സാന്താക്ലോസ് നൽകുന്ന സമ്മാനത്തിന്റെ സന്ദേശം
text_fieldsക്രിസ്മസ് എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന വളരെ മനോഹരമായ ഒരു വ്യക്തിത്വമാണ് സാന്താക്ലോസ്. ആരാണ് സാന്താക്ലോസ്? നിങ്ങൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കണമെന്ന യേശുവിന്റെ വചനം അക്ഷരംപ്രതി ജീവിതത്തിൽ പാലിച്ചയാളാണ് മീറായിലെ ബിഷപ്പായിരുന്ന നിക്കോളാസ്. വളരെ സമ്പന്നമായ കുടുംബത്തിൽ ജനിച്ച നിക്കോളാസിന് തന്റെ മാതാപിതാക്കളെ വളരെ ചെറുപ്പത്തിൽ പകർച്ച വ്യാധി മൂലം മരിച്ചപോയതുകൊണ്ട് നിക്കോളാസിന് ഒത്തിരിയേറെ പിതൃസമ്പത്ത് ലഭിക്കുകയുണ്ടായി. തനിക്ക് ലഭിച്ച സമ്പത്ത് മുഴുവനും രോഗികൾക്കും പാവപ്പെട്ടവർക്കും പീഡിതർക്കും ആലംബഹീനർക്കും വേണ്ടി ചെലവഴിക്കുകയാണ് നിക്കോളാസ് ചെയ്തത്.
അതിനുശേഷം വൈദിക പരിശീലനത്തിനായി ചേർന്ന് വൈദികനായി, പിന്നീട് മീറായിലെ ബിഷപ്പായി മാറുകയാണ് ചെയ്തത്. നിക്കോളാസ് മെത്രാന്റെ ദാനശീലവും സഹജീവി കാരുണ്യപ്രവൃത്തികളും ആ നാടു മുഴുവൻ പ്രശസ്തമായിരുന്നു. റോമൻ ചക്രവർത്തി ഡയോക്ലിസിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനുവേണ്ടി നിക്കോളാസ് നിലകൊണ്ടു. അതുകൊണ്ടു തന്നെ പിന്നീട് അദ്ദേഹത്തെ അവിടെനിന്ന് നാടുകടത്തുകയും ചെയ്തു. സാന്താക്ലോസായി മാറിയ നിക്കോളാസ് മെത്രാന്റെ ജീവിതത്തിലെ ഒത്തിരിയേറെ ഐതിഹ്യ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതിൽ വളരെ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്:
അക്കാലത്ത് അവിടെ വളരെ ദരിദ്രനായ ഒരു മനുഷ്യനുണ്ടായിരുന്നു. ജീവിക്കാൻ ഒരു ഗതിയുമില്ലാതിരുന്ന ഒരു മനുഷ്യൻ. അയാൾക്ക് മൂന്നു പെൺമക്കളുണ്ടായിരുന്നു. പെൺമക്കളുടെ കല്യാണം നടത്തി നൽകാൻ ഒരു നിവൃത്തിയുമില്ലാതിരുന്ന ദരിദ്രനായ മനുഷ്യൻ. വിവാഹത്തിനുവേണ്ടിയുള്ള എന്തെങ്കിലും നൽകുക എന്നത് അവിടത്തെ നാട്ടുനടപ്പായിരുന്നു. ഇതിന് ഒരു നിവൃത്തിയുമില്ലാത്ത ഈ മനുഷ്യൻ തന്റെ മക്കളെ അടിമകളാക്കി വിൽക്കാനായിട്ട് തീരുമാനിച്ചു. ആ സമയത്താണ് നിക്കോളാസ് മെത്രാൻ അവരെ പറ്റി കേൾക്കുന്നത്. അവരുടെ സാഹചര്യത്തെ കുറിച്ച് കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. നിക്കോളാസ് മെത്രാൻ പല ഭാഗങ്ങളിൽനിന്നായി മൂന്ന് സ്വർണ പണക്കിഴികളുണ്ടാക്കി