ഒമാൻ-യു.എ.ഇ കര അതിർത്തി സെപ്റ്റംബർ ഒന്നിന് തുറക്കും
text_fieldsഡോ.സൈഫ് അൽ അബ്രി
മസ്കത്ത്: ഒമാനും യു.എ.ഇക്കുമിടയിലെ കര അതിർത്തി സെപ്റ്റംബർ ഒന്നു മുതൽ തുറക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രി സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം.
ഇതോടൊപ്പം ആർ.ടി.പി.സി.ആർ പരിശോധന ഫലവും ഉണ്ടായിരിക്കണം. ജി.സി.സി പൗരന്മാരെ പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നുണ്ട്.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞിരിക്കണമെന്ന നിബന്ധന മാത്രമാണ് ഉണ്ടാവുക. വ്യാജ സർട്ടിഫിക്കറ്റുകളുമായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലും പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റിലും ക്യു.ആർ കോഡ് നിർബന്ധമാക്കിയതെന്നും ഡോ. അബ്രി പറഞ്ഞു.
മുഴുവൻ സർക്കാർ ജീവനക്കാരും സെപ്റ്റംബർ ഒന്നുമുതൽ ഓഫിസുകളിൽ എത്തണമെന്നും ഡോ.സൈഫ് അൽ അബ്രി അറിയിച്ചു.
വാക്സിൻ സ്വീകരിച്ച ജീവനക്കാർക്ക് മാത്രമാകും ഓഫിസുകളിൽ പ്രവേശനമുണ്ടാവുക. ഇതോടൊപ്പം വിദേശികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമാക്കിയതായി ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രിയും പറഞ്ഞു. ഒക്ടോബർ ഒന്നുമുതൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നതും ആലോചനയിലാണ്. ഈ വിഷയത്തിൽ അടുത്ത സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ഡോ. അബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

