മത്ര കേബിൾ കാർ പദ്ധതി അടുത്തവർഷം പ്രവർത്തനം തുടങ്ങും
text_fieldsനിർമാണം പുരോഗമിക്കുന്ന മത്ര കേബിൾ കാർ പദ്ധതി
മസ്കത്ത്: മത്ര കേബിൾ കാർ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ 71 ശതമാനത്തിലെത്തി. അടുത്തവർഷത്തിന്റെ ആദ്യ പാദത്തിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ ഉപകരണങ്ങളുടെ ഇൻസ്റ്റാലേഷൻ അടുത്തിടെ ആരംഭിച്ചു. സുൽത്താനേറ്റിന്റെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന പ്രധാന കൂട്ടിച്ചേർക്കലാണ് ഈ പദ്ധതി. ചരിത്രത്തെ ആധുനികതയുമായി സംയോജിപ്പിക്കുന്ന പുതിയ ടൂറിസ്റ്റ് ഐക്കണാണിത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മത്രയുടെ സ്ഥാനം വർധിപ്പിക്കുകയും ചെയ്യും.
ടൂറിസം അനുഭവം മെച്ചപ്പെടുത്തൽ, സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കൽ, പ്രവർത്തനപരവും സേവനപരവുമായ കാര്യക്ഷമത മെച്ചപ്പെടുത്തൽ, മത്രയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മത്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ആകാശ സഞ്ചാര യാത്രയാണ് പ്രധാന ആകർഷണം. മത്ര മത്സ്യമാർക്കറ്റിന് സമീപമുള സ്റ്റേഷനിൽ നിന്നാണ് കേബിൾ കാർ സർവിസ് ആരംഭിക്കുക. ഇവിടെനിന്ന് വിനോദ സഞ്ചാരികളെ മലമുകളിലുള്ള രണ്ടാം സ്റ്റേഷനിലേക്ക് കൊണ്ടുപോവും. ഇവിടെ ഇറങ്ങുന്ന സന്ദർശകർക്ക് വിശ്രമിക്കാനും ഫ്ലവർ പാർക്ക് സന്ദർശിക്കാനും കഴിയും. കേബിൾ കാർ സർവീസുകൾക്ക് മൂന്ന് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. മത്ര മത്സ്യ മാർക്കറ്റിന് സമീപമാണ് ഒന്നാം സ്റ്റേഷൻ, റിയാൻ പാർക്കിന് പിന്നിലുള്ള മല മുകളിലായിരിക്കും രണ്ടാം സ്റ്റേഷൻ. ഇവിടെ മത്രയുടെ കടൽതീരം മുഴുവൻ സുന്ദരമായി ദർശിക്കാൻ കഴിയും. ഫ്ലവർ പാർക്കാണ് മുന്നാം സ്റേറ്റഷൻ. സ്റ്റേഷനുകളിൽ നിരവധി സൗകര്യങ്ങളുണ്ടായിരിക്കുമെന്ന് പദ്ധതിയുടെ നിർമാതാക്കൾ പറയുന്നു. സ്റ്റേഷനുകൾ കുടുബങ്ങൾക്ക് പൂർണമായി ഉല്ലസിക്കൻ പറ്റുന്ന രീതിയിലായിരിക്കും സഞ്ചമാക്കുക. പൂന്തോട്ടം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്, എന്നിവയാണ് മലമുകളിലെ സ്റ്റേഷനിൽ ഉണ്ടാവുക. ഫ്ലവർ പാർക്കിൽ റസ്റ്ററന്റുകളും ചെറുകിട ഇടത്തരം സ്ഥാപന ഉൽപന്നങ്ങളുടെ പ്രദർശന ശാലകളും ഉണ്ടാവും.
ചൂട് കാലത്തടക്കം എല്ലാ സമയത്തും വിനോദ സഞ്ചാരികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. എല്ലാ സീസണിലും അനുയോജ്യമായ താപനിലയായിരിക്കും കേബിൾ കാറുകളിൽ ഉണ്ടാവുക. മൂന്ന് സ്റ്റേഷനുകളിലും പിന്നീട് നിരവധി പദ്ധതികൾ നടപ്പിലാക്കും. രണ്ടാം ഘട്ടത്തിൽ മത്സ്യ മാർക്കറ്റിന് സമീപമുള്ള സബീൻ സ്റ്റേഷനിൽ മനോഹരമായ പൂന്തോട്ടം നിർമിക്കും. ഫ്ലവർ പാർക്കിൽ രണ്ടാം ഘട്ടമായി ഡാൻസിങ് ഫൗണ്ടൻ നിർമിക്കും. പർവതമുകളിലെ സ്റ്റേഷനിൽ സ്വിസ് ഭക്ഷ്യ വിഭവങ്ങളുടെ തെരുവ് നിർമിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതായിരിക്കും ഇത്.
സ്വിസ് കമ്പനിയായ ബാർതോലെറ്റാണ് കേബിൾ കാറുകൾ രൂപകൽപന ചെയ്യുന്നത്. കമ്പനിക്ക് ആഗോളാടിസ്ഥാനത്തിൽ 300ലധികം കേബിൾ കാർ പദ്ധതികളുണ്ട്. പോർച്ച്കാറുകൾക്ക് രൂപകൽപന നൽകുന്ന അതേ സ്റ്റുഡിയോയാണ് കേബിൾ കാറുകളുടെ രൂപകൽപന ഏൽപിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ എട്ട് സീറ്റുകളുള്ള കാറുകളാണ് ഉണ്ടായിരിക്കുക. അതോടൊപ്പം നാല് സീറ്റുകളുള്ള വി.ഐ.പി കാറുകളുമുണ്ടാകും. മൊത്തം എട്ട് കാറുകൾ സർവിസ് നടത്തും. കൂടാതെ പ്രത്യേക ആവശ്യങ്ങൾക്കായി രണ്ട് വി.ഐ.പി കാറുകളും ഉണ്ടാവും. രണ്ട് റൂട്ടുകളിലായാണ് സർവീസുകൾ ഉണ്ടാവുക. മത്സ്യമാർക്കറ്റിന് സമീപത്തെ സ്റ്റേഷനിൽ നിന്ന് പർവ്വത മുകളിലെ സ്റ്റേഷനിലേക്കായിരിക്കും ആദ്യത്തെ റൂട്ട്. രണ്ടാമെത്ത റൂട്ട് പർവ്വത മുകളിലെ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഫ്ലവർ പാർക്കിൽ അവസാനിക്കും. ഈ രണ്ട് റൂട്ടുകൾക്കും ഇടയിലെ ഇന്റർചെയിഞ്ച് സ്റ്റേഷനായിരിക്കും പർവ്വത മുകളിലെ സ്റ്റേഷൻ.
പ്രദേശത്ത് ബഹുനില കാർ പാർകിങ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

