റമദാനിൽ തെളിയുന്ന ആത്മീയ വർണങ്ങൾ
text_fieldsഡോ. റജുലാൽ റഫീഖ്
മസ്കത്ത്: ഒമാനി പാരമ്പര്യത്തെയും റമദാൻ മാസത്തിന്റെ ആത്മീയ ചൈതന്യത്തെയും വരകളിലേക്ക് പകർത്തുകയാണ് മലയാളിയായ ഡോ. റജുലാൽ റഫീഖ്. കലാകാരനും ബിസിനസുകാരനുമായ ഡോ. റജുലാൽ റഫീഖ് റമദാൻ മാസത്തിന്റെ ആത്മീയ ചൈതന്യവും പാരമ്പര്യങ്ങളും ആവിഷ്കരിച്ച് ‘പെൻ-ആൻഡ്-വാഷ്’ ശൈലിയിൽ മനോഹരമായി ഒരുപിടി ചിത്രങ്ങളാണ് ഒരുക്കിയത്.
ഒമാനിലെ റമദാൻ കാലത്തിലെ വിവിധ മുഹൂർത്തങ്ങൾ ഈ ചിത്രങ്ങളിൽ തെളിയുന്നു. ആശയങ്ങളുടെ അധികഭാരമില്ലാതെ ആ ചിത്രങ്ങളോരോന്നും കാഴ്ചക്കാരനോട് ലളിതമായി സംവദിക്കുന്നു. അയൽപക്കങ്ങളെ സുഹൂറിനായി വിളിച്ചുണർത്തുന്ന മുസഹറാത്തി, പ്രാർഥനാനിർഭരമായി തസ്ബീഹ് മാലയിൽ നാമജപം ചെയ്യുന്ന ഒമാനി വയോധിക, നോമ്പു തുറക്കായുള്ള വിഭവങ്ങൾ കല്ലടുപ്പിൽ ചുട്ടെടുക്കുന്ന ഒമാനി ഗ്രാമീണ വനിത, സായാഹ്നത്തിൽ സൊറ പറയുന്നവർ തുടങ്ങി ഒമാനി ജീവിതത്തിൽ കണ്ടറിഞ്ഞ നിമിഷങ്ങളെ വരയിൽ ചാലിക്കുകയാണ് റജുലാൽ.
വിശദാംശങ്ങൾക്കു പകരം മിതമായ നിറങ്ങളും വെളിച്ചത്തിന്റെ ക്രമീകരണവും ഉപയോഗിച്ച് ആത്മീയമായ ഒരു അന്തരീക്ഷമാണ് ചിത്രങ്ങളിലൂടെ സൃഷ്ടിക്കുന്നത്. പ്രാർഥനാനിർഭരമായ നിശബ്ദതയും പങ്കുവെക്കലിന്റെ സന്തോഷവും നിറയുന്ന സമൂഹ ഇഫ്താറിന്റെ ചിത്രം വ്രതശുദ്ധിയുടെ സൗന്ദര്യം പകർത്തുന്നതാണ്. ബിസിനസ് രംഗത്ത് സജീവമായിരിക്കുമ്പോഴും സർഗശേഷി കൈവിടാതെ ചിത്രരചനയും എഴുത്തും തുടരുകയാണ് റജുലാൽ. തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് ആഷിയാനയിൽ റിട്ട. എൻജിനീയർ മുഹമ്മദ് റഫീഖിന്റെയും പരേതയായ റഹീന ബീവിയുടെയും മകനാണ്.
ഒരിക്കൽ കാമറക്കും മൈക്കിനും മുന്നിൽ ജനങ്ങളുമായി സംവദിച്ചിരുന്ന റജുലാൽ, ഇന്ന് തന്റെ ബ്രഷിലൂടെയും ചായക്കൂട്ടിലൂടെയുമാണ് ജീവിതഗന്ധിയായ ഇത്തരം കഥകൾ പറയുന്നത്. വിദ്യാർഥിയായിരിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടു തവണ കാർട്ടൂണിന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പ്രീഡിഗ്രി കാലത്തുതന്നെ ജനയുഗം, കേരള കൗമുദി തുടങ്ങിയവയിൽ കാർട്ടൂണുകൾ വരച്ചു. കേരള കൗമുദിയുടെ വാരാന്തപ്പതിപ്പിൽ ‘ഓർമയിൽ ഒരു യാത്രാമൊഴി’ എന്നപേരിൽ അമ്പതിലേറെ ലക്കങ്ങൾ കോളം കൈകാര്യംചെയ്തു. ഇതിനടെ മൂന്നുവീതം ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മലയാളത്തിലെ വിവിധ ചാനലുകളിൽ പ്രോഗ്രാം അവതാരകനായും പ്രവർത്തിച്ചു. 2010ൽ മസ്കത്തിലെത്തിയ റജുലാൽ ടോസ്റ്റ് മാസ്റ്റർ ക്ലബ് നേതൃസ്ഥാനത്തും പ്രവർത്തിച്ചുവരുന്നു. ഒമാൻ തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഗൾഫിന്റെ സൗകര്യങ്ങളോടൊപ്പം പാരമ്പര്യത്തിന്റെ വിശുദ്ധി നിലനിർത്തുന്ന ഒമാനിലെ ജീവിതത്തിന് ഒരു താളമുണ്ടെന്നും അതാണ് തന്നെ ആകർഷിക്കുന്നതെന്നും റജുലാൽ ‘ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മസ്കത്തിലെ ഗുബ്രയിൽ താമസിക്കുന്ന റജുലാലിന്റെ കുടുംബവും കൂടെയുണ്ട്.
ഭാര്യ: നിൻസ ബീവി. മക്കൾ: ആഷിഖ് റജുലാൽ, അൽ അമീൻ റജുലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

