Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദൈമാനിയാത്ത്...

ദൈമാനിയാത്ത് ദ്വീപുകളിൽ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ദൈമാനിയാത്ത് ദ്വീപുകളിൽ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം
cancel
camera_alt

ദൈമാനിയാത്ത് ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കടലിന്റെ അടിത്തട്ടിൽ ഡൈവിങ് വിദഗ്ദർ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്നു

മസ്കത്ത്: ഒമാനിലെ പ്രശസ്തമായ ദൈമാനിയാത്ത് ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ സമുദ്ര പരിസ്ഥിതിയും ജൈവ വൈവിധ്യവും ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായി, പവിഴപ്പുറ്റുകൾ (കൊറൽ റീഫ്) വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി അതോറിറ്റി തുടക്കം കുറിച്ചു. ആഗോള താപനവും സമുദ്ര താപനില വർധിക്കുന്നതും മൂലം ഭീഷണി നേരിടുന്ന അപൂർവ പവിഴപ്പുറ്റുകളെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സുലത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയുടെ പങ്കാളിത്തത്തിൽ ഒമാൻ എൽ.എൻ.ജി കമ്പനിയുടെ പിന്തുണയോടെയാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്.

സമുദ്രജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും സുസ്ഥിരമായ പരിസ്ഥിതി ഉറപ്പാക്കുകയും ചെയ്യുന്നതിന് പദ്ധതി സഹായകരമാകുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. അത്യാധുനികമായ ‘ഡയറക്ട് ഫിക്സേഷൻ’ സാങ്കേതികവിദ്യ ഉപയോഗിച്ച് 600 മുതൽ 1,000 വരെ പവിഴപ്പുറ്റ് ശകലങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത്. സമുദ്രത്തിലെ അപൂർവ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, ഹമൂർ പോലുള്ള വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിന് സഹായകമായ സാഹചര്യം ഒരുക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ദൈമാനിയാത്ത് ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പവിഴപ്പുറ്റുകൾ വെച്ചു പിടിപ്പിക്കുന്ന പദ്ധതി പ്രവർത്തനത്തിൽനിന്ന്

പരിശീലനം ലഭിച്ച ഡൈവർമാരടങ്ങുന്ന സംഘം കടലിന്റെ അടിത്തട്ടിലെത്തിയാണ് പവിഴപ്പുറ്റുകൾ സ്ഥാപിക്കുക. വളരെ സൂക്ഷ്മതയോടെ അനുയോജ്യമായ ഇടങ്ങൾ കണ്ടെത്തിയാണ് പവിഴപ്പുറ്റുകളുടെ പുതിയ ആവാസവ്യവസ്ഥ ക്രമീകരിക്കുക. നട്ടുപിടിപ്പിച്ച പവിഴപ്പുറ്റുകളുടെ വളർച്ചയും അതിജീവന നിരക്കും കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി നിരീക്ഷിക്കും. സമുദ്രത്തിലെ താപനില, ഓക്സിജന്റെ അളവ്, അമ്ലത എന്നിവ പരിശോധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പവിഴപ്പുറ്റുകളുടെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനായി നേരത്തെ തന്നെ ദൈമാനിയാത്ത് ദ്വീപുകൾക്ക് സമീപം ഉപയോഗശൂന്യമായ സൈനിക വാഹനങ്ങൾ സമുദ്രത്തിനടിയിൽ നിക്ഷേപിച്ചിരുന്നു. ത്രിഡി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു അണ്ടർവാട്ടർ മ്യൂസിയം കൂടി മേഖലയിൽ ഒരുങ്ങുകയാണ്. ഇത് വിനോദസഞ്ചാരികളെയും ഡൈവിങ് പ്രേമികളെയും ആകർഷിക്കും. പ്രകൃതിദത്ത പവിഴപ്പുറ്റുകൾ കേന്ദ്രീകരിച്ചുള്ള അമിതമായ സന്ദർശകരുടെ എണ്ണം കുറക്കാനും സഹായിക്കും.

കഴിഞ്ഞവർഷം മാത്രം 1.36 ലക്ഷത്തിലധികം സന്ദർശകരാണ് ദൈമാനിയാത്ത് ദ്വീപുകളിൽ എത്തിയത്. സമുദ്ര പരിസ്ഥിതിയുടെ ആരോഗ്യം അളക്കുന്നതിനുള്ള പ്രധാന സൂചികയായിട്ടാണ് അതോറിറ്റി ഈ പവിഴപ്പുറ്റ് പുനരധിവാസ പദ്ധതിയെ കാണുന്നത്. ദൈമാനിയാത്ത് സംരക്ഷിത മേഖലയിലെ പവിഴപ്പുറ്റുകളുടെ വ്യാപനത്തിനൊപ്പം മത്സ്യസമ്പത്ത് ശക്തിപ്പെടുത്താനും പരിസ്ഥിതി ബോധവൽക്കരണം ഉയർത്താനും ഒമാനെ സമുദ്ര ഇക്കോ ടൂറിസം കേന്ദ്രമായി ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIslandOman Newscoral reefs
News Summary - The project to plant coral reefs in Daimaniyat Islands has started
Next Story