ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മുനിസിപ്പാലിറ്റി നീക്കിത്തുടങ്ങി
text_fieldsമസ്കത്ത് നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനം മുനിസിപ്പാലിറ്റി നീക്കം ചെയ്യുന്നു
മസ്കത്ത്: നഗരസൗന്ദര്യത്തിനും പാർക്കിങ്ങിനും തടസ്സമായി വഴിയരികിൽ പാർക്ക് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി നീക്കിത്തുടങ്ങി.
അടുത്തിടെയായി നിരവധി വാഹനങ്ങളാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. കോവിഡ് ലോക്ഡൗണും മറ്റ് പ്രതിസന്ധികളും മൂലം കഴിഞ്ഞ 18 മാസത്തിനിടെ രണ്ട് ലക്ഷത്തോളം പേർ രാജ്യം വിട്ടുപോയെന്നാണ് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) കണക്ക്.
ഇതിൽ നല്ലൊരു ശതമാനം ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ചാണ് പോയതെന്നും എൻ.സി.എസ്.ഐയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വാഹനങ്ങൾ വാങ്ങാൻ ആളുകളെ ലഭിക്കാഞ്ഞതാണ് അവ ഉപേക്ഷിച്ചുപോകാൻ പലരെയും പ്രേരിപ്പിച്ചത്. മിക്ക പാർക്കിങ് ഏരിയകളിലും ഇത്തരം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കിടക്കുന്നത് മറ്റ് വാഹന ഉടമകൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം വാഹനങ്ങൾ നീക്കിത്തുടങ്ങിയതെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. 'ദീർഘനാളായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പാർക്കിങിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇത് നഗരസൗന്ദര്യത്തിനും കോട്ടം വരുത്തുന്നുണ്ട്' -മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
വാഹനയുടമകൾക്ക് നോട്ടീസ് നൽകിയശേഷമാണ് നടപടി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പല വാഹനങ്ങളിലും മാസങ്ങൾക്ക് മുമ്പ് മുനിസിപ്പാലിറ്റി പതിപ്പിച്ച നോട്ടീസുകൾ അതേപടി ഇരിപ്പുണ്ടായിരുന്നു. ഗാല, ബോഷർ, മസ്കത്ത്, പഴയ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലും വാഹനങ്ങളുള്ളത്.
ജോലി നഷ്ടപ്പെട്ടത് മൂലം വായ്പ അടക്കാനാകാതെയും മറ്റുമാണ് ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്.
പല തവണ അറിയിപ്പുകൾ നൽകിയിട്ടും പ്രതികരണമില്ലാത്തവരുടെ വാഹനങ്ങളാണ് ഇപ്പോൾ അൽ ആമിറാത്തിലെ യാർഡിലേക്ക് മാറ്റുന്നത്.
ഇവ പിന്നീട് ലേലം ചെയ്യും. വാഹനം ഏത് കണ്ടീഷനിലാണോ അങ്ങനെയാണ് ലേലം ചെയ്യുകയെന്നും തുടർന്നുള്ള പരാതികൾ സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

