നീതി നിഷേധിക്കപ്പെട്ട പ്രവാസി സമൂഹം
text_fieldsഇത്രകാലമായിട്ടും ശരിയായ നീതി ലഭിക്കാത്ത നിശബ്ദരായ ഒരു വലിയ സമൂഹം നമ്മുടെ ഇടയില്‍ ഉണ്ട്. പ്രവാസികൾ ! എകദേശം അര നൂറ്റാണ്ടിനു മുമ്പ്, ജീവൻ പണയം വെച്ച് കടല്‍കടന്ന് മറുകരയിലെത്തി പൊള്ളുന്ന മരുഭൂമിയില്‍ അറബിയുടെ വീട് കെട്ടിയും റോഡ് വെട്ടിയും കിട്ടുന്ന നാണയം കൊണ്ട് നാട്ടിലെ തങ്ങളുടെ കുടിലുകളില്‍ മൂന്ന് നേരം പട്ടിണി മാറ്റാന്‍ കര കയറിയ ഒരു കൂട്ടം മനുഷ്യരുടെ ആദ്യ തലമുറ മുതൽ ഇന്നത്തെ തലമുറ രെ നീളുന്ന പ്രവാസ ലോകം.
ഒരാൾ പ്രവാസിയാകുന്നത് പല സാഹചര്യങ്ങളാലാണ്. സ്വന്തം നാട്ടില്‍ തൊഴിൽ സാധ്യതകള്‍ ഇല്ലാതാകുമ്പോള്‍, വീട്ടിലെ ബാധ്യതകള്‍ കൂടുമ്പോള്‍, വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍, സഹോദരിയുടെ വിവാഹം, മാതാപിതാക്കളുടെ മരുന്ന്, മക്കളുടെ വിദ്യാഭ്യാസം.. അങ്ങനെ ആകാശച്ചിറകേറുന്ന ഓരോ മനുഷ്യനും തോളിലേറ്റിയ ലഗേജിനേക്കാള്‍ ഭാരം നെഞ്ചിലേറ്റി യാത്രയായവരാണ്. ഞങ്ങളെപ്പോലെ എന്നെപ്പോലെ മലയാളമണ്ണും വീട്ടിലെ ചോറും മീന്‍ കറിയും നാലു മണിച്ചായയും ഓണവും പെരുന്നാളും ക്രിസ്മസും ഉത്സവവും നേര്‍ച്ചയും കല്യാണ വിരുന്നും സല്‍ക്കാരവും ഇഷ്ടപ്പെടുന്ന വെയിലത്ത് പുഴക്കരയില്‍ ഇരിക്കാനും മഴയത്ത് വീട്ടില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങാനും ഇഷ്ടമുള്ളവരാണ്.
വീട്ടിലുള്ളവർ സന്തുഷ്ടരാകുമ്പോള്‍ ഇതെല്ലാം അവർ മറക്കുന്നു. ഇനി കുടുംബമായി കഴിയുന്നവരോ? ഒതുങ്ങിയ ഒറ്റ മുറികളില്‍ താമസിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഉണ്ട്. ചെലവ് കുറഞ്ഞ നാടുകളില്‍ രണ്ട് പേരും ജോലി ചെയ്ത് കടങ്ങള്‍ ഇല്ലാതെ മാത്രം മുന്നോട്ട് പോകുന്നവരും നാട്ടില്‍ വീട് വെക്കാന്‍ സാധിക്കാത്ത ആളുകളും ഉണ്ട്. ആഴ്ചയില്‍ ഒരു വെള്ളിയാഴ്ച മാത്രം പുറത്ത് മാളുകളിലും മറ്റും പോയി സെല്‍ഫി എടുത്ത് സ്റ്റാറ്റസ് ഇടുന്ന പലരുടെയും ചിരിക്ക് ഒരുപാട് തേങ്ങലുകള്‍ ഉണ്ട്.
