മാധവിക്കുട്ടിയുടെ സാഹിത്യവും ജീവിതവും കാലാതീതമായ അനുഭവലോകം- ഹാറൂൺ റഷീദ്
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ അനുസ്മരണ പരിപാടി റൂവിയിലെ കേരള വിഭാഗം ഓഫിസിൽ സംഘടിപ്പിച്ചു. ‘മലയാളത്തിന്റെ മാധവിക്കുട്ടി: കഥയും ജീവിതവും’ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വിഭാഗം കോ-കൺവീനർ ജഗദീഷ് കീരി ആശംസ നേർന്നു.
മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാധവിക്കുട്ടിയുടെ സാഹിത്യ സംഭാവനകളും ജീവിതാനുഭവങ്ങളും വിശകലനം ചെയ്ത പ്രഭാഷണം ശ്രദ്ധേയമായി. സ്ത്രീയുടെ ആത്മാവിഷ്കാരത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പുതിയ ഭാഷ നൽകിയ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടിയെന്ന് ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു.
സാമൂഹിക യാഥാർഥ്യങ്ങളും മനുഷ്യ മനസ്സിന്റെ സങ്കീർണതകളും അതീവ ആർദ്രതയോടെയും ധീരതയോടെയും അവതരിപ്പിച്ച അവരുടെ രചനകൾ മലയാള സാഹിത്യത്തിലെ നാഴികക്കല്ലുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതാനുഭവങ്ങൾ മറയില്ലാതെ എഴുതാനുള്ള ധൈര്യവും സമൂഹത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാനുള്ള മനസ്സുമാണ് മാധവിക്കുട്ടിയെ വ്യത്യസ്തയാക്കുന്നതെന്നും പുതിയ തലമുറ അവരുടെ കൃതികൾ കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒമാനിലെ സാഹിത്യ സ്നേഹികളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. സാഹിത്യവിഭാഗം ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ സ്വാഗതവും കേരള വിഭാഗം ട്രഷറർ സുനിത് തെക്കടവൻ നന്ദി യും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

