട്ടീവ് അംഗങ്ങളും ഇഫ്താറിന് നേതൃത്വം നൽകി.
ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ അൽഖൂദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം (ഇടത്ത്), ഇൻകാസ് ഇബ്ര റീജ്യനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ
മസ്കത്ത്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ അൽഖൂദ് അൽ അസാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
ഒമാനിലെ വിവിധ പ്രവിശ്യകളിലായി പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂർ നിവാസികൾ സകുടുംബം ഇഫ്താറിൽ പങ്കെടുത്തു. കഴിഞ്ഞ നാലു വർഷമായി ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു വരുന്നു. പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂർ നിവാസികളെ സന്നിഗ്ദ ഘട്ടങ്ങളിൽ ചേർത്ത് നിർത്തുന്ന ഈ കൂട്ടായ്മ നിരവധി സാമൂഹ്യ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
ഇഫ്താർ സംഗമത്തിന് കൂട്ടായ്മ പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ്, സെക്രട്ടറി അൻസാർ കുഞ്ഞുമൊയ്‌തീൻ, ട്രഷറർ സുനിൽ കാട്ടകത്ത്, വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാർ, ജോയിൻ്റ് സെക്രട്ടറി ബിജു അയ്യാരിൽ എന്നിവർ നേതൃത്വം നൽകി.
ഇൻകാസ് ഇബ്ര
ഇബ്ര: ഇൻകാസ് ഇബ്ര റീജ്യനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. അലായ അൽ യെസീദി ടർഫ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ ഉൾപ്പടെ സമൂഹത്തിന്റെ നാനാ മേഖലയിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. ചടങ്ങ് സൗഹൃദവും സഹോദര്യവും ശക്തിപ്പെടുത്തുന്നതായി മാറി. മത സൗഹൃദവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇത്തരം കൂട്ടായ്മകൾ പ്രവാസി സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ഇബ്ര ഹോളി ഖുർആൻ സ്റ്റഡി സെന്ററിലെ ശംസുദ്ദീൻ ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. ഇൻകാസ് ഒമാൻ അഡ് ഹോക്ക് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ കോതോട്, കമ്മിറ്റി അംഗങ്ങൾ, റെജി കെ. തോമസ്, നിയാസ് ചെണ്ടയാട്, കൊച്ചുമോൻ ജാഫർ എന്നിവർ മുഖ്യാതിഥികളായി. ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്ത് ആദരം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

