കളിമുറ്റങ്ങൾ ഉണരുന്നു ഇനി കളിയാട്ട കാലം
text_fieldsസുഹാർ: കത്തുന്ന ചൂടിന് അൽപം അയവുവന്നുതുടങ്ങിയതോടെ ഒമാനിലെ കളിമുറ്റങ്ങൾ പതിയെ സജീവമായിത്തുടങ്ങി. മൈതാനങ്ങളിലും വിശാലമായ തുറന്ന പ്രദേശങ്ങളിലും ഒഴിഞ്ഞ കോണുകളിലും ടർഫുകളിലും ഇനി പ്രവാസികളുടെ ടൂർണമെന്റ് കാലമാണ്. അടുത്തമാത്തോടെ ചൂടിന് പ്രകടമായ കുറവ് വരുന്നതോടെ കളികളും ടോപ് ഗിയറിലേക്ക് മാറും. ഇപ്പോൾ കഠിന ചൂടില്ലെങ്കിലും തണുത്ത അന്തരീക്ഷത്തിലേക്ക് കാലാവസ്ഥ മാറിയില്ല എന്നതാണ് പ്രയാസം. ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, ബോക്സ് ക്രിക്കറ്റ് തുടങ്ങിയവയിലാണ് ടൂർണമെന്റുകൾ നടക്കുന്നത്.
ക്രിക്കറ്റ് മത്സരം തന്നെയാണ് മുന്നിൽ. സൗഹൃദ മത്സരങ്ങളായിരുന്നു മുൻകാലങ്ങളിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കളിമാറി. ടൂർണമെന്റുകൾ ചെലവേറിയ ഇവന്റുകളായി. വിജയിക്കുന്നവർക്ക് കാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ നല്ല കളിക്കാരൻ, നല്ല ബൗളർ, ഓൾ റൗണ്ടർ എന്നിങ്ങനെ തരംതിരിച്ച് കളിക്കാർക്ക് പരിതോഷികങ്ങൾ ലഭിക്കും. നിശ്ചിത പ്രവേശന ഫീസ് വാങ്ങിയാണ് കളിയിൽ ടീമിനെ എടുക്കുന്നത്. സോഷ്യൽ മീഡിയ കീഴടക്കിയ പരസ്യങ്ങളും പരിചയ സമ്പന്നരെക്കൊണ്ടുള്ള ശബ്ദപരസ്യവും കൊണ്ട് വലിയ ആവേശത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
മുട്ടിപ്പാട്ടും ഫ്ലാഷ് മോബും ഫുഡ് കോർട്ടും പാചക മത്സരവും ഫൺഗെയിമും മറ്റ് ആഘോഷങ്ങളും കോർത്തിണക്കിയാണ് കളി ആരവങ്ങൾ ഉയരുന്നത്. ഗാലറിയെ ഉണർത്താൻ മലബാറിലെ ഫുട്ബാൾ ഗ്രൗണ്ടിൽ ആവേശമായ കമന്ററി അവതാരകരുടെ സേവനവും ലഭ്യമാക്കി വലിയ സംഭവമായാണ് ടൂർണമെന്റുകൾ ഒരുക്കുന്നത്. കമ്പനികളുടെ സ്പോൺസർഷിപ്പിൽ അവരുടെ വക സ്റ്റാളുകളും തട്ടുകട, റസ്റ്റാറന്റ് വിഭവങ്ങൾ, ചായയും കടിയും, ജ്യൂസ് കോർണർ എന്നിങ്ങനെ ഉണ്ടാകും.
വാണിജ്യ സ്ഥാപനങ്ങളുടെ പേരിലും സംഘടന, അസോസിയേഷൻ എന്നിങ്ങനെ രൂപവത്കരിക്കുന്ന ടീമുകളാണ് മറ്റുരക്കുക. ജയം അനിവാര്യമാകുമ്പോൾ ചില ടീമുകൾ പുറത്ത് നിന്ന് കളിക്കാരെ ഇറക്കും. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രവാസികളിക്കാരെ കാശ് നൽകി കൊണ്ടുവന്ന് കളിക്കളത്തിൽ ഇറക്കും.
വിജയിക്കുക എന്നത് വാശിയാണ്. എല്ലാ അവധിദിവസങ്ങളിലും ടൂർണമെന്റുകൾ ഉണ്ടാകും. അഞ്ചോ ആറോ ടീമുകൾ മത്സരിക്കുന്ന ചെറിയ ടൂർണമെന്റുകൾ മുതൽ നാലോ അഞ്ചോ ഗ്രൗണ്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്ന സംഘാടകരും ഉണ്ട്.ലൈവായി കളി കാണിക്കുന്നതുൾപ്പെടെയുള്ള ഒരുക്കങ്ങളാണ് ഇവിടങ്ങളിലെ പല ടൂർണമെന്റും. ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ ഇപ്പോഴത്തെ പുതിയ തരംഗമാണ്. മാസങ്ങൾ നീളുന്ന മത്സരങ്ങളിൽ കളിക്കാരെ ലേലം ചെയ്താണ് ടീമിൽ ഉൾപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