വാടക വീട്ടില്‍ കഴിയുന്നവരാണെങ്കിലും പ്രവാസികളുടെ വീട്ടുകാർ ആണെങ്കിൽ നാട്ടിലെ ഒരു ആനുകൂല്യങ്ങള്‍ക്കും അവർ അര്‍ഹരല്ല. മക്കള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് കൂടിയ വരുമാനം ! എന്നാല്‍ ഇതേ പ്രവാസി ലോണെടുത്ത് മക്കളെ പഠിപ്പിക്കാന്‍ ബാങ്കില്‍ ചെന്നാല്‍ ജോലി ചെയ്യുന്നതിന്റെ രേഖകള്‍. നൂറിനും നൂറ്റമ്പത് റിയാലിനും അറബി വീട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് രേഖകള്‍ ഉണ്ടോ? അങ്ങനെ രണ്ട് ഭാഗവും അടയുമ്പോള്‍ മക്കള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാവുന്ന പ്രവാസി. അങ്ങനെ ലോണും കടവും വീടും ബാധ്യതകളും ജോലി ഭാരവും നെഞ്ചിലേറ്റി, തലയിലേറ്റി ഹൃദയാഘാതം സംഭവിച്ചു പൊലിഞ്ഞു പോയ എത്രയോ പ്രവാസി സഹോദരങ്ങളുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയില്‍ ഉത്തരം മുട്ടി സ്വയം അവസാനിപ്പിച്ച മറ്റു പലരും.
സാധാരണക്കാരായ ഭൂരിഭാഗം പ്രവാസികളുടെ വളരെ ചുരുക്കം മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. അങ്ങനെ ഇരുപത് വയസ്സില്‍ തുടങ്ങി സഹോദരിയുടെ കല്യാണം നടത്തി വീട്ടിലെ സകല ബാധ്യതകളും തീര്‍ത്തു ഇടയില്‍ എപ്പോഴോ സ്വയം വിവാഹം കഴിച്ച് കുടുംബമായി മക്കളെ വളര്‍ത്തി പഠിപ്പിച്ച് അവസാനം ഒന്ന് വിശ്രമിക്കാന്‍ നാട്ടിലേക്ക് എത്തുമ്പോള്‍ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്തവരുമുണ്ട്.
നാട്ടിലെ അതിസൂക്ഷ്മ കാര്യങ്ങൾ പോലും പതിയുന്ന കാമറ കണ്ണുകളില്‍ പതിയാതെ പോകുന്ന ഒരു സമൂഹത്തിന്റെ ഉന്നമനത്തിനായി ഇന്ന് അവരില്‍ നിന്ന് തന്നെ പ്രതിനിധികള്‍ ആയി നടത്തുന്ന ഒരുപാട് സംഘടനകള്‍ ഉണ്ട്. ഓരോരുത്തരും കഴിയുന്ന സേവനങ്ങള്‍ വിദേശത്ത് ചെയ്തുകൊടുക്കുന്നുണ്ട്.
പക്ഷേ തിരികെ നാട്ടിലെത്തുന്ന പ്രവാസിക്ക് താങ്ങാകേണ്ടത് അവന്‍ ജനിച്ച മണ്ണാണ്. ഒരാപത്ത് വരുമ്പോള്‍ ഒന്നിച്ചു നില്‍ക്കുന്ന, ഒരാഘോഷം വരുമ്പോള്‍ ഒരുമയുടെ മധുരം കൈ മാറുന്ന പൈതൃകമുള്ള നാടിന്റെ മക്കളായ നാം ഓരോരുത്തരും പ്രവാസിയെയും ചേര്‍ത്തു പിടിക്കണം. പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ തൊഴിലും പ്രതീക്ഷകളും നഷ്ടപ്പെട്ട, അസുഖം കൊണ്ടും പ്രായം കൊണ്ടും പ്രവാസം അവസാനിപ്പിച്ചു വരുന്ന നമ്മുടെ നാടിന്റെ മക്കളെക്കൂ നന്മ മരത്തണലില്‍ കൂടെ ചേക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

