പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം
text_fieldsഒമാൻ ക്രിക്കറ്റ് ടീം
ഫുട്ബാൾ മാത്രം വാഴുന്ന മണ്ണിൽ ക്രിക്കറ്റോ എന്ന് ചോദിച്ചവരായിരുന്നു ഒമാനിൽ ഭൂരിഭാഗവും. വർഷങ്ങൾക്കു മുമ്പ് ഒമാനിൽ ക്രിക്കറ്റ് കളി തുടങ്ങുമ്പോൾ നല്ലൊരു ഗ്രൗണ്ടോ മറ്റ് സൗകര്യമോ ഇല്ലായിരുന്നു. വാദികളിലും ഗല്ലികളിലുമാണ് അന്ന് ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ കളിച്ചിരുന്നത്.
എന്നാൽ ഇച്ഛാശക്തിയുള്ള ഒരു കൂട്ടർ ക്രിക്കറ്റിനെ വളർത്തിയെടുക്കാൻ തന്നെ തീരുമാനിച്ചു. രണ്ടു വർഷം മുമ്പ് അന്തരിച്ച ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവർ എന്ന് വിശേഷിപ്പിച്ചിരുന്ന ശൈഖ് കനക് സി. കിംജി ഒമാൻ ക്രിക്കറ്റിന്റെ സാരഥ്യം ഏറ്റെടുക്കുകയും ഇന്ന് രാജ്യത്തിന്റെ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദും മുഖ്യ രക്ഷാധികാരിയായി വരുകയും ചെയ്തതോടെ ഒമാൻ ക്രിക്കറ്റ് പുതിയ തലങ്ങളിലെത്താൻ തുടങ്ങി.
അക്കാലംവരെ അമീറാത് എന്ന് പറഞ്ഞാൽ ഖുറിയാത്തിലേക്കു പോകുന്ന വഴിക്കുള്ള സ്ഥലം എന്ന നിലയിൽനിന്നും ഇന്നത്തെ രീതിയിലേക്ക് മാറുന്നത് ഒമാൻ ക്രിക്കറ്റ് അക്കാദമിയുടെ ഗ്രൗണ്ട് അവിടെ വരുന്നതോടെ ആണ്.
കനക് സി. കിംജിയുടെ മേൽനോട്ടത്തിൽതന്നെ അദ്ദേഹത്തിന്റെ മൂത്ത മകൻ ഒമാൻ ക്രിക്കറ്റിന്റെ സാരഥ്യം ഏറ്റെടുക്കുകയും മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീൽ മുഖ്യ പരിശീലകനായെത്തുകയും ചെയ്തതോടെ ഒമാൻ ക്രിക്കറ്റ് അന്തർദേശീയ വേദികളിലെത്തി തുടങ്ങി. സന്ദീപ് പാട്ടീലിൽനിന്നും മുൻ ശ്രീലങ്കൻ ക്യപ്റ്റൻ ദുലീപ് മെൻഡീസ് പരിശീലക സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഒമാൻ ക്രിക്കറ്റിന് പുതിയ വാതായനങ്ങൾ തുറന്നു കിട്ടിയത്.
ഒമാൻ ക്രിക്കറ്റ് കായികമായി മാത്രമല്ല അടിസ്ഥാനപരമായും വാണിജ്യപരമായും മുന്നേറുന്ന കാഴ്ച കൂടിയാണ് ഇക്കാലഘട്ടത്തിൽ കണ്ടത്. ഒട്ടേറെ അന്തർദേശീയ മത്സരങ്ങൾക്ക് ഒമാൻ വേദിയായി. ഈ ലോകകപ്പ് യോഗ്യത മത്സര പരിചയം ഒരു ചൂണ്ടുപലകയാക്കി മുന്നോട്ട് കുതിക്കാൻ ഒമാന് സാധിക്കും. ഒട്ടേറെ ഭാവിവാഗ്ദാനങ്ങളെ സംഭാവന ചെയ്തുകൊണ്ടാണ് ഈ മത്സരങ്ങൾക്ക് കൊടിയിറങ്ങിയത് ഇപ്പോഴത്തെ ടീമിന്റെ ശരാശരി പ്രായം 32 ആണ് എന്നതാണ് പ്രധാനം. എന്നാൽ കൂടുതൽ യുവരക്തങ്ങൾ ഉടൻ ടീമിലേക്കു വരും എന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