ഈ പാവപ്പെട്ട മനുഷ്യന്റെ ചിമ്മിനിയിലൂടെ അകത്തേക്കിട്ടു നൽകി. മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിലാണ് ഈ മൂന്ന് കിഴികൾ ഇട്ടുകൊടുക്കുന്നത്. ആദ്യത്തെ പ്രാവശ്യവും രണ്ടാമത്തെ പ്രാവശ്യവും അദ്ദേഹം ഇത് കിഴി ഇട്ടു നൽകുമ്പോൾ അത് ചെന്നുവീഴുന്നത് അടുപ്പിന്റെ അടുത്ത് ഉണക്കാൻ വെച്ചിരുന്ന കാലുറകൾക്ക് ഉള്ളിലാണ്. വീട്ടുകാരാകെ അമ്പരന്നു. എവിടെ നിന്നാണ് ഈ സ്വർണക്കിഴികൾ എന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ ജീവിതം പച്ച പിടിക്കാൻ തുടങ്ങി. അപ്പോഴാണ് മൂന്നാമത്തെ കിഴി നിക്കോളാസ് മെത്രാൻ ഇട്ടു നൽകുന്നത്. ഈ പ്രാവശ്യം അദ്ദേഹത്തെ അവർ പിടികൂടി. പിടികൂടുന്ന സന്ദർഭത്തിൽ അദ്ദേഹം അവരോട് പറയുന്നത്, ഒരു കാരണവശാലും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തരുത് എന്നാണ്. തന്റെ ദാനശീലം ആരും അറിയരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. നമ്മൾ ക്രിസ്മസ് ട്രീയിൽ പലപ്പോഴും കാണുന്ന കാലുറകൾ ഇതിനെ അനുസ്മരിക്കാനായിട്ടാണ്.
പ്രിയമുള്ളവരേ..., നിക്കോളാസ് മെത്രാൻ ക്രിസ്മസിന് നൽകുന്ന മനോഹരമായ സന്ദേശമുണ്ട്. തന്റെ ജീവിതപോലും മറന്ന് ആവശ്യക്കാരെ കണ്ടെത്തി, തനിക്കുള്ളതെല്ലാം വിറ്റ് അവരെ രഹസ്യമായി സഹായിച്ചിരുന്ന അദ്ദേഹം പിന്നീട് വിശുദ്ധനായിത്തീരുന്നുണ്ട്. നമുക്ക് ഏറെ പ്രചോദനം നൽകുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. മഞ്ഞിലൂടെ കലമാനെ പൂട്ടിയ രഥത്തിൽ ചുവന്ന വസത്രങ്ങളണിഞ്ഞ്, ചുവന്ന സഞ്ചി നിറയെ സമ്മാനങ്ങളുമായി, വെളത്ത താടിയും അലിവുള്ള മുഖവുമായെത്തുന്ന സാന്താക്ലോസില്ലാതെ നമുക്കാർക്കും ക്രിസ്മസില്ല. അപരന്റെ ജീവിതത്തിലെ സഹായ ഹസ്തവുമായി ഓടിയെത്തുന്നവരാകുവാൻ നമ്മെ ഓർമിപ്പിക്കുന്നതാണ് ഓരോ ക്രിസ്മസും. അലിവുളള മുഖത്തോടെ, സാന്ത്വനിപ്പിക്കുന്ന വാക്കുകളോടെ അപരന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലുവാനായി നമ്മെ ഉൽബോധിപ്പിക്കുന്ന തിരുനാളാണ് ക്രിസ്മസ്. അപരന്റെ ജീവിതത്തിൽ സനേഹമായി, കാരുണ്യമായി, അലിവായി, നന്മയായി പെയ്തിറങ്ങുവാൻ നമുക്ക് സാധിക്കുമ്പോൾ ക്രിസ്തുവിന്റെ ഈ ഭൂമിയിലെ ജനനത്തിന് കൂടുതൽ തിളക്കവും അർഥവും നൽകുന്ന ക്രിസ്മസായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

