ഒമാനിൽ മൊബൈൽ വരിക്കാരുടെ എണ്ണം 80 ലക്ഷം കടന്നു
text_fieldsമസ്കത്ത്: ഒമാനിൽ ടെലികമ്മ്യൂണിക്കേഷൻ ഉപയോഗത്തിൽ വൻ വർധന രേഖപ്പെടുത്തി. 2025 നവംബർ അവസാനം വരെ മൊത്തം മൊബൈൽ സേവന സബ്സ്ക്രിപ്ഷൻ 9.6 ശതമാനം ഉയർന്ന് 80,09,723 ആയി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രീപെയ്ഡ് മൊബൈൽ സേവനങ്ങളാണ് വിപണിയിൽ ആധിപത്യം തുടരുന്നത്. പ്രീപെയ്ഡ് സബ്സ്ക്രിപ്ഷനുകൾ 51,52,342 ആയി, 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടു ശതമാനം വർധന രേഖപ്പെടുത്തി. പോസ്റ്റ്പെയ്ഡ് സബ്സ്ക്രിപ്ഷനുകളും 1.8 ശതമാനം ഉയർന്ന് 12,68,345 ആയി.
ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), മെഷീൻ-ടു-മെഷീൻ (എംടുഎം) കണക്ഷനുകളിലാണ് ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിലെ സബ്സ്ക്രിപ്ഷനുകൾ 57.5 ശതമാനം ഉയർന്ന് 15,89,036 ആയി. ലോജിസ്റ്റിക്സ്, യൂട്ടിലിറ്റികൾ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ കണക്റ്റഡ് ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചുവരുന്നതാണ് ഇതിന് കാരണം.
ഫിക്സഡ് കമ്മ്യൂണിക്കേഷൻ സേവനങ്ങളിലും സ്ഥിരതയുള്ള വളർച്ച രേഖപ്പെടുത്തി. ഫിക്സഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകൾ വർഷാന്തര അടിസ്ഥാനത്തിൽ മൂന്നു ശതമാനം ഉയർന്ന് 5,97,114 ആയി. ഫൈബർ ശൃംഖലയുടെ വ്യാപനമാണ് ഇതിന് പ്രധാന കാരണം. ഫൈബർ-ടു-ദ-ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനുകൾ 10.8 ശതമാനം വർധിച്ച് 3,54,014 ആയി. ഫിക്സഡ് 5ജി സേവനങ്ങളിൽ ഒരു ശതമാനം മാത്രമാണ് വർധന. അതേസമയം, ഫിക്സഡ് 4ജി സബ്സ്ക്രിപ്ഷനുകൾ 54.5 ശതമാനവും എഡിഎസ്എൽ കണക്ഷനുകൾ 36.1 ശതമാനവും കുറഞ്ഞു. ഉയർന്ന വേഗതയുള്ള ഫൈബർ നെറ്റ്വർക്കുകളിലേക്കുള്ള മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇതിനിടെ, ഫിക്സഡ് ടെലിഫോൺ സബ്സ്ക്രിപ്ഷനുകൾ 4,11,065 ആയി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വർധന രേഖപ്പെടുത്തി. അന്താരാഷ്ട്ര ഇന്റർനെറ്റ് ശേഷിയും ഗണ്യമായി ഉയർന്നു; 2025 നവംബർ അവസാനം വരെ ഇത് 14.8 ശതമാനം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

