നവകേരള പീപ്ള്‍സ് ഫോറം പ്രവർത്തനമാരംഭിച്ചു
text_fieldsനവകേരള പീപ്ള്‍സ് ഫോറം ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: കേരള രാഷ്ട്രീയത്തില്‍ ബദല്‍ സന്ദേശവുമായി പ്രവര്‍ത്തനമാരംഭിച്ച നവകേരള പീപ്ള്‍സ് പാര്‍ട്ടിയുടെ പോഷകവിഭാഗം ഗ്ലോബല്‍ കമ്മിറ്റി നവകേരള പീപ്ള്‍സ് ഫോറം നിലവില്‍വന്നു. സണ്ണി ഫ്രാന്‍സിസ് (ഒമാൻ) പ്രസിഡൻറ്, മുഹമ്മദ് അന്‍വര്‍ ഫുല്ല (ഒമാന്‍) ജനറല്‍ സെക്രട്ടറി, ബെന്നി ഫ്രാന്‍സിസ് (അമേരിക്ക) ട്രഷറര്‍, ഡോ. ജോര്‍ജ് ലെസ്ലി (അയർലൻഡ്) ഔദ്യോഗിക വക്താവ്, ടി.എം ജേക്കബ് (ജര്‍മനി) ജോയൻറ് സെക്രട്ടറി, ജയകുമാര്‍ വള്ളിക്കാവ് (ഒമാൻ) മീഡിയ കണ്‍വീനര്‍ എന്നിവരാണ് പ്രഥമ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികള്‍.
പ്രവാസി സഹകരണത്തോടെ സംസ്ഥാനത്തുടനീളം എല്ലാ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആരംഭിക്കും.ചാവക്കാടിനടുത്ത് ചേറ്റുവയിലാണ് ആദ്യ ഹൈപ്പർമാർക്കറ്റ് തുടങ്ങുക. ഇവിടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കാണ് ഇവിടെ തൊഴില്‍ നല്‍കുക.
നാട്ടില്‍ കുടുങ്ങി ഗള്‍ഫിലേക്ക് തിരിച്ചുവരാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് തദ്മൂര്‍ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ച് സൗജന്യ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കും.പാര്‍ട്ടി അംഗങ്ങള്‍ക്ക് ആരോഗ്യസുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി, സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി എന്നിവ നടപ്പാക്കും.പാര്‍ട്ടിയുടെ പഞ്ചായത്ത്, ജില്ല, സംസ്ഥാന ഭാരവാഹികളില്‍ 60 ശതമാനത്തിലും വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കും. വാര്‍ത്ത സമ്മേളനത്തില്‍ നവകേരള പീപ്ള്‍സ് ഫോറം ഗ്ലോബല്‍ കമ്മിറ്റി പ്രസിഡൻറ് സണ്ണി ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ ഫുല്ല, മീഡിയ കണ്‍വീനര്‍ ജയകുമാര്‍ വള്ളിക്കാവ് എന്നിവര്‍ പങ്കെടുത്തു.
വൈസ് പ്രസിഡൻറും ഔദ്യോഗിക വക്താവുമായ ഡോ. ജോര്‍ജ് ലെസ്ലി അയർലൻഡിൽ നിന്നും അഡ്വക്കറ്റ് റോയ് പുണെയില്‍ നിന്നും ടി.എം ജേക്കബ് ജര്‍മനിയില്‍ നിന്നും ദാസന് ഏങ്ങണ്ടിയൂര്‍ അമേരിക്കയില്‍ നിന്നും ഓണ്‍ലൈനില്‍ തത്സമയം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.