രാത്രി എട്ടുമണി വരെ കടകളിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: പകൽ സമയത്തെ വ്യാപാരവിലക്ക് നീക്കിയ സാഹചര്യത്തിൽ രാത്രി എട്ടുമണി വരെ കടകളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.അതേസമയം 12 വയസ്സുവരെയുള്ള കുട്ടികളെ വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പ്രവേശിപ്പിക്കുന്നതിനുള്ള നിരോധനം തുടരും.
ശനിയാഴ്ച മുതലാണ് പെരുന്നാൾകാല ലോക്ഡൗൺ അവസാനിപ്പിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത്. എന്നാൽ, രാത്രി എട്ടുമണി മുതൽ രാവിലെ നാലുവരെ കടകൾക്ക് അകത്ത് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് സുപ്രീം കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. ഈ സമയത്ത് പാർസൽ, ഹോം ഡെലിവറി സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. പ്രവർത്തന സമയത്ത് ഷോപ്പിങ് മാളുകളിലും റസ്റ്റാറൻറുകൾ, കഫേകൾ, കടകൾ എന്നിവിടങ്ങളിലും 50 ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
ഫുഡ് സ്റ്റോറുകളിൽ ദിവസം മുഴുവൻ ഉപഭോക്താക്കൾക്ക് പ്രവേശിക്കാം. വാഹന റിപ്പയർ കടകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, വാഹനം കഴുകൽ കേന്ദ്രങ്ങൾ എന്നിവയെല്ലാം തുറന്നുപ്രവർത്തിപ്പിക്കാം. ജിമ്മുകൾ, സ്പോർട്സ് ക്ലബുകൾ, പുൽമൈതാനികൾ, കുതിരവണ്ടികൾ എന്നിവയുടെ നിരോധനം പിൻവലിച്ചിട്ടില്ലെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തിലാണ് വിവിധ നിയന്ത്രണങ്ങൾ രോഗനിയന്ത്രണത്തിന് വേണ്ടിയുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചത്. രണ്ടാഴ്ച നിയന്ത്രണങ്ങൾക്കുശേഷം രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് കടകൾക്കും മറ്റും പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

