രാജ്യത്തിന്റെയും പൗരന്മാരുടെയും താൽപര്യങ്ങൾക്ക് മുൻഗണന നൽകണം
text_fieldsഅൽ ബറക കൊട്ടാരത്തിൽ മജ്ലിസ് ശൂറ അധ്യക്ഷനും മറ്റ് അംഗങ്ങളുമായി സുൽത്താൻ
കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: രാജ്യത്തിന്റെയും പൗരന്മാരുടെയും താൽപര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും ദേശീയ താൽപര്യങ്ങളുടെ സംരക്ഷണവും പൗരന്മാരുടെ സേവനവും ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ തന്ത്രപരമായ പ്രവർത്തനങ്ങൾക്ക് ദിശ നൽകുന്നതിൽ ശൂറ കൗൺസിൽ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളും നിർദേശങ്ങളും നിർണായകമാണെന്നും സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു.അൽ ബറക്ക കൊട്ടാരത്തിൽ മജ്ലിസ് ശൂറ അധ്യക്ഷനും മറ്റു അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തവെയാണ് സുൽത്താന്റെ പ്രസ്താവന.
യോഗത്തിൽ മജ്ലിസ് ശൂറ കൈവരിച്ച പുരോഗതിയെയും പ്രവർത്തന രീതികളെയും സുൽത്താൻ അഭിനന്ദിച്ചു. സർക്കാറും മജ്ലിസ് ശൂറയും തമ്മിലുള്ള സഹകരണത്തിൽ തൃപ്തി പ്രകടിപ്പിച്ച സുൽത്താൻ, രാജ്യത്തന്റെ പ്രവർത്തനഘടനയിൽ കൗൺസിൽ പങ്കാളിത്തം നിർണായകമാണെന്ന് വ്യക്തമാക്കി.രാജ്യത്തിന്റെ അടിസ്ഥാന നിയമവും ഒമാൻ കൗൺസിൽ നിയമവും മജ്ലിസ് ശൂറക്ക് വിശാല അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാറുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തി, ദേശത്തിന്റെയും പൗരന്മാരുടെയും താൽപര്യങ്ങൾക്ക് പരമാവധി മുൻഗണന നൽകണമെന്ന് സുൽത്താൻ ആവശ്യപ്പെട്ടു.
യോഗത്തിൽ സുൽത്താന്റെ സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹാമിദ് ബിൻ സഈദ് അൽ ഔഫി, മന്ത്രിസഭ കൗൺസിൽ സെക്രട്ടറി ജനറൽ ഷൈഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി, നീതി-നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സഈദി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

