Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ-സൗദി റോഡ്​ ഗതാഗത...

ഒമാൻ-സൗദി റോഡ്​ ഗതാഗത രംഗത്ത്​ പുതുചരിത്രമാകും

text_fields
bookmark_border
ഒമാൻ-സൗദി റോഡ്​ ഗതാഗത രംഗത്ത്​ പുതുചരിത്രമാകും
cancel
camera_alt

 സൗദിയേയും ഒമാനേയും ബന്ധിപ്പിക്കുന്ന പുതിയ പാത 

മസ്​കത്ത്​: റോഡ്​ എഞ്ചിനീയറിങ്​ രംഗത്തെ വിസ്​മയങ്ങളിൽ ഒന്നായി വിലയിരുത്തുന്ന ഒമാൻ-സൗദി റോഡ്​ ഈ വർഷം അവസാനം തുറക്കുന്നതോടെ ജി.സി.സി കര-ഗതാഗത രംഗത്ത്​ പുതുചരിത്രമാകും.

റോഡ്​ നിർമാണം അന്തിമഘട്ടത്തിലേക്ക്​ കടന്നതായി സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ്​ ഫൈസൽ ബിൻ തുർക്കിയും ഒമാൻ ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി സാലെം മുഹമ്മദ്​ അൽ നുഐമിയും കഴിഞ്ഞ ദിവസമാണ്​ അറിയിച്ചത്​. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യത്തിലോ റോഡ്​ നിർമാണം പൂർത്തിയാകുമെന്ന്​ അണ്ടർ സെക്രട്ടറി അറിയിച്ചു.

റോഡിന്‍റെ നിർമാണം 2014ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ സൗദി ഭാഗത്തെ നിർമാണവുമായി ബന്ധപ്പെട്ട സാ​ങ്കേതിക പ്രശ്​നങ്ങൾ നിമിത്തമാണ്​ പൂർത്തീകരണം നീണ്ടത്​. റോഡ്​ നിർമാണത്തിന്‍റെ പൂർത്തീകരണം സംബന്ധിച്ച്​ നേരത്തേയും റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇതാദ്യമായാണ്​ ഔദ്യോഗിക തലത്തിൽ സ്​ഥിരീകരണം വരുന്നത്​.

സൗദിയുടെ കിഴക്കൻ മേഖലയിലെ ഹറാദ്​ പട്ടണത്തിൽ നിന്ന്​ ആരംഭിച്ച്​ ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടം പിടിച്ച മരുഭൂമിയായ റുബ്ബുൽഖാലിയിലൂടെ കടന്നുപോയി​ ഒമാനിലെത്തുന്ന റോഡിന്​ 740 കിലോമീറ്ററാണ് ദൈർഘ്യം. റുബ്ബുൽഖാലിയിലൂടെയാണ്​ റോഡിന്‍റെ ഏറിയ ഭാഗവും കടന്നുപോകുന്നത്​.

നിലവിൽ യു.എ.ഇ വഴിയാണ്​ ഒമാനിലുള്ളവർ സൗദിയിലേക്ക്​ പോകുന്നത്​. പുതിയ റോഡ്​ വരുന്നതോടെ യാത്രാ സമയത്തിൽ 16 മണിക്കൂറോളം ലാഭിക്കാനാകും. ഇരു രാജ്യങ്ങൾ തമ്മിലുള്ള കച്ചവട, സാമൂഹിക സാംസ്​കാരിക ബന്ധങ്ങളെ കൂടുതൽ ഊഷ്​മളവും സമൃദ്ധവുമാക്കാൻ ഇത്​ ഉപകരിക്കുമെന്നാണ്​ കരുതുന്നത്​. സാഹസികമെന്ന്​ പറയാവുന്ന യാത്രാനുഭവം സമ്മാനിക്കുന്ന രാജ്യാന്തര പാതയാണിത്​. ദിശാസൂചികകളും സ്ഥലഫലകങ്ങളും മറ്റ്​ റോഡ്​ സൈൻ ബോർഡുകളും സ്ഥാപിക്കുന്ന ജോലികളാണ്​ ഇപ്പോൾ നടക്കുന്നത്​. ഉടൻ അതും പൂർത്തിയാകുന്നതോടെ പാത യാത്രക്കാർക്കായി തുറന്നുകൊടുക്കും.

ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്നാണ്​ ഒമാനിലെ റോഡ്​ തുടങ്ങുന്നത്​. ഇതി​ന്‍റെ നിർമാണം 2013ൽ പൂർത്തിയായിരുന്നു. 160 കിലോമീറ്ററാണ്​ ഒമാൻ ഭാഗത്തെ ദൈർഘ്യം. 580 കി.മീ ആണ്​ സൗദിയിലൂടെയുള്ള റോഡിന്‍റെ ദൈർഘ്യം.

സാഹസികരായ മരുഭൂയാത്രക്കാർക്ക്​ പോലും വെല്ലുവിളി നിറഞ്ഞ ഇടമായാണ്​ റുബ്ബുൽഖാലി വിശേഷിപ്പിക്കപ്പെടുന്നത്​. ബ്രിട്ടീഷ്​ യാത്രികൻ വിൽഫ്രഡ്​ തെസീഗറുടെ റുബ്ബുൽ ഖാലി അനുഭങ്ങൾ ഏറെ ത്രസിപ്പിക്കുന്നതാണ്​. ഈ ഭാഗത്തുകൂടിയുള്ള റോഡ്​ നിർമാണം അതീവ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കാറ്റില്‍ ഇടക്കിടെ രൂപം മാറുന്ന മരുഭൂമിയിൽ ഏകദേശം 130 ദശലക്ഷം ഘന അടി മണല്‍ നീക്കം ചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. 26 പിരമിഡുകളുടെ വലുപ്പത്തിന് തുല്യമായ മണലാണ് റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മാറ്റിയതെന്ന് സൗദി ഭാഗത്തെ കരാറുകാരായ ഫാംകോ അറിയിച്ചു. ലോകോത്തര നിർമാണക്കമ്പനികളിലെ 600ൽ അധികം ജോലിക്കാരും യന്ത്രസാമഗ്രികളും കഠിന പ്രയത്​നം നടത്തിയാണ്​ റോഡ്​ പാകപ്പെടുത്തിയത്​.

റുബ്ബുൽ ഖാലിയിലൂടെയുള്ള യാത്ര ത്രസിപ്പിക്കുന്നതും സാഹസികവുമായ അനുഭൂതിയാകും സമ്മാനിക്കുക. അൽഅഹ്​സയിലെ ഹറദ്​ പട്ടണത്തിൽനിന്ന്​ തുടങ്ങി അതിർത്തി ഗ്രാമമായ ബത്​ഹയിലൂടെ ഷൈബ എണ്ണപ്പാടങ്ങൾ പിന്നിട്ടാണ്​ പാത റുബ്ബുൽഖാലിയിലേക്ക്​ കടക്കുന്നത്​.അറബ് ലോകത്തി​െൻറ ഗതാഗത​ ചരിത്രത്തിലെ പുതിയ അധ്യായമായാണ്​ ഈ പാതയെ ഇരു രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omantransportation
News Summary - The Oman-Saudi road will be a milestone in transportation
Next Story