നക്ഷത്രങ്ങൾ മിന്നിത്തെളിഞ്ഞ ആകാശം
text_fieldshttps://www.madhyamam.com/tags/Christmas
‘‘ജനറേറ്ററിന്റെ കാരുണ്യത്തിൽ പ്രകാശം നിറഞ്ഞുനിൽക്കുന്ന പള്ളിമുറ്റവും സമ്മാനപ്പൊതികൾ കെട്ടിത്തൂക്കിയ ക്രിസ്മസ് ട്രീയും നക്ഷത്രങ്ങൾ മിന്നിത്തെളിഞ്ഞ ആകാശവും എല്ലാം ഇന്നും മനസ്സിൽ തിളക്കം നഷ്ടപ്പെടാത്ത മധുരമുള്ള ഓർമകളായി
തങ്ങിനിൽക്കുന്നു...’’
മഞ്ഞുപെയ്യുന്ന ക്രിസ്മസ് കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ കുളിരുകോരിയിടുന്ന ഒരുപാട് ഓർമകൾ ഓടിയെത്തും. കാലവും പ്രകൃതിയും എല്ലാം അനുഗ്രഹവർഷങ്ങൾ ചൊരിയുന്ന മാസമാണ് ഡിസംബർ. ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള മാങ്കുളം എന്ന കൊച്ചുഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എത്തിനോക്കിയിട്ടില്ലാത്ത (എന്റെ പ്രീഡിഗ്രി പഠനകാലം വരെയും) മാങ്കുളം ടൗണിന്റെ ഹൃദയഭാഗത്ത് ഒരു കുന്നിൻമുകളിലായി തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന സെന്റ് മേരീസ് ചർച്ച് ഇന്നും ഒരു വികാരമാണ്. ഇപ്പോൾ മാങ്കുളം അതിവേഗം വികസിച്ചുവരുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.
എന്റെ കുട്ടിക്കാലത്തെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആണ് ക്രിസ്മസ് കാലം. മഞ്ഞും തണുപ്പും ഒക്കെയുള്ള ഡിസംബർ മാസത്തിൽ ക്രിസ്മസിന് ഒരാഴ്ചമുമ്പേ പുൽക്കൂട് ഒരുക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങും. ഏറ്റവും നല്ല പുൽക്കൂട് ഒരുക്കുന്ന വീട്ടുകാർക്ക് പള്ളിയിൽ നിന്നും സമ്മാനം ഉണ്ടാകും. ചേട്ടന്മാരുടെ സഹായത്തോടെ പുഴക്കക്കരെയുള്ള വനത്തിൽനിന്നും ഈറ്റ (മുള) വെട്ടി കൊണ്ടുവരുന്നതിൽനിന്ന് തുടങ്ങുന്നു തയാറെടുപ്പുകൾ. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് ഈറ്റത്തണ്ട് കീറിയെടുക്കുക എന്നത് ഇന്നും എന്നെ ഓർമിപ്പിക്കാനായി ഇടത്തെ കൈയിലെ ചൂണ്ടുവിരലിൽ നെടുനീളത്തിൽ വാക്കത്തി കൊണ്ടുമുറിഞ്ഞ ഒരു പാടുണ്ട്. ചേട്ടന്മാർ നക്ഷത്രം ഉണ്ടാക്കും. ചാച്ചനിൽ നിന്ന് അത്യാവശ്യത്തിനുള്ള പൈസ എങ്ങനെയെങ്കിലും സംഘടിപ്പിച്ച് (കുട്ടിക്കാലം നല്ല സാമ്പത്തിക ഞെരുക്കമുള്ളതായിരുന്നു) മാങ്കുളത്തുള്ള കടയിൽ പോയി വർണക്കടലാസും പുൽക്കൂട് ഒരുക്കാനുള്ള അത്യാവശ്യം സാധനങ്ങളും പൂത്തിരിയും പടക്കങ്ങളും വാങ്ങി വരുമ്പോൾ തന്നെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിത്തുടങ്ങിയിട്ടുണ്ടാകും.
പെങ്ങളുടെ കൂടെ പോയി പറമ്പിലും വഴിയരികിലും നിന്ന് പുൽക്കൂട്ടിൽ വെക്കാനുള്ള പുല്ല് ശേഖരിക്കും. പിന്നീട് പുൽക്കൂട് തയാറാക്കാനുള്ള പണികൾ തുടങ്ങും. അതിനുള്ളിൽ വെക്കാനുള്ള ആടുകളെയും ആട്ടിടയന്മാരെയും കളിമണ്ണുകൊണ്ട് ഉണ്ടാക്കുക എന്നതാണ് ഭഗീരഥപ്രയത്നം. ഇതൊക്കെ കടയിൽ വാങ്ങാൻ കിട്ടും. പൈസ ഇല്ലാത്തതുകൊണ്ട് കടയിലെ ആ ഭാഗത്തേക്കൊന്നും തിരിഞ്ഞുനോക്കാറില്ല. മണ്ണുകുഴച്ച് ഉണ്ടാക്കും. ആടിനെയൊക്കെ ഉണ്ടാക്കി ഉണ്ണീശോയുടെ അടുത്ത് കൊണ്ട് വെക്കുമ്പോൾ ഉണ്ണീശോ പോലും ഞെട്ടിയിട്ടുണ്ടാകും. പുൽക്കൂടിന് മാർക്കിടാൻ പള്ളിയിൽ നിന്ന് വന്ന ടീമിലുള്ള ഒരു ചേട്ടനെ, ഇതിൽ ആടേത് ആട്ടിടയനേത് എന്ന് ബോധ്യപ്പെടുത്താൻ അതുണ്ടാക്കിയതിനെക്കാൾ കഷ്ടപ്പെടേണ്ടി വന്നു. അത്രക്കുണ്ടായിരുന്നു സാമ്യം.
ചാച്ചന്റെ കൈ പിടിച്ച് ഇരുട്ടിനെ കീറിമുറിക്കുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ പാതിരാ കുർബാനക്കായി ഉരുളൻകല്ലുകൾ നിറഞ്ഞ കൂപ്പുറോഡിലൂടെ നടക്കുമ്പോൾ വല്യചേട്ടനായി എന്നായിരുന്നു ഭാവം. ജനറേറ്ററിന്റെ കാരുണ്യത്തിൽ പ്രകാശം നിറഞ്ഞുനിൽക്കുന്ന പള്ളിമുറ്റവും സമ്മാനപ്പൊതികൾ കെട്ടിത്തൂക്കിയ ക്രിസ്മസ് ട്രീയും നക്ഷത്രങ്ങൾ മിന്നിത്തെളിഞ്ഞ ആകാശവും എല്ലാം ഇന്നും മനസ്സിൽ തിളക്കം നഷ്ടപ്പെടാത്ത മധുരമുള്ള ഓർമകളായി തങ്ങിനിൽക്കുന്നു.
ചാച്ചനും അമ്മയും ഇല്ലാത്ത ആദ്യത്തെ ക്രിസ്മസ് ആണ് ഇത്തവണത്തേത് എന്നത് സന്തോഷത്തിനുമേൽ ദുഃഖത്തിന്റെ നിഴൽ വീഴ്ത്തുന്നു. ആകാശത്തെ നക്ഷത്രങ്ങളായി അവരും ഭൂമിയിലെ ഈ സന്തോഷരാവ് ആസ്വദിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തോടെ ഈ ക്രിസ്മസിനെ വരവേൽക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്മസ്, നവവത്സരാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

