ചൂട് കനത്തു; കളിമുറ്റങ്ങളിൽ ഇനി ആരവമൊഴിയും
text_fieldsചൂട് കടുത്തതോടെ പലരും പകൽ സമയത്ത് പുറത്തിറങ്ങാൻ മടിക്കുകയാണ്
മസ്കത്ത്: ചൂട് കനത്തതോടെ ഒമാനിലെ ചെറുതും വലുതുമായ എല്ലാ കളിക്കളങ്ങളിലും ആളൊഴിഞ്ഞു. സ്റ്റേഡിയങ്ങൾക്കും ടർഫുകൾക്കും പുറമെ ചെറിയ കളിക്കളങ്ങളിലും ഇനി കളിക്കാർ എത്താതെയാവും.
കെട്ടിടങ്ങളുടെ പാർക്കിങ്ങുകളും ഒഴിഞ്ഞ സ്ഥലങ്ങളും എന്തിനേറെ വാദികൾപോലും വിവിധ ദേശക്കാരും ഭാഷക്കാരുമായ കായിക പ്രേമികൾ കൈയടക്കി വെച്ചിരിക്കുകയായിരുന്നു.
അന്താരാഷ്ട്ര കളികളായ ഫുട്ബാളിനും ക്രിക്കറ്റിനും വോളിബാളിനും പുറമെ ചില രാജ്യങ്ങളുടെ പ്രാദേശിക കളികളും ഇവിടങ്ങളിൽ അരങ്ങേറിയിരുന്നു. സാധാരണ വൈകുന്നേരങ്ങളിലാണ് ഇത്തരം കളിക്കളങ്ങൾ സജീവമാകുന്നത്. വാരാന്ത്യങ്ങളിലും മറ്റും പ്രഭാത വേളകളിലും ഇത്തരം കളിക്കളങ്ങൾ സജീവമാകാറുണ്ട്.
ഇത്തരം കളികളിൽ പ്രധാനം ക്രിക്കറ്റും ഫുട്ബാളും തന്നെ. ക്രിക്കറ്റിന് സ്വീകാര്യതയുണ്ടെങ്കിലും ഇപ്പോൾ മലയാളികൾക്കിടയിൽ ഫുട്ബാളിന് സ്വീകാര്യത വർധിക്കുകയാണ്. മലയാളികൾക്കിടയിൽ 20ലധികം ഫുട്ബാൾ ക്ലബുകൾ നിലവിലുണ്ട്. ചില കമ്പനികൾക്കും സ്ഥാപാനങ്ങൾക്കും സ്വന്തമായി ടീമുകളുണ്ട്. ഇവയെ ഏകീകരിക്കുന്ന ബോഡിയും നിലവിലുണ്ട്. കൂടാതെ വാദികളിലും പാർക്കിങ്ങുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കളിക്കുന്ന ടീമുകൾ വേറെയും.
ഒക്ടോബർ മുതൽ മേയ് വരെയാണ് ഒമാനിലെ കളിക്കാലം. ഈ കാലയളവിൽ നിരവധി മാച്ചുകളും ടൂർണമെന്റുകളും നടക്കാറുണ്ട്. ക്രിക്കറ്റ് കളിയും കളിയിടങ്ങളും വർധിച്ചിട്ടുണ്ട്. ഒമാനിൽ നിരവധി തുറന്ന സ്ഥലങ്ങളുള്ളതിനാൽ ഇവയിൽ പലതും കളിക്കാർ കൈയടക്കിയിരിക്കുകയാണ്. ക്രിക്കറ്റ് കളി കാര്യമായി നടക്കുന്നത് രാവിലെകളിലാണ് അൽ ഖുവൈറിലെ മന്ത്രാലയം ഏരിയയിലെ പാർക്കിങ്ങുകളിൽ ക്രിക്കറ്റ് കളി നടക്കുന്നതിനാൽ രാവിലെകളിൽ ഇവിടം ശബ്ദ മുഖരിതമാവും.
ഏതായാലും ഇത്തരം എല്ലാ തരം കളികളും വേനൽ കടുത്തതോടെ അപ്രത്യക്ഷമായിരിക്കുകയാണ്. ഇപ്പോൾ വാദികളിൽനിന്നും മറ്റും കളിക്കാരുടെ ആരവം ഉയരുന്നില്ല. കടുത്ത ചൂട് വന്നതോടെ കളിക്കാരും കാണികളും പിന്മാറുകയാണ്. എന്നാൽ സ്റ്റേഡിയങ്ങളിലും മറ്റും രാത്രികാല കളികൾ നടക്കുന്നുണ്ട്. ചൂട് കടുത്തതോടെ പലരും പകൽ സമയത്ത് പുറത്തിറങ്ങാൻ മടിക്കുകയാണ്. ഇപ്പോൾ ചൂട് സന്ധ്യവരെ നീളുന്നതിനാൽ പല ഇടങ്ങളിലും കളികൾ നടക്കുന്നില്ല. ഇത്രയും ചൂടിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ കളിക്കുന്നത് അപകടം വിളിച്ചുവരുത്തലാണ്. കളിക്കളത്തിലിറങ്ങുമ്പോൾ നിർജലീകരണം അടക്കമുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്. കടുത്ത ചൂടിൽ പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരും പറയുന്നത്.
കളിക്കളങ്ങൾ ശൂന്യമായത് ആളൊഴിഞ്ഞ പ്രതീതിയാണുണ്ടാക്കുന്നത്. വൈകുന്നേരങ്ങളിലും മറ്റുമുണ്ടാകുന്ന ടുർണമെന്റുകളും അല്ലാതെയുള്ള കളികളും പൊതുവെ സജീവത പരത്തുന്നതാണ്. എന്നാൽ, കളികൾ നിലച്ചതോടെ ഇത്തരം ഗ്രൗണ്ടുകൾ ഉറക്കം തൂങ്ങുകയാണ്. കടുത്ത വേനൽ ശമിക്കുന്നതും അന്തരീക്ഷം തണുക്കുന്നതും കാത്തിരിക്കുകയാണ് ഇത്തരം കളിക്കളങ്ങളും അതിലേറെ കളിക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

