മധ്യപ്രദേശ് സ്വദേശിയുടെ ഹൃദയം ഇനി ഒമാനിൽ തുടിക്കും
text_fieldsമസ്കത്ത്: ഇന്ത്യയിലെ മധ്യപ്രദേശിൽ മരിച്ചയാളുടെ ഹൃദയം ഇനി ഒമാനി സ്വദേശിയിൽ തുടിക്കും. മധ്യപ്രദേശിലെ ശിവപുരിയിൽ മസ്തിഷ്കമരണം സംഭവിച്ചയാളുടെ അവയവങ്ങൾ കുടുംബം ദാനം ചെയ്തതോടെയാണ് ഒമാനിൽനിന്നുള്ള രോഗിക്ക് പുതുജീവിതം ലഭിച്ചത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വ്യാഴാഴ്ച വിജയകരമയി ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ നടന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാളായിരുന്നു മധ്യപ്രദേശുകാരനായ 48 കാരൻ. ആരോഗ്യം വീണ്ടെുക്കാൻ വൃക്ക മാറ്റിവെക്കുക മാത്രമാണ് ഏക പോംവഴിയെന്നായിരുന്നു ഇദ്ദേഹത്തെ ചികിത്സിച്ച ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ചെയർമാനും മേധാവിയുമായ ഡോ. എ.കെ. ഭല്ല നിർദേശിച്ചിരുന്നത്.
എന്നാൽ, ദാതാക്കളെ കിട്ടാത്തത് വെല്ലുവിളിയായി. ഒടുവിൽ ഇദ്ദേഹത്തിന്റെ 70 വയസ്സുകാരനായ പിതാവ് പ്രായാധിക്യത്തിന്റെ സങ്കീർണതക്കിടയിലും തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ വൃക്കകൊടുക്കാൻ സന്നദ്ധനായി രംഗത്തുവരുകയായിരുന്നു. അങ്ങനെ മാർച്ച് എട്ടിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
എന്നാൽ, പിന്നീട് മാർച്ച് 13ന് 48കാരനായ മകന് മസ്തിഷ്ക മരണം സംഭവിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ചേർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയവും കരളും ദാനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി.
നടപടികൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിൽ, ഒമാനി സ്വദേശിയുടെ അവയവം മാറ്റിവെക്കാനുള്ള ഓപറേഷൻ പ്രക്രിയകൾ ഇതേസമയംതന്നെ ചെന്നൈയിൽ തുടങ്ങിയിരുന്നു. ഹൃദയം ചെന്നൈയിലേക്ക് എത്തിക്കുന്നതിനായി ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിൽനിന്ന് ഇന്ദിരഗാന്ധി ഇൻറർനാഷനൽ എയർപോർട്ടിലേക്ക് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.
എയർപോർട്ടിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ ചെന്നൈയിൽ എത്തിച്ച ഹൃദയം ഒമാനി സ്വദേശിയിൽ വിജയകരമായി മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. 2022 മുതൽ ലിവർ സിറോസിസുമായി മല്ലിടുന്നയാൾക്കാണ് കരൾ മാറ്റിവെച്ചത്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സർ ഗംഗാ റാം ഹോസ്പിറ്റൽ ലിവർ ട്രാൻസ്പ്ലാൻറ് ആൻഡ് ഹെപ്പറ്റോബിലിയറി സർജറി ഡയറക്ടർ ഡോ. ഉഷാസ്ത് ധിർ നേതൃത്വം നൽകി. സങ്കടകരമായ സാഹചര്യങ്ങൾക്കിടയിലും ധീരമായ തീരുമാനത്തിലൂടെ രണ്ട് കുടുംബങ്ങൾക്കാണ് പ്രതീക്ഷയേകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

