അവധികളും ആഘോഷങ്ങളും കഴിഞ്ഞു; ഇന്ന് മുതൽ സാധാരണ നിലയിലേക്ക്
text_fieldsപെരുന്നാൾ അവധി ആഘോഷിക്കാനായി പാർക്കുകളിൽ എത്തിയ കുട്ടികൾ -വി.കെ. ഷെഫീർ
മസ്കത്ത്: നീണ്ട അവധിക്കു ശേഷം സ്വദേശികളും വിദേശികളും ഞായറാഴ്ച ജോലിത്തിരക്കിലേക്ക് നീങ്ങും. ചെറിയപെരുന്നാളിന് ഈ വർഷം ഒമ്പത് ദിവസത്തെ അവധിയാണ് ലഭിച്ചിരുന്നത്. രണ്ട് വാരാന്ത്യദിനങ്ങൾക്കൂടി ചേർത്തായിരുന്നു ഇത്രയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും നീണ്ട അവധി ലഭിച്ചതിനാൽ ഒമാനിലെ വ്യാപാര മേഖല ഒഴികെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നിരുന്നു. ബാങ്കിങ് മേഖല അടക്കം എല്ലാ പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കും നീണ്ട അവധി ലഭിച്ചത് കാരണം ഒമാൻ മൊത്തം ആലസ്യത്തിലായിരുന്നു.
നീണ്ട അവധിക്ക് അടഞ്ഞുകിടന്ന സ്ഥാപനങ്ങൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കുന്നതോടെ നല്ല തിരക്ക് അനുഭവപ്പെടും. ബാങ്കുകൾ, വിസ, റസിഡന്റ് കാർഡ് എന്നിവ പുതുതായി എടുക്കുകയും പുതുക്കുകയും ചെയ്യുന്ന കേന്ദ്രങ്ങൾ, വാണിജ്യ മന്ത്രാലയം ചേമ്പർ ഓഫ് കൊമേഴ്സ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ആഴ്ചയിൽ നല്ല തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. പലരും വിദേശത്തേക്കായിരുന്നു അവധി ആഘോഷിക്കാൻപോയിരുന്നത്.
ചിലരാകട്ടെ ഒമാനിലെതന്നെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലുമായിരുന്നു തിഞ്ഞെടുത്തിരുന്നത്. പെരുന്നാളിന്റെ ആദ്യമൂന്ന് ദിവസങ്ങളിൽ നല്ല തിരക്കായിരുന്നു ഇത്തരം കേന്ദ്രങ്ങളിൽ അനുഭപ്പെട്ടിരുന്നത്. മത്ര കോർണിഷ്, വാദി ബനിഖാലിദ്, സൂറിലെ വാദിഷാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം സഞ്ചാരികൾ ഒഴുകുകയായിരുന്നു. എന്നാൽ, പിന്നീട് ചൂടുകൂടിത്തുടങ്ങിയതോടെ ബന്ദറുൽ ഖൈറാൻ, വാദിദൈഖ അണക്കെട്ട് , ഖുറം ബീച്ച് തുടങ്ങിയ വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുള്ള സ്ഥലങ്ങളിലേക്കുയിരുന്നു ജനങ്ങൾ എത്തിയിരുന്നത്. മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന ജബൽ അഖ്ദറിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.
ജബൽ അഖ്ദറിൽ ഹോട്ടലുകളും മറ്റും നിറഞ്ഞിരുന്നു. ഇവിടെ റോസാപ്പൂ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഇത് കാണാനും അടുത്തറിയാനുമായി നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ഏക്കർകണക്കിന് സ്ഥലത്ത് റോസാപ്പൂകൾ പൂത്തുനിൽക്കുന്ന കാഴ്ച മനോഹരമായ അനുഭവമാണ് നൽകുന്നതെന്ന് സഞ്ചാരികൾ പറഞ്ഞു. നാട്ടിൽ പോയവരും അവധി ആഘോഷിക്കാൻ മറ്റു രാജ്യങ്ങളിൽ പോയവരും ശനിയാഴ്ച തന്നെ തിരിച്ചെത്തിക്കഴിഞ്ഞു. ഇന്ന് രാവിലെ തിരിച്ചെത്തിയവരും നിരവധിയാണ്. ഇവരെല്ലാം ആലസ്യത്തോടെയാണ് ഇന്ന് തൊഴിൽ സ്ഥാപനങ്ങളിലെത്തുക.
അതിനാൽ ഇതും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും. നീണ്ട അവധിയുടെ ആലസ്യത്തിലായിരിക്കും ഇന്ന് പലരും ജോലി സ്ഥലങ്ങളിൽ എത്തുന്നത്. നീണ്ട അവധിയുണ്ടായിട്ടും ഉയർന്ന വിമാന നിരക്ക് കാരണം നാട്ടിൽ പോവാൻ കഴിയാത്തവരും നിരവധിയാണ്. പെരുന്നാൾ അവധിക്കാലത്ത് വിമാനത്തിൽ സീറ്റ് പോലും കിട്ടാനുണ്ടായിരുന്നില്ല. സാധാരണ നീണ്ട അവധിക്കാലം വരുമ്പോൾ വിദേശ രാജ്യങ്ങളിലേക്ക് നിരവധി പേർ അവധി ആഘോഷിക്കാൻ പോവാറുണ്ട്. ജോർജിയ, അസൈർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ പേർ അവധി ആഘോഷിക്കാൻ പോയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

