മസ്കത്ത്: ഒമാനിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി നൂറിൽ താഴെയായി തുടരുന്നു. 70 പേർക്കാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,28,633 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏഴു മാസത്തെ ഇടവേളക്കുശേഷം രോഗികളുടെ എണ്ണം ആദ്യമായി നൂറിൽ താഴെയെത്തിയത്.
അന്ന് 93 പേർക്കും ബുധനാഴ്ച 54 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ദിവസം ശരാശരി 60 എന്ന തോതിൽ 182 പേർ കോവിഡ് ബാധിതരായി.
174 പേർ കൂടി രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. 1,21,356 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
94.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1497 ആയി.
11 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 85 പേരാണ്ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 34 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.